| Monday, 8th June 2026, 1:18 pm

ഒരേ രക്തം, വ്യത്യസ്ത ടീമുകള്‍; ഇവര്‍ ലോകകപ്പിലെ അണ്ണന്‍ തമ്പിമാര്‍

ഫസീഹ പി.സി.

2026 ഫിഫ ലോകകപ്പിന് ആരവങ്ങളുയരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയാണ് ടൂര്‍ണമെന്റില്‍ പന്തുരുളുക. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവര്‍ സംയുക്തമായി ആതിഥേയത്വമരുളുന്ന ലോകകപ്പ് ആരാധകര്‍ക്ക് വിരുന്നൊരുക്കുമെന്ന് ഉറപ്പാണ്.

കിരീടമെന്ന ഒറ്റ സ്വപ്നത്തിലേക്ക് 48 ടീമുകളാണ് ഏറ്റുമുട്ടുന്നത്. അതിനാല്‍ തന്നെ ഈ എഡിഷന് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ടീമുകള്‍ മത്സരിക്കുന്ന ലോകകപ്പ് എന്ന ഖ്യാതിയുണ്ട്. ചരിത്ര നേട്ടവുമായി എത്തുന്ന ഈ ലോകകപ്പില്‍ ഒരു അപൂര്‍വ കാഴ്ച്ചയ്ക്ക് കൂടിയും ആരാധകര്‍ സാക്ഷിയാകും.

ലോകകപ്പില്‍ എട്ട് വ്യത്യസ്ത സഹോദര ജോഡികളാണ് കളത്തിലിറങ്ങുന്നത്. അതില്‍ നാല് ജോഡി ഒരേ ടീമിന് വേണ്ടി ബൂട്ടുകെട്ടുമ്പോള്‍ ബാക്കിയുള്ളവര്‍ എതിരാളികളാവും.

ഡിസൈർ ഡുവോയും ഗെല ഡുവോയും.Photo: rclivramento/x.com

ഈ സഹോദര ജോഡിയില്‍ ഒന്ന് ഡുവോ സഹോദരന്മാരാണ്. പി.എസ്.ജി വിങ്ങര്‍ ഡിസൈര്‍ ഡുവോ ഫ്രാന്‍സിന് വേണ്ടി കളത്തിലിറങ്ങുമ്പോള്‍ താരത്തിന്റെ സഹോദരന്‍ ഗെല ഡുവോ ഐവറി കോസ്റ്റിന് വേണ്ടിയാണ് കളിക്കുന്നത്. ഡിസൈര്‍ ഫ്രാന്‍സിനായി ആറ് മത്സരങ്ങളില്‍ കളിച്ച് രണ്ട് ഗോളുകള്‍ നേടിയിട്ടുണ്ട്. ഗെലയാവട്ടെ ടീമിനായി 20 മത്സരങ്ങള്‍ കളിക്കുകയും മൂന്ന് തവണ വല കുലുക്കവും ചെയ്തിട്ടുണ്ട്.

വില്യംസ് സഹോദരങ്ങളായ ഇനാക്കിയും നിക്കോയുമാണ് ഈ ലിസ്റ്റിലെ മറ്റൊരു പ്രമുഖ ജോഡി. അത്ലറ്റിക് ക്ലബ്ബില്‍ ഒരുമിച്ച് കളിക്കുന്ന ഈ സഹോദരങ്ങള്‍ പക്ഷേ ദേശീയ തലത്തില്‍ രണ്ട് ടീമുകളുടെ ജേഴ്‌സിയാണ് അണിയുന്നത്. ഇനാക്കി ഘാനക്ക് വേണ്ടി ബൂട്ടണിയുമ്പോള്‍ നിക്കോ സ്‌പെയ്ന്‍ നിരയിലാണ്.

നിക്കോ വില്യംസും ഇനാക്കി വില്യംസും.

ബ്രോബി സഹോദരങ്ങളും സ്യൂട്ടര്‍ സഹോദരങ്ങളുമാണ് വിവിധ ടീമുകള്‍ക്കായി കളിക്കുന്ന മറ്റ് ജോഡികള്‍. ഡെറിക്ക് ലുക്കസെന്‍ ബ്രോബി ഘാനയെ പ്രതിനിധികരിക്കുമ്പോള്‍ ബ്രയാന്‍ ബ്രോബി നെതര്‍ലാന്‍ഡ്‌സിന് വേണ്ടിയാണ് ലോകകപ്പില്‍ കളിക്കുക. സ്‌കോട്ട്‌ലാന്‍ഡ് നിരയില്‍ ജോണ്‍ സ്യൂട്ടര്‍ പന്ത് തട്ടുമ്പോള്‍ സഹോദരനായ ഹാരി സ്യൂട്ടര്‍ ഓസ്‌ട്രേലിയക്കൊപ്പമാണ്.

ബാക്കി നാല് സഹോദര ജോഡികള്‍ ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്സ്, കേപ്പ് ഡെ വെര്‍ദെ, കുര്‍സാവോ എന്നീ ടീമുകളിലാണ് കളിക്കുന്നത്. ലൂക്കാസ് ഹെര്‍ണാണ്ടസും തിയോ ഹെര്‍ണാണ്ടസുമാണ് ഫ്രാന്‍സ് നിരയില്‍ ഒരുമിച്ച് കളിക്കുന്ന സഹോദരങ്ങള്‍.

ലൂക്കാസ് ഹെർണാണ്ടസും തിയോ ഹെർണാണ്ടസും. Photo: Pulse Sports Uganda/x.com

ക്വിന്റന്‍ ടിംബറും ജൂറിയന്‍ ടിംബറും നെതര്‍ലാന്‍ഡ്സ് വേണ്ടി ബൂട്ടുകെട്ടുമ്പോള്‍ കേപ്പ് ഡെ വെര്‍ദെ നിരയില്‍ ലാരോസ് ഡ്വാര്‍ട്ടെയും ഡുറോയ് ഡുവാര്‍ട്ടെയുമാനുള്ളത്. ലോകകപ്പില്‍ ആദ്യമായി കളിക്കുന്ന കുര്‍സാവോ ലിയാന്‍ഡ്രോ ബകുന – ജൂനിന്‍ ബകുന സഹോദരങ്ങളുമുണ്ട്.

2026 ലോകകപ്പില്‍ കളിക്കുന്ന സഹോദരങ്ങള്‍

1. ഗെല ഡുവോ – ഐവറി കോസ്റ്റ്

ഡിസൈര്‍ ഡുവോ – ഫ്രാന്‍സ്

2. ഇനാക്കി വില്യംസ് – ഘാന

നിക്കോ വില്യംസ് – സ്‌പൈയ്ന്‍

3. ഡെറിക്ക് ലുക്കസെന്‍ ബ്രോബി – ഘാന

ബ്രയാന്‍ ബ്രോബി – നെതര്‍ലാന്‍ഡ്സ്

4. ജോണ്‍ സ്യൂട്ടര്‍ – സ്‌കോട്ട്‌ലാന്‍ഡ്

ഹാരി സ്യൂട്ടര്‍ – ഓസ്‌ട്രേലിയ

5. ലൂക്കാസ് ഹെര്‍ണാണ്ടസ് – ഫ്രാന്‍സ്

തിയോ ഹെര്‍ണാണ്ടസ് – ഫ്രാന്‍സ്

6. ക്വിന്റന്‍ ടിംബര്‍ – നെതര്‍ലാന്‍ഡ്സ്

ജൂറിയന്‍ ടിംബര്‍ – നെതര്‍ലാന്‍ഡ്സ്

7. ലാരോസ് ഡ്വാര്‍ട്ടെ – കേപ്പ് ഡെ വെര്‍ദെ

ഡുറോയ് ഡുവാര്‍ട്ടെ – കേപ്പ് ഡെ വെര്‍ദെ

8. ലിയാന്‍ഡ്രോ ബകുന – കുര്‍സാവോ

ജൂനിന്‍ ബകുന – കുര്‍സാവോ

Content Highlight: Eight sibling pairs playing in FIFA World Cup 2026; Four pairs represent different nations

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more