| Wednesday, 31st December 2025, 1:43 pm

ഇന്‍ഡോറില്‍ നഗരസഭ വിതരണം ചെയ്ത വെള്ളം കുടിച്ച് എട്ട് പേര്‍ മരിച്ചു

നിഷാന. വി.വി

ഇന്‍ഡോര്‍: ഇന്‍ഡോറില്‍ നഗരസഭ വിതരണം ചെയ്ത കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എട്ട് പേര്‍ മരിച്ചു. വയറിളക്കവും ഛര്‍ദിയും കാരണം ചികിത്സയില്‍ കഴിയവെയാണ് മരണം.

ഭഗീരത്പൂര്‍ പ്രദേശത്താണ് തിങ്കളാഴ്ച്ച രാത്രിയില്‍ മലിനമായ പൈപ്പ് വെള്ളം കുടിച്ചതിനെ തുടര്‍ന്ന് നൂറിലധികം ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നഗരസഭ വിതരണം ചെയ്ത വെള്ളത്തിന് രുചി വ്യത്യാസവും ഗന്ധവും ഉണ്ടായിരുന്നതായി പ്രദേശ വാസികള്‍ പറഞ്ഞു.

എന്നാല്‍ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന അംഗീകാരം ഇന്‍ഡോറിന് ലഭിച്ചിരുന്നു. തുടര്‍ച്ചയായി എട്ട് തവണയാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്‍ഡോറിനെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുത്തത്.

മൂന്ന് മരണങ്ങളാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും മറ്റുള്ളവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും മേയര്‍ പുഷ്യമിത്ര ഭാര്‍ഗവ അറിയിച്ചു. വിഷയത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സംഭവത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്നും മേയര്‍ അറിയിച്ചു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.

സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഇന്‍ഡോര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സംഘം സമീപത്തുള്ള 200 ലധികം സ്ഥലങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

Content Highlight: Eight people died after drinking municipal water in Indore

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more