ലഖ്നൗ: ഉത്തര്‍പ്രദേശിലെ സാംബാല്‍ ജില്ലയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്. വര്‍ഷങ്ങളായി പ്രദേശവാസികള്‍ പ്രാര്‍ത്ഥനയ്ക്കും മറ്റ് സാമൂഹിക ആവശ്യങ്ങള്‍ക്കുമായി ഉപയോഗിച്ചിരുന്ന ഒരു ഈദ്ഗാഹും ഇമാംബറയുമാണ് വ്യാഴാഴ്ച രാവിലെ നാല് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ത്തത്.
സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മ്മിച്ചതാണെന്ന് ആരോപിച്ചാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. വ്യാഴാഴ്ച പുലര്‍ച്ചെ 7:30-ഓടെ തന്നെ എസ്.ഡി.എം നിധി പട്ടേലിന്റെ നേതൃത്വത്തിലുള്ള സംഘം ബിച്ചോളി ഗ്രാമത്തില്‍ എത്തുകയായിരുന്നു.
ജനകീയ പ്രതിഷേധം ഭയന്ന് അഞ്ച് പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയും പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറിയുടെ (പി.എ.സി) ഒരു ബെറ്റാലിയനേയും സ്ഥലത്ത് വിന്യസിച്ചിരുന്നു. പ്രദേശവാസികള്‍ സ്ഥലത്ത് തടിച്ചുകൂടിയെങ്കിലും പൊലീസിനെ ഉപയോഗിച്ച് അവരെ ഒഴിപ്പിച്ചു.
കന്നുകാലികള്‍ക്ക് പുല്ല് മേയാനായി സര്‍ക്കാര്‍ രേഖകളില്‍ മാറ്റിവെച്ചിട്ടുള്ള പൊതുഭൂമിയിലാണ് ഈദ്ഗാഹ് നിര്‍മ്മിച്ചിരിക്കുന്നതെന്നും വളക്കുഴിക്കായി നീക്കിവെച്ച സ്ഥലത്താണ് ഇമാംബറ നിര്‍മ്മിച്ചതെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ അവകാശവാദം.
ഈ വര്‍ഷം ജനുവരി 18-ന് വില്ലേജ് ഓഫീസറായ സ്പര്‍ശ് ഗുപ്ത, തഹസില്‍ദാര്‍ കോടതിയില്‍ അപ്പീല്‍ നല്‍കി. തുടര്‍ന്ന് ജനുവരി 31-ന് കോടതി ഉത്തരവ് പ്രകാരം, പ്രസ്തുത ഭൂമിയില്‍ അവകാശവാദമുള്ളവര്‍ മുന്നോട്ടുവരണമെന്ന് കാണിച്ച് പത്രപ്പരസ്യം നല്‍കിയെങ്കിലും ആരും മറുപടി നല്‍കാത്തതിനാലാണ് പൊളിച്ചുമാറ്റല്‍ നടപടിയെന്നും ഭരണകൂടം പറയുന്നു.
ഭരണകൂടത്തിന്റെ ഈ നീക്കം പ്രദേശത്തെ സാധാരണക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. തങ്ങളുടെ വിശ്വാസവും സാമൂഹിക ജീവിതവും ഇഴചേര്‍ന്നു കിടന്നിരുന്ന കെട്ടിടങ്ങള്‍ തകര്‍ത്തതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
‘പ്രദേശത്തെ എല്ലാവരും ഈ ഈദ്ഗാഹും ഇമാംബറയും ഉപയോഗിച്ചിരുന്നു. ദരിദ്ര കുടുംബങ്ങളിലെ വിവാഹ ഘോഷയാത്രകള്‍ പോലും ഇവിടെയായിരുന്നു തങ്ങിയിരുന്നത്. ഇപ്പോള്‍ എല്ലാം തകര്‍ക്കപ്പെട്ടിരിക്കുന്നു. നിയമം എല്ലാവര്‍ക്കും തുല്യമാണെങ്കില്‍ ഈ നടപടി ക്ഷേത്രങ്ങള്‍ക്കും ബാധകമാകേണ്ടതല്ലേ?’അവര്‍ ചോദിച്ചു.
സര്‍ക്കാര്‍ ഭൂമിയിലെ നിര്‍മ്മാണങ്ങള്‍ കുറ്റകരമാണെങ്കില്‍, അത് പള്ളികള്‍ക്ക് മാത്രമല്ല, അനധികൃതമായി നിര്‍മ്മിച്ച ക്ഷേത്രങ്ങള്‍ക്കും ഒരുപോലെ ബാധകമാകേണ്ടതില്ലേയെന്നും ഇവര്‍ ചോദിക്കുന്നു.
ഉച്ചയ്ക്ക് 12 മണിയോടെ ഉന്നത ഉദ്യോഗസ്ഥരായ രാജേന്ദ്ര പെന്‍സിയയും കൃഷ്ണ കുമാര്‍ വിഷ്‌ണോയിയും സ്ഥലത്തെത്തി റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. തുടര്‍ന്നായിരുന്നു ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഈദ്ഗാഹും ഇമാംബറയും പൊളിച്ചുമാറ്റിയത്.
സാധാരണക്കാരുടെ വികാരങ്ങളെയും ആവശ്യങ്ങളെയും പരിഗണിക്കാതെ, നിയമത്തിന്റെ സാങ്കേതികത മാത്രം മുന്‍നിര്‍ത്തി നടത്തുന്ന ഇത്തരം ബുള്‍ഡോസര്‍ നടപടികള്‍ക്കെതിരെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഉയരുന്നത്.
Content Highlight: Eidgah, Imambara bulldozed in UP’s Sambhal; admin claims buildings on government land