| Saturday, 7th June 2025, 4:38 pm

ശ്രീനഗര്‍ ജുമാ മസ്ജിദില്‍ ഇത്തവണയും ഈദ് പ്രാര്‍ത്ഥനകള്‍ക്ക് വിലക്ക്; പള്ളിയുടെ കവാടങ്ങള്‍ അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ശ്രീനഗറിലെ പുരാതന ജുമാ മസ്ജിദില്‍ ഇത്തവണയും ഈദ് പ്രാര്‍ത്ഥനകള്‍ക്ക് വിലക്ക്. ഈദ്ഗാഹ് മൈതാനത്തും ജുമാ മസ്ജിദിലുമാണ് അധികൃതര്‍ പ്രാര്‍ത്ഥനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

പള്ളിയുടെ കവാടങ്ങള്‍ അടച്ചിട്ട ശേഷം പുറത്ത് പൊലീസിനെ വിന്യസിച്ചിരിക്കുകയാണെന്ന് ഹിന്ദുസ്ഥാൻ ടൈംസ് അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ ആരാണ് വിലക്ക് ഏർപ്പെടുത്തിയത് എന്നതിൽ വ്യക്തതയില്ല. അതേസമയംവിലക്കില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല നിരാശ പ്രകടിപ്പിച്ചു.

‘നമ്മള്‍ ഈദ് ആഘോഷിക്കുമ്പോള്‍ നിര്‍ഭാഗ്യവശാല്‍, ശ്രീനഗറിലെ പ്രശസ്തമായ ജുമാ മസ്ജിദില്‍ നമസ്‌കാരം നടത്താന്‍ വീണ്ടും അനുമതി നിഷേധിക്കപ്പെട്ടു. ഈ തീരുമാനങ്ങളുടെ അടിസ്ഥാനം എനിക്കറിയില്ല. പക്ഷേ നമ്മുടെ ജനങ്ങളെ വിശ്വസിക്കാന്‍ നമ്മള്‍ പഠിക്കേണ്ടതുണ്ട്,’ ഒമര്‍ അബ്ദുല്ല പറഞ്ഞു.

ഈ ഈദ് വരുംകാലങ്ങളിൽ ഇന്ത്യയിലെയും ലോകത്തിലെയും മുസ്‌ലിങ്ങൾക്ക് മികച്ച ദിനങ്ങള്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിലൂടെ സാഹോദര്യവും ഐക്യവും ശക്തിപ്പെടുമെന്നും ഒമര്‍ അബ്ദുല്ല പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ശ്രീനഗര്‍ ജുമാ മസ്ജിദിലെ ഈദ്-ഉല്‍-അദ്ഹ പ്രാര്‍ത്ഥനകള്‍ക്ക് വീണ്ടും അധികാരികള്‍ വിലക്കേര്‍പ്പെടുത്തിയതില്‍ അഗാധമായ ഖേദം പ്രകടിപ്പിക്കുന്നതായി പള്ളിയുടെ നടത്തിപ്പുകാരായ അഞ്ജുമാന്‍ ഔഖാഫ് പ്രതികരിച്ചു.

പള്ളിയുടെ കവാടങ്ങള്‍ അടച്ചിട്ടിരിക്കുകയാണെന്നും രാവിലെയുള്ള ഫജ്ര്‍ നമസ്‌കാരങ്ങള്‍ക്ക് പോലും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും അഞ്ജുമാന്‍ ഔഖാഫ് പ്രസ്താവനയില്‍ പറഞ്ഞു.

ഇതിനിടെ ഹുറിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ മിര്‍വൈസ് ഉമര്‍ ഫാറൂഖ്, താന്‍ ഇപ്പോള്‍ വീട്ടുതടങ്കലിലാണെന്ന് അവകാശപ്പെട്ടു. ഈദ്ഗാഹില്‍ ഈദ് പ്രാര്‍ത്ഥനകള്‍ ഇല്ല. തുടര്‍ച്ചയായ ഏഴാം വര്‍ഷവും ജുമാ മസ്ജിദ് പൂട്ടിയിട്ടു. താന്‍ വീട്ടുതടങ്കലിലുമാണെന്നും മിര്‍വൈസ് ഉമര്‍ ഫാറൂഖ് എക്സിലെ ഒരു പോസ്റ്റില്‍ കുറിച്ചു.

മുസ്‌ലിങ്ങൾക്ക് അവരുടെ മൗലികാവശങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്നും നമ്മുടെ അവകാശങ്ങള്‍ വീണ്ടും വീണ്ടും ചവിട്ടിമെതിക്കപ്പെടുമ്പോഴും മൗനം പാലിക്കാന്‍ തീരുമാനിക്കുന്ന ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഇത് എത്ര നാണക്കേടാണെന്നും മിര്‍വൈസ് പറഞ്ഞു.

1993 മാര്‍ച്ച് ഒമ്പതിന് രൂപീകരിച്ച നിരവധി രാഷ്ട്രീയ, സാമൂഹിക, മത സംഘടനകളുടെ ഒരു സഖ്യമാണ് ഓള്‍ പാര്‍ട്ടിസ് ഹുറിയത്ത് കോണ്‍ഫറന്‍സ് കശ്മീരിന്റെ സ്വാതന്ത്ര്യം എന്ന ലക്ഷ്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് രൂപീകരിച്ച ഒരു ഐക്യ രാഷ്ട്രീയ മുന്നണി കൂടിയാണിത്.

ഇടക്കാലത്ത് ഈ സംഘടന മിര്‍വൈസ്, ഗീലാനി വിഭാഗങ്ങള്‍ എന്നിങ്ങനെ രണ്ട് പ്രധാന വിഭാഗങ്ങളായി വിഭജിക്കപ്പെടുകയും ചെയ്തിരുന്നു.

Content Highlight: Eid prayers banned at Srinagar’s Jama Masjid this time too

We use cookies to give you the best possible experience. Learn more