| Friday, 28th February 2025, 3:56 pm

ഏഹ്സാന്റെ ജീവിതം സംഘപരിവാറിനെതിരായ മതനിരപേക്ഷ ഇന്ത്യയുടെ ചെറുത്തുനില്‍പ്പുകള്‍ക്ക് കരുത്തുപകരുന്നത്: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗുജറാത്ത് വംശഹത്യയിലെ രക്തസാക്ഷിയായ ഏഹ്‌സാന്‍ ജഫ്രിയുടെ ഓര്‍മദിനത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷലിപ്തമായ രാഷ്ട്രീയമാണ് സംഘപരിവാര്‍ എല്ലാകാലത്തും പയറ്റിയതെന്നും 2002 ല്‍ ഗുജറാത്തില്‍ സംഭവിച്ചതും അതുതന്നെയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഘപരിവാറിനെതിരെയുള്ള മതനിരപേക്ഷ ഇന്ത്യയുടെ ചെറുത്തുനില്‍പ്പുകള്‍ക്ക് കരുത്തുപകരുന്നതാണ് ഏഹ്‌സാന്റേയും സാകിയയുടേയും ജീവിതമെന്ന് പറഞ്ഞ അദ്ദേഹം ഏഹ്‌സാന്‍ ജഫ്രിയുടെ ഓര്‍മദിനത്തില്‍ ഇരുവരുടെയും പോരാട്ടവീര്യത്തിനു മുന്നില്‍ സ്മരണാഞ്ജലികളര്‍പ്പിക്കുന്നുവെന്നും കുറിച്ചു.

അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ സംഘപരിവാര്‍ നടത്തിയ തീവെപ്പില്‍ മുന്‍ കോണ്‍ഗ്രസ്സ് എം.പിയായ ജഫ്രിയുള്‍പ്പെടെ 69 പേരാണ് വെന്തുമരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏഹ്‌സാന്‍ ജഫ്രിയുടെ സ്മരണ പുതുക്കി മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

2002 ഫെബ്രുവരി 28 ന് കലാപകാരികള്‍ ഗുല്‍ബര്‍ഗ് സൊസൈറ്റി കയ്യേറി ആക്രമിച്ചപ്പോഴാണ് ഏഹ്‌സാന്‍ ജഫ്രിയുടെ വീട്ടിലേക്ക് പ്രദേശവാസികള്‍ അഭയം തേടിയെത്തിയതെന്നും സഹായത്തിനായി ജഫ്രി ഫോണിലൂടെ അധികാരകേന്ദ്രങ്ങളെ ബന്ധപ്പെട്ടെങ്കിലും അവര്‍ ചെറുവിരലനക്കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വംശഹത്യാക്കാലത്ത് ഗുജറാത്തിലരങ്ങേറിയ ന്യൂനപക്ഷവേട്ടയുടെ പരിഛേദമാണ് പിന്നീട് ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വംശഹത്യയ്ക്കു നേതൃത്വം നല്‍കിയവര്‍ക്കെതിരെ ഏഹ്‌സാന്‍ ജഫ്രിയുടെ ജീവിത പങ്കാളി സാകിയ ജഫ്രി നടത്തിയ നിയമപോരാട്ടവും സമാനതകളില്ലാത്തതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കലാപകാരികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനായുള്ള സാകിയയുടെ നിയമയുദ്ധം ഗുജറാത്തിലെ ഇരകള്‍ക്ക് നീതിയുറപ്പാക്കാനുള്ള പോരാട്ടമായി മാറുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നീതിക്കായുള്ള 23 വര്‍ഷത്തെ ദീര്‍ഘസമരത്തിനുശേഷം ഈ മാസം ആദ്യവാരമാണ് ആ പോരാളി മരണത്തിനു കീഴടങ്ങിയതെന്നും ആ ഘട്ടത്തിലും അവര്‍ക്ക് നീതി ലഭ്യമായിട്ടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Ehsan’s life strengthens secular India’s resistance against Sangh Parivar: CM

We use cookies to give you the best possible experience. Learn more