| Saturday, 26th July 2025, 7:18 am

കടലിൽ നിന്ന് കടലിലേക്ക്, ഗസക്ക് പ്രതീക്ഷയുടെ കുപ്പി; ഭക്ഷണം കടലിലൊഴുക്കി ഈജിപ്തുകാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കെയ്റോ: ഗസയിൽ ഇസ്രഈൽ ഉപരോധത്തിൽ ഭക്ഷ്യക്ഷാമം രൂക്ഷമാകുന്നതിൽ പ്രതിഷേധിച്ച് കു​പ്പി​ക​ളി​ലും പൊ​ങ്ങി​ക്കി​ട​ക്കു​ന്ന പാത്രങ്ങളിലും ഭ​ക്ഷ​ണ​വും വെള്ളവും കടലിലൂടെ ഗസയിലേക്ക് ഒഴുക്കി വിട്ട് ഈജിപ്തുകാർ. ‘കടലിൽ നിന്ന് കടലിലേക്ക് – ഗസക്ക് പ്രതീക്ഷയുടെ ഒരു കുപ്പി’ എന്ന പേരിൽ ഒരു ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ് ഈജിപ്തുകാരെന്ന് ദി ന്യൂ അറബ് റിപ്പോർട്ട് ചെയ്തു.

ഗസയിൽ എത്തുമെന്ന പ്രതീക്ഷയിൽ മെഡിറ്ററേനിയൻ കടലിൽ ധാന്യങ്ങൾ, അരി, പയർ, മറ്റ് ഉണങ്ങിയ ഭക്ഷണസാധനങ്ങൾ എന്നിവ ഒരു ലിറ്റർ, രണ്ട് ലിറ്റർ കുപ്പികളിൽ നിറച്ച് കടലിൽ ഒഴുകുകയാണ് ഈജിപ്തുകാർ.

ഇസ്രഈലിന്റെ ഉപരോധത്തെ മറികടക്കാൻ ഇതിന് സാധിക്കില്ലെന്ന് തങ്ങൾക്കറിയാമെന്ന് പ്രതിഷേധത്തിൽ പങ്കെടുത്തവർ പറഞ്ഞു. എങ്കിലും അതിർത്തികളിൽ അടിയന്തര സഹായ ട്രക്കുകൾ തടഞ്ഞുവെക്കുകയും ലക്ഷക്കണക്കിന് ആളുകൾ പട്ടിണി കിടക്കുകയും ചെയ്ത സാഹചര്യത്തിൽ തങ്ങളുടെ പ്രതിഷേധം കൂടിയാണ് ഈ നടപടിയെന്ന് അവർ പറഞ്ഞു.

ലിബിയ, ടുണീഷ്യ, അൾജീരിയ, മൊറോക്കോ എന്നിവയുൾപ്പെടെ മെഡിറ്ററേനിയൻ അതിർത്തി പങ്കിടുന്ന രാജ്യങ്ങളിലെ ജനങ്ങളോടും ഇതിൽ പങ്കാളികളാകാൻ ക്യാമ്പയിനിൽ പങ്കെടുക്കുന്നവർ ആഹ്വാനം ചെയ്തിട്ടുണ്ട്.

‘കുപ്പിയിലെ സന്ദേശം’ എന്നതിൽ നിന്നാണ് ഈ ആശയം ഉൾക്കൊണ്ടതെന്ന് പ്രാദേശിക അറബി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈജിപ്തുകാരുടെ ക്യാമ്പയിന് വലിയ പ്രശംസ ലഭിക്കുന്നുണ്ട്.

ഗസയിലെ ഉപരോധത്തിൽ നിന്ന് അവരെ സഹായിക്കാൻ കടലിലൂടെ ഭക്ഷണം എത്തിക്കുന്നതാണ് ഏറ്റവും പ്രായോഗികമായ രീതിയെന്ന് നിർദേശിച്ചത് ജപ്പാനിൽ താമസിക്കുന്ന ഒരു ഈജിപ്ഷ്യൻ അക്കാദമികനും എഞ്ചിനീയറുമായ വ്യക്തിയാണെന്നും പ്രാദേശിക അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

‘കിഴക്കൻ മെഡിറ്ററേനിയനിലെ ഉപരിതല പ്രവാഹങ്ങൾ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് മണിക്കൂറിൽ 0.8 കിലോമീറ്റർ വേഗതയിൽ ഒഴുകുന്നു. അതായത് ഡാമിയേറ്റ പോലുള്ള പ്രദേശങ്ങളിൽ നിന്നോ പോർട്ട് സെയ്ദിന് കിഴക്ക് നിന്നോ ഭക്ഷണം നിറച്ച കണ്ടെയ്നറുകൾ അയച്ചാൽ 72-96 മണിക്കൂറിനുള്ളിൽ അവ ഗസയുടെ തീരത്ത് എത്തും,’ അദ്ദേഹം പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

അതേസമയം ഇസ്രഈൽ ഗസയിൽ യുദ്ധം ആരംഭിച്ചതിനുശേഷം കുറഞ്ഞത് 115 ഫലസ്തീനികൾ പട്ടിണി കിടന്ന് മരിച്ചതായി ഗസ ആരോഗ്യ മന്ത്രാലയം. നിരവധി കുട്ടികൾ ഉൾപ്പെടെ മിക്ക മരണങ്ങളും സമീപ ആഴ്ചകളിലാണ് നടന്നത്.

മാർച്ച് രണ്ടിന് ഇസ്രഇൽ ഗസയുടെ അതിർത്തികൾ പൂർണമായും അടച്ചിരുന്നു. അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ, ബേബി ഫോർമുല, കുടിവെള്ളം എന്നിവയുൾപ്പെടെ ഗസയിലേക്കുള്ള എല്ലാ സഹായങ്ങളും വിതരണങ്ങളും അവർ നിർത്തിവച്ചു. പിന്നീട് അന്താരാഷ്ട്ര സമ്മർദത്തിന് പിന്നാലെ വളരെ കുറച്ച് ഭക്ഷ്യ വസ്തുക്കൾ മാത്രം കടത്തിവിട്ടിരുന്നു. എന്നാൽ ഇതൊട്ടും പര്യാപ്തമല്ലെന്നാണ് യു.എൻ ഉൾപ്പടെയുള്ള അന്താരാഷ്ട ഏജൻസികൾ പറഞ്ഞിരുന്നു.

മെയ് മാസത്തിലെ കണക്കനുസരിച്ച് ഗസയിൽ ഏകദേശം അരലക്ഷം ആളുകൾ അതിഭീകരമായ പട്ടിണി നേരിടുന്നുണ്ടെന്ന് ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (ഐ.പി.സി) റിപ്പോർട്ട് ചെയ്തു.

Content Highlight: Egyptians launch symbolic initiative to deliver food to Gaza by bottles in sea, as starvation soars

We use cookies to give you the best possible experience. Learn more