അബുദാബി: ഇറാനുമായുള്ള വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളില്‍ യു.എ.ഇയ്ക്കും മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കും പരസ്യമായി പിന്തുണ പ്രഖ്യാപിക്കാന്‍ സുന്നി ഇസ്‌ലാമിലെ ഉന്നത സ്ഥാപനമായ അല്‍-അസ്ഹറിനുമേല്‍ ഈജിപ്ത് കടുത്ത സമ്മര്‍ദം ചെലുത്തുന്നതായി റിപ്പോര്‍ട്ട്.
ഗള്‍ഫ് മേഖലയിലുള്ള ഈജിപ്ഷ്യന്‍ തൊഴിലാളികളുടെ സുരക്ഷയും ജോലിയും അപകടത്തിലാകുമെന്ന പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസിയുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് അല്‍- അസ്ഹര്‍ തങ്ങളുടെ മുന്‍ നിലപാടുകളില്‍ നിന്ന് മാറ്റം വരുത്തിയതായി സുരക്ഷാ വൃത്തങ്ങളും ഗ്രാന്‍ഡ് ഇമാമിനോട് അടുത്ത വൃത്തങ്ങളും വ്യക്തമാക്കിയതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, മേഖലയില്‍ നിലവിലെ യുദ്ധം ആരംഭിച്ചതിനുശേഷം അല്‍-അസ്ഹര്‍ നാല് സുപ്രധാന പ്രസ്താവനകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും ഒടുവിലത്തെ പ്രസ്താവനകളില്‍ യു.എ.ഇയിലെ ഇറാനിയന്‍ ആക്രമണങ്ങളെ അല്‍-അസ്ഹര്‍ കടുത്ത ഭാഷയില്‍ അപലപിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ യുദ്ധകാലത്ത് ഇറാനെതിരെയുണ്ടായ നീക്കങ്ങളെ അധിനിവേശം എന്ന് വിശേഷിപ്പിച്ച അല്‍-അസ്ഹര്‍, നിലവിലെ സാഹചര്യത്തില്‍ ഇറാനെതിരായ അമേരിക്കന്‍ അല്ലെങ്കില്‍ ഇസ്രായേലി ആക്രമണങ്ങളെ ഒരിടത്തും അപലപിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
അല്‍-അസ്ഹര്‍ നേരത്തെ സ്വീകരിച്ചിരുന്ന മധ്യസ്ഥ നിലപാടുകള്‍ യു.എ.ഇയെ ചൊടിപ്പിച്ചിരുന്നതായി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അക്കാലത്ത് ഗള്‍ഫ് മേഖല നേരിട്ട് ആക്രമണങ്ങള്‍ക്ക് വിധേയമായിരുന്നില്ല. ഗ്രാന്‍ഡ് ഇമാം അഹമ്മദ് അല്‍-തയേബിന്റെ അന്നത്തെ നിലപാടുകളെ വിമര്‍ശിച്ച് എമിറാത്തി പത്രമായ ‘അല്‍-ഖലീജ്’ രംഗത്തുവരികയും ചെയ്തിരുന്നു.
നിലവിലെ യുദ്ധത്തിന്റെ തുടക്കത്തില്‍ തന്നെ, അല്‍-അസ്ഹര്‍ ഗള്‍ഫ് രാജ്യങ്ങളുമായി വ്യക്തമായ സഖ്യം പ്രഖ്യാപിക്കണമെന്നും യു.എസ്-ഇസ്രഈല്‍ ആക്രമണങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ഈജിപ്ഷ്യന്‍ സ്റ്റേറ്റ് ഏജന്‍സികള്‍ ആവശ്യപ്പെട്ടിരുന്നതായി അല്‍-അസ്ഹര്‍ നേതൃത്വവുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ഈജിപ്തിന്റെ നിലവിലെ കടുത്ത സാമ്പത്തിക സാഹചര്യങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളുമായും യു.എസുമായുമുള്ള താല്‍പ്പര്യങ്ങള്‍ ത്യജിക്കാന്‍ കഴിയില്ലെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്‍ഷ്യല്‍ ഓഫീസ് അല്‍-അസ്ഹറിനെ നേരിട്ട് അറിയിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
‘ഗസയില്‍ സംഭവിച്ചത് ആവര്‍ത്തിക്കാന്‍ കഴിയില്ല. അല്‍-അസ്ഹര്‍ ഗള്‍ഫ് വിരുദ്ധ നിലപാട് സ്വീകരിച്ചാല്‍, അവിടെ ജോലി ചെയ്യുന്ന ദശലക്ഷക്കണക്കിന് ഈജിപ്തുകാര്‍ക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം അല്‍-അസ്ഹര്‍ വഹിക്കേണ്ടിവരും,’ എന്ന് പ്രസിഡന്റ് സിസി നല്‍കിയ സന്ദേശത്തില്‍ വ്യക്തമാക്കിയതായി സ്രോതസ്സുകള്‍ പറയുന്നു.
സമാനമായ രീതിയില്‍, കഴിഞ്ഞ വര്‍ഷം ഗസയിലെ ക്ഷാമത്തിനെതിരെ ആഗോള നടപടിക്ക് ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രസ്താവന പിന്‍വലിക്കാന്‍ അല്‍-അസ്ഹറിനെ നിര്‍ബന്ധിതരാക്കാന്‍ ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ ഇതേ തന്ത്രം പ്രയോഗിച്ചിരുന്നതായി മിഡില്‍ ഈസ്റ്റ് ഐ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വെടിനിര്‍ത്തല്‍ അട്ടിമറിച്ചതിനും സഹായധനം തടസ്സപ്പെടുത്തിയതിനും അല്‍-അസ്ഹറിനെ കുറ്റപ്പെടുത്തുമെന്ന ഭീഷണിയും അന്ന് ഭരണകൂടം ഉയര്‍ത്തിയിരുന്നു. ഇതിനിടെ ഗള്‍ഫ് ഉദ്യോഗസ്ഥര്‍ വ്യക്തിപരമായി ഇമാം തയേബിനെ സന്ദര്‍ശിച്ച് തങ്ങളുടെ രാജ്യങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ വിശദീകരിച്ചിരുന്നുവെങ്കിലും, ഈ വിലയിരുത്തലുകള്‍ വളരെ അതിശയോക്തി കലര്‍ന്നതായിരുന്നുവെന്നാണ് അല്‍-അസ്ഹര്‍ വൃത്തങ്ങള്‍ കരുതുന്നത്.
കഴിഞ്ഞ മാസങ്ങളിലായി പുറത്തുവന്ന അല്‍-അസ്ഹറിന്റെ പ്രസ്താവനയില്‍ യുദ്ധം ഉടനടി നിര്‍ത്തണമെന്നും കൂടുതല്‍ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണമെന്നും അറബ് രാജ്യങ്ങള്‍ക്ക് മേലുള്ള അധിനിവേശം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഇതില്‍ എവിടെയും ഇറാന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല.
മാര്‍ച്ച് 17 ന് പുറത്തുവന്ന രണ്ടാം പ്രസ്താവനയില്‍ യു.എ.ഇ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈറ്റ്, സൗദി അറേബ്യ, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ ജോര്‍ദാന്‍, ഇറാഖ്, തുര്‍ക്കി, അസര്‍ബൈജാന്‍ എന്നിവര്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങളെ കടുത്ത ഭാഷയിലാണ് അല്‍ -അസ്ഹര്‍ അപലപിച്ചത്.
ഏപ്രില്‍ 9 ന് പുറത്തുവന്ന മൂന്നാം പ്രസ്താവനയില്‍ മേഖലയെ പ്രകോപിപ്പിക്കാനും വെടിനിര്‍ത്തല്‍ ലംഘിക്കാനുമുള്ള ഇസ്രഈല്‍ ശ്രമങ്ങളെ കുറ്റപ്പെടുത്തിയെങ്കിലും ഇറാനിയന്‍ പ്രദേശത്ത് ഇസ്രഈല്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് പരാമര്‍ശിച്ചതേയില്ല.
മേയ് 5 ന് പുറത്തുവന്ന നാലാം പ്രസ്താവനയില്‍ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ അതിന്റെ അയല്‍ക്കാരനായ യു.എ.ഇക്കെതിരെ നടത്തിയ ആക്രമണത്തെ പൂര്‍ണ്ണമായും അപലപിച്ചുകൊണ്ട് ഗള്‍ഫ് പക്ഷത്തേക്ക് നിലപാട് മാറ്റി.
അതേസമയം ഭരണകൂടത്തിന്റെ കടുത്ത സമ്മര്‍ദങ്ങള്‍ക്കിടയിലും, ഫലസ്തീന്‍ സായുധ വിഭാഗങ്ങളെക്കുറിച്ചുള്ള അല്‍-അസ്ഹറിന്റെ നിലപാടിലോ അവര്‍ക്കുള്ള പിന്തുണയിലോ മാറ്റം വരുത്താന്‍ ഗള്‍ഫ്-ഈജിപ്ഷ്യന്‍ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല.
Content Highlight: Egypt pressing Al-Azhar ‘to back UAE’ against Iran, sources say