| Friday, 8th August 2025, 10:30 pm

വീണ്ടും ഇരട്ടത്താപ്പോ? ഇസ്രഈലുമായി 35 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ച് ഈജിപ്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കെയ്റോ: ഗസയിലെ ഫലസ്തീനികള്‍ക്കെതിരായ അതിക്രമം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഇസ്രഈലുമായി 35 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ച് ഈജിപ്ത്. ഇസ്രഈലിലെ ലെവിയാത്തനില്‍ നിന്നുള്ള വാതക കൈമാറ്റവുമായി ബന്ധപ്പെട്ട കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇസ്രഈലില്‍ നിന്ന് ഈജിപ്തിലേക്കുള്ള വാതക കയറ്റുമതി മൂന്ന് ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. ഇസ്രഈല്‍ ഇതുവരെ ഒപ്പുവെച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ കരാറാണിത്.

കരാര്‍ പ്രകാരം ലെവിയാത്തന്‍ ഓഫ്ഷോര്‍ ഫീല്‍ഡില്‍ നിന്ന് 130 ബില്യണ്‍ ക്യുബിക് മീറ്റര്‍ മൂല്യമുള്ള വാതകമാണ് ഈജിപ്തിന് ലഭിക്കുക. 2040 വരെയാണ് കരാറിന്റെ കാലാവധി.

ഇസ്രഈലി ഊര്‍ജ കമ്പനിയായ ന്യൂമെഡുമായാണ് ഈജിപത് കരാറിലെത്തിയത്. ലെവിയത്താനിലെ വാതക സംഭരണിയുടെ 45.34 ശതമാനം ന്യൂമെഡിന്റെ കൈവശമാണ്. ഇസ്രഈല്‍ സ്ഥാപനങ്ങളായ റേഷ്യോ, ഷെവ്റോണ്‍ എന്നീ കമ്പനികള്‍ ന്യൂമെഡിന്റെ സഹപ്രവര്‍ത്തകരാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി വാതക ഉത്പാദനത്തില്‍ ഈജിപ്ത് പ്രതിസന്ധി നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇസ്രഈല്‍ കമ്പനിയുമായി ഈജിപ്ത് കരാറിലെത്തിയത്. അതേസമയം 2018ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച കരാര്‍ ഇപ്പോള്‍ പുതുക്കുകയാണ് ചെയ്തിരിക്കുന്നത്.

2023 ഒക്ടോബര്‍ ഏഴിന് ഗസയ്ക്ക് നേരെ ഇസ്രഈല്‍ യുദ്ധമാരംഭിച്ചതോടെ ഈജിപ്തിലെ വാതക പ്രതിസന്ധി രൂക്ഷമാകുകയായിരുന്നു. തുടര്‍ച്ചയായി വൈദ്യുതി തടസപ്പെട്ടതോടെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതിനിടയിലും ഇസ്രഈല്‍ പ്രതിവര്‍ഷം 4.5 ബില്യണ്‍ ക്യുബിക് മീറ്റര്‍ മൂല്യമുള്ള വാതകം ഈജിപ്തിലേക്ക് വിതരണം ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഗസക്കെതിരായ ഇസ്രഈലിന്റെ ഉപരോധ നടപടിയില്‍ ഈജിപ്തിനെതിരെയും വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. റഫാ അതിര്‍ത്തി തുറക്കുന്നതില്‍ കാലതാമസം വരുത്തുന്ന ഈജിപ്തിന്റെ നടപടിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശക്തമായ പ്രതിഷേധമുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായി തുര്‍ക്കി, നെതര്‍ലാന്‍ഡ്സ് എന്നീ രാജ്യങ്ങളിലെ ഈജിപ്ഷ്യന്‍ എംബസിയുടെ ഗേറ്റ് പൂട്ടിയിട്ടുകൊണ്ട് ഫലസ്തീന്‍ അനുകൂലികളായ ആക്റ്റിവിസ്റ്റുകള്‍ പ്രതിഷേധിച്ചിരുന്നു. ഈജിപ്ഷ്യന്‍ വംശജരായ ആക്റ്റിവിസ്റ്റുകള്‍ ഉള്‍പ്പെടെ പ്രതിഷേധ രംഗത്തുണ്ട്.

ആക്ടിവിസ്റ്റ് അനസ് ഹബീബാണ് ഈജിപ്ഷ്യന്‍ എംബസികള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. നെതര്‍ലാന്‍ഡ്സിലെ എംബസി കെട്ടിടത്തിന്റെ ഗേറ്റ് സൈക്കിള്‍ ചെയിന്‍ ഉപയോഗിച്ച് ഹബീബ് പൂട്ടിയിടുകയായിരുന്നു.

എന്നാല്‍ പ്രതിഷേധക്കാരുടെ ആരോപണങ്ങള്‍ പൂർണമായും നിഷേധിച്ചുകൊണ്ടുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസി.

Content Highlight: Egypt signs $35 billion deal with Israel

We use cookies to give you the best possible experience. Learn more