ഇ.എഫ്.എല്‍ കപ്പി (കരബാവോ കപ്പ്)ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഞെട്ടിക്കുന്ന തോല്‍വി. നാലാം ഡിവിഷന്‍ ക്ലബ്ബായ ഗ്രിംസ്‌ബൈ ടൗണിനോട് പരാജയപ്പെട്ട് യുണൈറ്റഡ് ടൂര്‍ണമെന്റില്‍ നിന്നും പുറത്ത്. ബ്ലണ്ടല്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ട്ഔട്ടിലായിരുന്നു റെഡ് ഡെവിള്‍സിന്റെ തോല്‍വി.
നിശ്ചിത സമയത്ത് 2-2ന് സമനിലയില്‍ പിരിഞ്ഞതോടെ പെനാല്‍ട്ടി ഷൂട്ട്ഔട്ടാണ് വിജയികളെ നിശ്ചയിച്ചത്. ഇരു ടീമിന്റെയും ഗോള്‍ കീപ്പര്‍മാര്‍ അടക്കം കിക്കെടുത്ത മത്സരത്തില്‍ 12-11നാണ് ഗ്രിംസ്‌ബൈ വിജയിച്ചത്.
മത്സരത്തില്‍ 4-1-4-1 എന്ന ഫോര്‍മേഷനിലാണ് ഗ്രിംസ്‌ബൈ കളത്തിലിറങ്ങിയത്. അതേസയം യുണൈറ്റഡാകട്ടെ 3-4-2-1 എന്ന ഫോര്‍മേഷനും അവലംബിച്ചു.
ആദ്യ നിമിഷം മുതല്‍ തന്നെ ആവേശം അലതല്ലിയ മത്സരത്തിന്റെ 22ാം ം മിനിട്ടില്‍ ഗ്രിംസ്‌ബൈ ടൗണ്‍ ലീഗ് നേടി. മാഞ്ചസ്റ്ററിന്റെ പിഴവില്‍ നിന്നും ഇനിഷ്യേറ്റ് ചെയ്ത അറ്റാക്കാണ് ഗോളില്‍ കലാശിച്ചത്. ഡറാഗ് ബേണ്‍സിന്റെ അസിസ്റ്റില്‍ ചാള്‍സ് വെര്‍ണാമാണ് മത്സരത്തിലെ ആദ്യ ഗോള്‍ കണ്ടെത്തിയത്.
മത്സരത്തിന്റെ 30ാം മിനിട്ടില്‍ മാഞ്ചസ്റ്ററിനെ നാലാം ഡിവിഷന്‍ ക്ലബ്ബ് ഒരിക്കല്‍ക്കൂടി ഞെട്ടിച്ചു. കോര്‍ണര്‍ കിക്കില്‍ നിന്നുമാണ് ഈ ഗോള്‍ പിറവിയെടുത്തത്.
ഒരു ഷോര്‍ട്ട് കോര്‍ണറിലൂടെ ആരംഭിച്ച് പന്ത് ബോക്‌സിലേക്കെത്തിച്ച ഗ്രിംസ്‌ബൈയുടെ മുന്നേറ്റം തടയാന്‍ ഗോള്‍ കീപ്പര്‍ ആന്ദ്രേ ഒനാന അടക്കമുള്ളവര്‍ ശ്രമിച്ചെങ്കിലും ആ ശ്രമങ്ങളെല്ലാം വിഫലമായി ഗ്രിംസ്‌ബൈ രണ്ടാം ഗോളും കണ്ടെത്തുകയായിരുന്നു.
രണ്ട് ഗോള്‍ വഴങ്ങിയതോടെ യുണൈറ്റഡും സമ്മര്‍ദത്തിലായി. ഇതോടെ റെഡ് ഡെവിള്‍സ് പരുക്കന്‍ കളിയും പുറത്തെടുത്തു. 36ാം മിനിട്ടില്‍ ടൈലര്‍ ഫ്രെഡിക്‌സണെതിരെ റഫറിക്ക് മഞ്ഞക്കാര്‍ഡും പുറത്തെടുക്കേണ്ടി വന്നു.
ശേഷം ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താന്‍ സാധിക്കാതെ പോയതോടെ ആദ്യ പകുതി 2-0ന് പിരിഞ്ഞു.
രണ്ടാം പകുതി ആരംഭിച്ചപ്പോള്‍ തന്നെ മൂന്ന് മാറ്റങ്ങളുമായാണ് യുണൈറ്റഡ് കളത്തിലിറങ്ങിയത്. ബ്രൂണോ ഫെര്‍ണാണ്ടസിനെയടക്കം കളത്തിലിറക്കി യുണൈറ്റഡ് പോരാട്ടം കടുപ്പിച്ചു.
ഗ്രിംസ്‌ബൈ ഗോള്‍മുഖം പലകുറി ആക്രമത്തിലായെങ്കിലും ഗോള്‍ കീപ്പര്‍ ക്രിസ്റ്റി പിം അപകടങ്ങളൊഴിവാക്കി. 72ാം മിനിട്ടില്‍ ഗ്രിംസ്‌ബൈ ഒരിക്കല്‍ക്കൂടി വലകുലുക്കിയെങ്കിലും ആ ഗോള്‍ അനുവദിക്കപ്പെട്ടില്ല.
മത്സരത്തിന്റെ 75ാം മിനിട്ടില്‍ യുണൈറ്റഡ് ആദ്യ ഗോള്‍ കണ്ടെത്തി. പകരക്കാരനായി കളത്തിലിറങ്ങിയ ബ്രയാന്‍ എംബ്യൂമോയാണ് റെഡ് ഡെവിള്‍സിനായി വലകുലുക്കിയത്.
മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ശേഷിക്കെ ഹാരി മഗ്വയര്‍ യുണൈറ്റഡിനായി ഈക്വലൈസര്‍ ഗോള്‍ കണ്ടെത്തി. കോര്‍ണര്‍ കിക്കില്‍ നിന്നും തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയാണ് മഗ്വയര്‍ വലകുലുക്കിയത്.
ആഡ് ഓണ്‍ ടൈമിലും സമനില തുടര്‍ന്നതോടെ മത്സരം പെനാല്‍ട്ടി ഷൂട്ട്ഔട്ടിലേക്ക് കടന്നു.
ആദ്യ രണ്ട് കിക്കുകളും ഇരുവരും വലയിലെത്തിച്ചു. ഗ്രിംസ്‌ബൈയ്ക്കായി മൂന്നാം കിക്കെടുത്ത ക്ലാര്‍ക് ഔഡോറിന് പിഴച്ചു. വീണുകിട്ടയ സന്ദര്‍ഭം യുണൈറ്റഡ് മുതലാക്കിയെങ്കിലും മാത്യൂസ് കുന്‍ഹ അഞ്ചാം കിക്ക് പാഴാക്കിയത് യുണൈറ്റഡിന് തിരിച്ചടിയായി. അഞ്ച് കിക്കുകള്‍ക്ക് ശേഷം 4-4 എന്ന നിലയില്‍ മത്സരം സഡണ്‍ ഡെത്തിലേക്ക് കടന്നു.
ഇരു ടീമിന്റെയും ഗോള്‍ കീപ്പര്‍മാരടക്കം എടുത്ത ആറ് കിക്കുകളും വലയിലെത്തി. 11 ഷോട്ടുകള്‍ക്കിപ്പുറം ഇരു ടീമുകളും 10-10 എന്ന നിലയില്‍ സമനിലയിലെത്തി.
ഇരു ടീമിനുമായി ആദ്യ കിക്കെടുത്തവര്‍ തന്നെ വീണ്ടും ഷൂട്ട്ഔട്ടിനായെത്തി. ബ്രൂണോ ഫെര്‍ണാണ്ടസും ജെ. കാബിയയും ഇരു ടീമിന്റെയും ആദ്യ കിക്ക് വലയിലെത്തിച്ചു. ഡി ബേണ്‍സിലൂടെ ഗ്രിംസ്‌ബൈ മുമ്പിലെത്തിയപ്പോള്‍ എംബ്യൂമോ കിക്ക് പാഴാക്കിയതോടെ റെഡ് ഡെവിള്‍സ് പരാജയത്തിലേക്ക് കൂപ്പുകുത്തി.
Content highlight: EFL Cup: Grimsby Town defeated Manchester United