ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നില്‍ ആഴ്‌സണലിനെ വീഴ്ത്തി ഫ്‌ളീറ്റ്‌വുഡ്. ഇ.എഫ്.എല്‍ കപ്പിന്റെ നാലാം റൗണ്ടിലാണ് ഇംഗ്ലീഷ് ഫുട്‌ബോളിലെ നാലാം ഡിവിഷന്‍ ടീം ഗണ്ണേഴ്‌സിനെ തകര്‍ത്തുവിട്ടത്.
പെനാല്‍ട്ടി ഷൂട്ടൗട്ടിലായിരുന്നു ആഴ്‌സണലിന്റെ തോല്‍വി. നിശ്ചിത സമയത്ത് ഇരുവരും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് കടക്കുകയും ഫ്‌ളീറ്റ്‌വുഡ് 5-3ന് വിജയിക്കുകയുമായിരുന്നു.
ഇതോടെ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കാനും ഫ്‌ളീറ്റ്‌വുഡിനായി. ഇതാദ്യമായാണ് ഫ്‌ളീറ്റ്‌വുഡ് കരബാവോ കപ്പിന്റെ ക്വാര്‍ട്ടറിന് യോഗ്യത നേടുന്നത്.
മത്സരത്തിന്റെ 21ാം മിനിട്ടില്‍ ആരോണ്‍ ലൗപാലോ ബിയിലൂടെ ഫ്‌ളീറ്റ്‌വുഡാണ് ലീഡ് നേടിയത്. ആദ്യ പകുതിയില്‍ ലീഡ് നിലനിര്‍ത്താനും ഇവര്‍ക്ക് സാധിച്ചു.
50ാം മിനിട്ടില്‍ വിക്ടര്‍ ഗ്യോക്കറസിലൂടെ ആഴ്‌സണല്‍ ഒപ്പമെത്തിയെങ്കിലും ശേഷിക്കുന്ന മിനിട്ടുകളിലൊന്നും ലീഡ് നേടാന്‍ ഫ്‌ളീറ്റ്‌വുഡ് ഗണ്ണേഴ്‌സിനെ അനുവദിച്ചില്ല. കൂടാതെ 86ാം മിനിട്ടില്‍ മാര്‍ക് ഡൗമാന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതും ടീമിന് തിരിച്ചടിയായി.
നിശ്ചിത സയത്തും ആഡ് ഓണ്‍ ടൈമിലും ഇരുവര്‍ക്കും ലീഡ് നേടാന്‍ സാധിക്കാതെ വന്നതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് കടന്നു.
ഫ്‌ളീറ്റ്‌വുഡിനായി റോനന്‍ കഫ്‌ലാന്‍, ഹാരിസണ്‍ നീല്‍, വീല്‍ ഡേവിസ് എന്നിവരും ആഴ്‌സണലിനായി മാര്‍ട്ടിന്‍ ഒദേഗാര്‍ഡ്, കൈ ഹാവെര്‍ട്‌സ്, വിക്ടര്‍ ഗ്യോക്കറസ് എന്നിവരും ആദ്യ മൂന്ന് കിക്കുകളും വലയിലെത്തിച്ചു.
ഫ്‌ളീറ്റ്‌വുഡിന്റെ നാലാം കിക്ക് ആന്‍ഡി കാനണ്‍ പിഴവേതും കൂടാതെ വലയില്‍ നിക്ഷേപിച്ചപ്പോള്‍ ഗണ്ണേഴ്‌സിന്റെ നാലാം കിക്കെടുത്ത ബ്രൂണോ ഗുയ്‌മെറെസിന് പിഴച്ചു. കോനര്‍ ഹാഗ്‌ലി അഞ്ചാം കിക്കും വലയിലെത്തിച്ചതോടെ അവസാന കിക്കിന് മുമ്പ് തന്നെ ആഴ്‌സണല്‍ തോല്‍വി വഴങ്ങുകയും ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയും ചെയ്തു.
നിലവില്‍ ആഴ്‌സണല്‍ പ്രീമിയര്‍ ലീഗിന്റെ രണ്ടാം സ്ഥാനത്തും ഫ്‌ളീറ്റ്‌വുഡ് ഇ.എഫ്.എല്‍ ലീഗ് 2ലെ 18ാം സ്ഥാനത്തുമാണ്. അതായത് 84 ലീഗ് സ്ഥാനങ്ങള്‍ പിന്നില്‍. 2.8 മില്യണ്‍ മാത്രമാണ് ഫ്‌ളീറ്റ്‌വുഡിന്റെ സ്‌ക്വാഡ് വാല്യു. ഇവര്‍ പരാജയപ്പെടുത്തിയ ഗണ്ണേഴ്‌സിന്റേതാകട്ടെ 1.4 ബില്യണും.
സ്‌ക്വാഡ് വാല്യുവില്‍ 500 മടങ്ങ് അധികമുള്ള ആഴ്‌സണലിനെതിരെയുള്ള ഫ്‌ളീറ്റ്‌വുഡിന്റെ വിജയം ഇ.എഫ്.എല്‍ കപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയത്തിലൊന്നായാണ് അടയാളപ്പെടുത്തുന്നത്.
Content Highlight: EFL Cup: Fleetwood knocked out Arsenal out from the tournament