| Thursday, 10th September 2026, 10:03 am

50 മിനിട്ടിന് ശേഷം ആറ് ഗോളുകള്‍! ജയം 6-3ന്; കരബാവോ കീഴടക്കാന്‍ ചെല്‍സി

ആദർശ് എം.കെ.

ഇ.എഫ്.എല്‍ കപ്പ് മൂന്നാം റൗണ്ടില്‍ ലീഡ്‌സ് യുണൈറ്റഡിനെതിരെ തകര്‍പ്പന്‍ വിജയവുമായി ചെല്‍സി. സ്വന്തം തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ മൂന്നിനെതിരെ ആറ് ഗോളിനാണ് ബ്ലൂസിന്റെ വിജയം. അടിച്ച ആറ് ഗോളുകളും സെക്കന്‍ഡ് ഹാഫിലാണ് പിറന്നത് എന്നതും ശ്രദ്ധേയമാണ്.

രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ചെല്‍സിയുടെ വമ്പന്‍ തിരിച്ചുവരവ്.

23ാം മിനിട്ടില്‍ ലീഡ്‌സിനായി താരിക് മുഹാരെമോവിച്ച് നേടിയ ഗോള്‍ മാത്രമായിരുന്നു ആദ്യ പകുതിയിലെ ഹൈലൈറ്റ്. ഹാരി വില്‍സണാണ് ഗോളിന് വഴിയൊരുക്കിയത്.

എതിരില്ലാത്ത ഒരു ഗോളിന് ആദ്യ പകുതി സ്വന്തമാക്കിയ ലീഡ്‌സ് രണ്ടാം പകുതിയുടെ തുടക്കത്തിലും ഗോള്‍ നേടി. 48ാം മിനിട്ടില്‍ ബ്രെന്‍ഡന്‍ ആരോണ്‍സണാണ് ലീഡ്‌സിനായി രണ്ടാം ഗോള്‍ നേടിയത്.

ഏറെ നേരത്തെ കാത്തിരിപ്പിനൊടുവില്‍ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിനെ ആവേശത്തിലാഴ്ത്തിയ ഗോള്‍ പിറന്നു. 53ാം മിനിട്ടില്‍ ചെല്‍സി അക്കൗണ്ട് തുറന്നു. പകരക്കാരനായെത്തിയ കോള്‍ പാല്‍മറാണ് പെനാല്‍ട്ടിയിലൂടെ ചെല്‍സിക്കായി ഗോള്‍ നേടിയത്.

ആദ്യ ഗോളിന് രണ്ട് മിനിട്ടിനിപ്പുറം രണ്ടാം ഗോള്‍ നേടി പാല്‍മര്‍ ഹോം ടീമിനെ ഒപ്പമെത്തിച്ചു. പകരക്കാരന്റെ റോളില്‍ കളത്തിലിറങ്ങിയ മോര്‍ഗന്‍ റോജേഴ്‌സാണ് ഗോളിന് വഴിയൊരുക്കിയത്.

60ാം മിനിട്ടില്‍ മറ്റൊരു സബ്സ്റ്റിറ്റിയൂട്ട് താരം പെഡ്രോ നെറ്റോയിലൂടെ ചെല്‍സി മുമ്പിലെത്തുകയും ചേയ്തു. ഇത്തവണയും റോജേഴ്‌സാണ് അസിസ്റ്റ് നല്‍കിയത്.

65ാം മിനിട്ടില്‍ ഡാനി വെല്‍ബാക്കിന് അവസരമൊരുക്കിയ റോജേഴ്‌സ് അസിസ്റ്റില്‍ ഹാട്രിക് പൂര്‍ത്തിയാക്കുകയും ചെയ്തു.

75ാം മിനിട്ടില്‍ ഡൊമനിക് കാല്‍വെര്‍ട്ട്-ലെവിനിലൂടെ ലീഡ്‌സ് ഗോള്‍വ്യത്യാസം കുറച്ചെങ്കിലും 80ാം മിനിട്ടില്‍ വാലന്റൈന്‍ ബാര്‍കോ ചെല്‍സിയുടെ ലീഡ് വീണ്ടും രണ്ടായി ഉയര്‍ത്തി.

ആഡ് ഓണ്‍ ടൈമിന്റെ നാലാം മിനിട്ടില്‍ ഡാനി വെല്‍ബാക്ക് മത്സരത്തില്‍ തന്റെ ബ്രേസും ചെല്‍സിയുടെ ആറാം ഗോളും കണ്ടെത്തി.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ചെല്‍സി 6-3ന്റെ തകര്‍പ്പന്‍ വിജയവും സ്വന്തമാക്കി.

Content Highlight: EFL CUP: Chelsea defeated Leeds United

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more