| Wednesday, 4th June 2025, 11:03 am

16കാരിയെ അഭിഭാഷകൻ ബലാത്സംഗം ചെയ്ത കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം; സി.ഡബ്ള്യു.സിക്കെതിരെ ഗുരുതര ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: പത്തനംതിട്ടയിൽ 16കാരിയെ അഭിഭാഷകൻ ബലാത്സംഗം ചെയ്ത കേസിൽ ഗുരുതര കണ്ടെത്തലുമായി ആഭ്യന്തരവകുപ്പ്. ഒന്നാം പ്രതി നൗഷാദും രണ്ടാം പ്രതിയും സി.ഡബ്ള്യു.സി ചെയർമാന്റെ ഓഫീസിൽ നേരിട്ടെത്തി കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു. അതിജീവിത ശക്തമായി നിലപാടെടുത്തതോടെയാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി റിപ്പോർട്ട് പൊലീസിന് കൈമാറിയതെന്നും കണ്ടെത്തിയതായി ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തു.

2024 ആഗസ്റ്റ് 29 നാണ് ആക്രമണത്തിനിരയായ പെൺകുട്ടിയുടെ അച്ഛൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുന്നത്. പെൺകുട്ടിയുടെ അച്ഛന്റെയും അമ്മയുടെയും വിവാഹമോചന കേസ് വാദിക്കാനെത്തിയ അഭിഭാഷകൻ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. തെളിവായി വോയിസ് ക്ലിപ്പുകൾ അടക്കം പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി കോന്നി എസ്.എച്ച്.ഒയ്ക്കും കോന്നി ഡി.വൈ.എസ്പിക്കും പരാതി കൈമാറി.

എന്നാൽ കോന്നി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഈ കേസ് കൃത്യമായി അന്വേഷിച്ചില്ലെന്നും പെൺകുട്ടിയുടെ മൊഴിയെടുക്കുന്ന ഘട്ടത്തിൽ കുട്ടി കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിക്കുകയും ചെയ്തതായി പരാതി ഉയർന്നു. കേസിൽ പൊലീസ് തുടർനടപടിയൊന്നും തന്നെ എടുത്തില്ല. മാത്രമല്ല പോക്‌സോ കേസിൽ ചെലുത്തേണ്ട ജാഗ്രതയും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.

തുടർന്ന് കേസിലെ തുടക്കത്തിൽ വീഴ്ച വരുത്തിയതിന് കോന്നി ഡി.വൈ.എസ്.പി ടി. രാജപ്പനെയും എസ്.എച്ച്. ഒ ശ്രീജിത്തിനെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ കോന്നി പൊലീസ് കൈമാറിയ കേസിൽ ആറന്മുള പൊലീസും പ്രതിക്ക് സഹായമാകുന്ന രീതിയിലാണ് നടപടികൾ സ്വീകരിച്ചത്. മാസങ്ങളോളം ഒളിവിൽ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയില്ല.

ഈ സസ്പെൻഷൻ ഓർഡറിലാണ് സി.ഡബ്ള്യു.സിക്കെതിരെയും ഗുരുതരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. കേസിലെ ഒന്നും രണ്ടും പ്രതികൾ സി.ഡബ്ള്യു.സി ചെയർമാന്റെ ഓഫീസിൽ നേരിട്ടെത്തുകയും കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തുകയും ചെയ്തുവെന്നായിരുന്നു ആഭ്യന്തര വകുപ്പ് കണ്ടെത്തിയത്.

അതുപോലെ തന്നെ പ്രതികൾ വന്ന് കണ്ടതുകൊണ്ടുതന്നെ സി.ഡബ്ള്യു.സി റിപ്പോർട്ട് നൽകാൻ ഏകദേശം പത്ത് ദിവസത്തോളം താമസം വരുത്തിയെന്നും പറയുന്നു. സി.ഡബ്ള്യു.സി ചെയർമാനും അംഗങ്ങളും ഒത്തുതീർപ്പിനായി വളരെയധികം ശ്രമിച്ചെന്നും എന്നാൽ അതിജീവിത ശക്തമായ നിലപാട് തന്നെ എടുത്തെന്നും റിപ്പോർട്ടിൽ പറയുന്നു. അതുകൊണ്ട് മാത്രമാണ് സി.ഡബ്ള്യു.സി റിപ്പോർട്ട് കൈമാറാൻ നിർബന്ധിതരായതെന്നും സസ്പെൻഷൻ ഓർഡറിൽ പറയുന്നു.

അതേസമയം സി.ഡബ്ള്യു.സിയുമായി കൂടിയാലോചിക്കാതെയുള്ള ഏകപക്ഷീയമായ റിപ്പോർട്ടാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് സി.ഡബ്ള്യു.സി ചെയർമാന്റെ വിശദീകരണം. ഒത്തുതീർപ്പിന് വന്നിട്ടുണ്ടായിരുന്നെങ്കിലും അവർക്ക് വഴങ്ങിയിട്ടില്ലെന്നും പെണ്കുട്ടിയോടൊപ്പമാണ് നിന്നതെന്നും സി.ഡബ്ള്യു.സി ചെയർമാൻ പറഞ്ഞു.

Content Highlight: Efforts are being made to settle the case of a 16-year-old girl molested by a lawyer in Pathanamthitta

We use cookies to give you the best possible experience. Learn more