ബ്രസൽസ്: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനോട് ചർച്ചക്ക് വരാൻ ആവശ്യപ്പെട്ട് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ. ഉക്രൈനിൽ റഷ്യൻ വ്യോമാക്രമണങ്ങൾ വർധിക്കുകയും രാജ്യ തലസ്ഥാനത്തെ യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘത്തിന്റെ ആസ്ഥാനത്ത് നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുടിനോട് സമാധാന ചർച്ചകൾ നടത്താൻ യൂറോപ്യൻ യൂണിയൻ ആവശ്യപ്പെടുന്നത്. യൂറോപ്യൻ യൂണിയന്റെ പ്രാഥമിക എക്സിക്യൂട്ടീവ് ശാഖയാണ് യൂറോപ്യൻ കമ്മീഷൻ.
ഉക്രൈനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള അടിയന്തിര ഫോൺ കോളുകൾ നടക്കുമ്പോഴും യൂറോപ്യൻ യൂണിയനും സമാധാനത്തിനായുള്ള ചർച്ചകൾക്ക് അഭ്യർത്ഥിക്കുന്നതിനൊപ്പം തന്നെ ഉക്രൈനിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധത ഉണ്ടെന്ന് ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു. ‘പുടിൻ ചർച്ചാ മേശയിലേക്ക് വരണം’ എന്നും വോൺ ഡെർ ലെയ്ൻ ആവശ്യപ്പെട്ടു. സാധാരണക്കാർക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള റഷ്യയുടെ തുടർച്ചയായ ആക്രമണങ്ങൾ യൂറോപ്പ് സഹിക്കില്ലെന്നും അവർ മുന്നറിയിപ്പ് നൽകി.
ഉരുക്കിൽ നിർമിച്ച മുള്ളൻ പന്നിയുടേതുപോലെയുള്ള ഉറപ്പുള്ള സുരക്ഷാ ഗ്യാരണ്ടികളോടെ ഉക്രൈന് നീതിപൂർവമായ സ്ഥിരമായ സമാധാനം ഉറപ്പാക്കണമെന്നും യൂറോപ്യൻ കമ്മീഷൻ മേധാവി പറഞ്ഞു. യൂറോപ്പിന്റെ പുതിയ പ്രതിരോധ സംവിധാനമായ സേഫ് ധീരരായ ഉക്രൈനിയൻ സായുധ സേനയെ ശക്തിപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്കുവഹിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
‘റഷ്യയുടെ നിരന്തരമായ ബോംബാക്രമണങ്ങളുടെ മറ്റൊരു രാത്രി’ എന്ന് ഉർസുല വോൺ ഡെർ ലെയ്ൻ എക്സ് ആപ്പിൽ കുറിച്ചതിന് പിന്നാലെയാണ് പുടിൻ ചർച്ചക്ക് തയ്യാറാകണമെന്ന ആവശ്യവുമായി അവർ രംഗത്തെത്തിയത്. റഷ്യ സിവിലിയൻ കേന്ദ്രങ്ങൾ ആക്രമിക്കുകയും നിരപരാധികളുടെ ജീവൻ അപഹരിക്കുകയുമാണ് ചെയ്യുന്നത്. കീവിലെ തങ്ങളുടെ പ്രതിനിധിയെ റഷ്യയുടെ ആക്രമണം ബാധിച്ചു. പ്രതിനിധി സംഘത്തിലെ എല്ലാവരും സുരക്ഷിതരാണ്. സാധാരണക്കാർക്കും അവരുടെ അടിസ്ഥാന സൗകര്യത്തിനുമെതിരെ റഷ്യ നടത്തുന്ന വിവേചനരഹിതമായ ആക്രമണങ്ങൾ ഉടൻ നിർത്തി പുടിൻ നീതിയുക്തവും സ്ഥിരവുമായ സമാധാനത്തിനായുള്ള ചർച്ചകളിൽ പങ്കുചേരണമെന്നും വോൺ ഡെർ ലെയ്ൻ പറഞ്ഞു.
Content highlight: European Commission President Ursula von der Leyen has asked Russian President Vladimir Putin to come for talks