ജാക്കാര്‍ത്ത: വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട കോടതി വിധികളെയും പാര്‍ലമെന്റ് ഇംപീച്ച്‌മെന്റ് നീക്കങ്ങളെയും തുടര്‍ന്ന് രാജിവെച്ച് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജിബ്രാന്‍ റകബുമിങ് റാക.
ജക്കാര്‍ത്തയിലെ പീപ്പിള്‍സ് കണ്‍സള്‍ട്ടേറ്റീവ് അസംബ്ലി (എം.പി.ആര്‍) സ്പീക്കര്‍ അഹമ്മദ് മുസാനിക്കാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. 1998ന് ശേഷം കാലാവധി പൂര്‍ത്തിയാക്കാതെ പദവിയൊഴിയുന്ന ആദ്യ ഇന്തോനേഷ്യന്‍ വൈസ് പ്രസിഡന്റാണ് റാക.
വിദേശ പഠനവുമായി ബന്ധപ്പെട്ട റാകയുടെ ഹയര്‍ സെക്കന്‍ഡറി തത്തുല്യ സര്‍ട്ടിഫിക്കറ്റ് ഒക്ടോബറില്‍ ഇന്തോനേഷ്യന്‍ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. രാജ്യത്തെ തെരഞ്ഞെടുപ്പ് നിയമപ്രകാരം സ്ഥാനാര്‍ത്ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസമോ തത്തുല്യ യോഗ്യതയോ നിര്‍ബന്ധമാണ്. ഇതിന് പിന്നാലെ, യോഗ്യതാ തര്‍ക്കത്തില്‍ ഇംപീച്ച്മെന്റ് സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നൂറിലധികം ജനപ്രതിനിധികള്‍ ബുധനാഴ്ച പാര്‍ലമെന്റില്‍ നിവേദനം നല്‍കിയിരുന്നു.
നേരത്തെ ചൊവ്വാഴ്ച പ്രസിഡന്റ് പ്രബോവോ സുബിയാന്തോയ്ക്ക് മുന്നില്‍ റാക രാജിസന്നദ്ധത അറിയിച്ചിരുന്നെങ്കിലും ആരോപണങ്ങളെ പ്രതിരോധിക്കാനായിരുന്നു പ്രസിഡന്റിന്റെ നിര്‍ദേശം. എന്നാല്‍ പാര്‍ലമെന്റ് സമ്മേളിക്കുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം ഔദ്യോഗികമായി രാജിവെക്കുകയായിരുന്നു.
2023-ല്‍ പ്രാദേശിക ഭരണപരിചയമുള്ളവര്‍ക്ക് 40 വയസ് എന്ന പ്രായപരിധിയില്‍ ഭരണഘടനാ കോടതി ഇളവ് നല്‍കിയതിലൂടെയാണ് റാകയ്ക്ക് മത്സരിക്കാന്‍ അവസരം ലഭിച്ചത്.
വൈസ് പ്രസിഡന്റിന്റെ രാജി രാജ്യത്ത് പുതിയ പൊതുതെരഞ്ഞെടുപ്പിന് കാരണമാകില്ല. ഭരണഘടന പ്രകാരം അടുത്ത 60 ദിവസത്തിനുള്ളില്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ നിര്‍ദേശിക്കുന്ന രണ്ട് പേരില്‍ നിന്ന് ഒരാളെ പാര്‍ലമെന്റ് പുതിയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കും.
Content Highlight: Educational qualifications questioned: Indonesian Vice President resigns