| Thursday, 30th November 2017, 8:42 pm

വയനാട് ജില്ലയിലെ ആദിവാസി കുട്ടികളുടെ വിദ്യഭ്യാസം, അനുഭവങ്ങളിലൂടെ സര്‍വ്വ ശിക്ഷാ അഭിയാന്‍ പറയുന്നത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സര്‍വ്വ ശിക്ഷാ അഭിയാന്‍ വയനാട് ആദിവാസി സമൂഹത്തിലെ വിദ്യാര്‍ത്ഥികളിലെ സ്‌കൂളില്‍ നിന്നുള്ള കൊഴിഞ്ഞ് പോക്കിന്റെ കണക്കെടുക്കുന്നത് ഈ വര്‍ഷമാണ്. 2017 ല്‍ മാത്രമായി ഇതുവരെയുള്ള കണക്കനുസരിച്ച് 2758 കുട്ടികളാണ് സ്‌കൂളില്‍ നിന്നും പല കാരണങ്ങളാല്‍ പഠനം ഉപേക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം ഇതിനേക്കാള്‍ കൂടുതല്‍ കുട്ടികള്‍ കൊഴിഞ്ഞു പോയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്
ആദിവാസി വിദ്യഭ്യാസത്തിലെ പ്രധാന പ്രശ്നം കുട്ടികളുടെ കൊഴിഞ്ഞുപോക്കെന്നാണ് എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ബാബുരാജ് പറയുന്നത്. സ്‌കൂളിനെ പാടെ ഉപേക്ഷിച്ചു പോവുകയല്ല മറിച്ച് സീസണ്‍ അനുസരിച്ചാണ് കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാകുന്നത്. പ്രധാനമായും കുട്ടികള്‍ കൂടുതല്‍ കൊഴിഞ്ഞു പോകുന്നത് വിളവെടുപ്പ് കാലത്തും ഉത്സവ കാലത്തുമാണ് എന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നു.

കുരുമുളക്, കാപ്പി, അടക്ക എന്നിവയുടെ വിളവെടുപ്പ് സമയത്ത് കുട്ടികള്‍ വീട്ടിലെ മുതിര്‍ന്നവരോടൊപ്പം പണിക്ക് പോകുന്നു. വളരെ തുച്ഛമായ കൂലിയാണ് ലഭിക്കുക എന്നാലും അവര്‍ അതിനു പോകുന്നു. ഇതിനു പ്രധാന കാരണം വീടുകളിലെ സാമ്പത്തിക ശേഷിയുടെ കുറവാണു. ഇതിനു മാത്രമല്ല ഇഞ്ചിക്കൃഷിയുടെ സമയത്തും കുട്ടികള്‍ മുതിര്‍ന്നവരുടെ കൂടെ പണിക്ക് പോകാറുണ്ടെന്നും അദ്ദേഹം പറയുന്നു. ഇതൊരു തരത്തില്‍ ചുഷണമാണ്. ചെറിയ കാശിനു കുട്ടികളെക്കൊണ്ട് പണിയെടുപ്പിച്ച് മുതലാളിമാര്‍ ലാഭം ഉണ്ടാക്കുന്നു.

ഓരോ ഊരുകളിലും വ്യത്യസ്ത സമയത്താണ് ഉത്സവമുണ്ടാവുക. വിശ്വാസ ആചാരപ്രകാരമുള്ള ഉത്സവങ്ങള്‍ക് അവര്‍ എല്ലാ ഊരിലും പോവുന്നു. പിന്നീട് അതെല്ലാം കഴിഞ്ഞു അവരെ കൂട്ടികൊണ്ടുവരണം. പ്രോജക്ട് ഓഫീസര്‍ ബാബുരാജ് പറയുന്നു. അതുപോലെത്തന്നെ സ്‌കൂളുകള്‍ക്കുള്ള ദീര്‍ഘകാല അവധിക്കു ശേഷം കുട്ടികള്‍ സ്‌കുളില്‍ എത്താറില്ല. ഓണം ക്രിസ്തുമസ് അവധികള്‍ കഴിഞ്ഞ് കുട്ടികളെ ഊരുകളില്‍ പോയി കൊണ്ടുവരേണ്ട സ്ഥിതിയാണ്. പഠനം ഉപേക്ഷിച്ചു പോകുന്നില്ലെങ്കില്‍ കൂടെ ഇത്തരത്തിലുള്ള കൊഴിഞ്ഞു പോക്കുകള്‍ ആദിവാസി മേഖലയിലെ കുട്ടികളെ അക്കാദമിക് നിലവാരത്തില്‍ മറ്റു കുട്ടികളെക്കാളും പുറകിലാകാന്‍ കാരണമാകുന്നു. മാത്രമല്ല ആശയ കൈമാറ്റത്തിലെ ഭാഷാപരമായ പ്രശ്നങ്ങളും ഇടപഴകുന്നതില്‍ മറ്റു കുട്ടികള്‍ കാണിക്കുന്ന അവഗണനകളും ഇവരെ സ്‌കൂളില്‍നിന്നും അകറ്റുന്നതിനു കാരണമാകുന്നു.

സാമ്പത്തിക പിന്നോക്കാവസ്ഥ കാരണം അതിരാവിലെ പണിക്കു പോകുന്ന രക്ഷിതാക്കള്‍ക്ക് കുട്ടികള്‍ക്ക് രാവിലെയുള്ള ഭക്ഷണം ഒരുക്കി നല്‍കാന്‍ കഴിയാറില്ല. ഇത് കുട്ടികളെ കായ് കനികള്‍ തേടിപ്പോകാനോ പണിക്ക് പോകാനോ നിര്‍ബന്ധിതരാക്കുന്നു. ഈ അവസ്ഥ മനസ്സിലാക്കി കുട്ടികളെ സ്‌കുളിലെത്തിക്കാന്‍ വയനാട് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും ആദിവാസി കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കിവരുന്നതായും അദ്ദേഹം പറയുന്നു.

കുട്ടികള്‍ ചെറുപ്പത്തിലേ ലഹരി ഉപയോഗം തുടങ്ങുന്നു എന്നത് മറ്റൊരു പ്രധാന പ്രശ്നമാണെന്നും അദ്ദേഹം പറയുന്നു. മുതിര്‍ന്നവര്‍ക്കൊപ്പം മുറുക്കി ശീലിക്കുകയും പതിയെ അത് പാന്‍പരാഗുകളിലും മറ്റും എത്തുമെന്നും അദ്ദേഹം പറയുന്നു. ലഹരി കൊടുത്ത് മറ്റു പൊതുവിഭാഗം ഇവരെ ജോലിക്ക് ഉപയോഗിച്ച് ചൂഷണവും നടത്തുന്നു. വിദ്യഭ്യാസം നല്‍കുന്നതിലൂടെ മാത്രമെ അതിനെ മറികടക്കാന്‍ കഴിയുകയൊള്ളു എന്നി അദ്ദേഹം ഉറപ്പിക്കുന്നു.
ഡ്രോപ്പ് ഔട്ട് ഫ്രീ ക്യാമ്പയിന്‍

ആദിവാസി വിഭാഗത്തിലെ കുട്ടികളെ കൃത്യമായി ക്ലാസ്സുകളില്‍ എത്തിക്കുന്നതിന് വേണ്ടി വയനാട് ജില്ലാതലത്തില്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍ നടപ്പിലാക്കിയ പരിപാടിയാണ് ഡ്രോപ്പ് ഔട്ട് ഫ്രീ ക്യാമ്പയിന്‍. ഇതിന്റെ ഭാഗമായി ആദ്യം ചെയ്തത് സ്‌കൂളുകള്‍ ആരംഭിക്കുന്ന സമയത്തു കുട്ടികളെ കൃത്യമായി സ്‌കൂളില്‍ എത്തിക്കുക എന്നതായിരുന്നു. അത് പുര്‍ണമായും വിജയത്തില്‍ എത്തി. ഇതുമൂലം ക്ലാസുകളില്‍ ആദിവാസി വിഭാഗത്തിലെ കുട്ടികളുടെ വലിയ രീതിയിലുള്ള വര്‍ദ്ധനവ് ഉണ്ടായി എന്ന് ബാബുരാജ് സാക്ഷ്യപ്പെടുത്തുന്നു. “ഇതിന്റെ ഭാഗമായി എല്ലാ ഊരുകളിലും പല തവണ പോയി കുട്ടികളെയും രക്ഷിതാക്കളെയും കണ്ടു. നല്ലരീതിയില്‍ ബോധവത്കരണം നടത്തുകയും ചെയ്തു. ഇതിന് എല്ലാ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധരായി രംഗത്തിറങ്ങുകയും ചെയ്തു. അതിന്റെ ഫലമായിട്ടാണ് വലിയ രീതിയിലുള്ള വര്‍ദ്ധനവ് ഉണ്ടായത്” എസ്. എസ്. എ ഓഫീസര്‍ പറയുന്നു.

മെന്റര്‍ ടീച്ചര്‍മാര്‍

ആദിവാസി കുട്ടികളുടെ പ്രധാന വിഷയം ഭാഷാപരമായ വെല്ലുവിളികളാണ്. ഇത് പരിഹരിക്കാന്‍ അവരുടെ ഊരുകളില്‍നിന്നുള്ള മെന്റര്‍മാരെ ഉപയോഗിച്ചു. ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലുമാണ് മെന്റര്‍ ടീച്ചര്‍മാരുടെ പ്രധാന ചുമതല. ആദ്യമായി സ്‌കൂളിലെത്തുന്ന കുട്ടികളിലെ പൊതുബോധം മാറ്റിയെടുത്തു പരസ്പരം ഇടപഴകാന്‍ പ്രാപ്തരാക്കുന്നു. ഭാഷാപരമായി നേരിടുന്ന പ്രശ്നങ്ങളിലും പ്രതിവിധിയാകുന്നതും ഇവരാണ്. മറ്റുകുട്ടികളില്‍ നിന്നുണ്ടാകുന്ന അവഗണനയും ഭാഷാപരമായ പ്രശ്നങ്ങളുമാണ് ഇവരെ സ്‌കൂളില്‍ നിന്നും മടക്കിയിരുന്ന അവസ്ഥക്ക് മാറ്റം വരുത്താന്‍ മെന്റര്‍ ടീച്ചര്‍മാര്‍ക്കായി. ആദിവാസി വിഭാഗത്തിന് വിദ്യഭ്യാസം നല്‍കാല്‍ വയനാട് ജില്ലയില്‍ മാത്രമാണ് ഇത്തരത്തില്‍ കാര്യക്ഷമമായ പ്രവര്‍ത്തനം നടക്കുന്നതെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. കുട്ടികളെ സ്‌കൂളില്‍ എത്തിക്കുന്നതിന് പ്രത്യേകം വാഹനങ്ങളും ട്രാവല്‍ അലവന്‍സും കൊടുക്കുന്നുണ്ട്.

്ക്ലാസുകളില്‍ ഏത് വിഭാഗമാണോ കൂടുതല്‍ അവരുടെ വിഭാഗത്തില്‍ നിന്നാണ് മെന്റര്‍ ടീച്ചര്‍മാരെ നിയോഗിക്കുന്നത്. കേരളത്തില്‍ വയനാട്ടില്‍ മാത്രമാണ് ഇങ്ങനെ ഉളളത്. 241 ഒഴിവുകളാണ് ഉണ്ടായിരുന്നത്. അതിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍ ടി.ടി.സി യോഗ്യതയുള്ള 300 ല്‍ കൂടുതല്‍ ആളുകളാണ് അപേക്ഷിച്ചത്. ഇത് അത്ഭുതപ്പെടുത്തിയെന്ന് ബാബുരാജ് പറയുന്നു.

ഊരു വിദ്യാ സംഘം

കുട്ടികളെ സ്‌കൂളികളുലേക്കും സ്‌കൂളില്‍ നിന്ന് തിരിച്ച് വീട്ടിലെത്തിക്കാനും മുന്‍കൈ എടുക്കുന്നവരാണ് ഊരു വിദ്യാ സംഘം. ഓരോ ഊരുകളിലും പ്രത്യേകം ഊര് വിദ്യാ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. ഊരു വിദ്യാ സംഘത്തിന്റെ വളണ്ടിയേഴ്‌സാണ് ഊര് വിദ്യാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നത്. ഓരോ ഊരുകളിലും അംഗന്‍വാടിയോ വായനശാലകളോ ഉപയോഗപ്പെടുത്തി കുട്ടികള്‍ക്ക് കൂടുതല്‍ പാഠ്യ പ്രവത്തനം നടത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. എന്നാല്‍ ഇതൊരു താല്കാലിമായുള്ള സംവിധാനം മാത്രമാണെന്നും സ്ഥിരമായി കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നും സര്‍വ്വ ശിക്ഷാ അഭിയാന്‍ ജില്ലാ പ്രൊജക്ട് ഓഫിസര്‍ പറയുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ആദിവാസി കുട്ടികളെ ഉയര്‍ത്തുന്നതിന് പ്രത്യേകം ടീച്ചര്‍മാരെ നിയോഗിച്ചിട്ടുണ്ട്. കലാ കായിക രംഗത്തില്‍ മികവ് പുലര്‍ത്തുന്നതിനാണ് ഇത്.

കായിക മേഖല

ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ക്ക് പൊതുവെ കായിക ശേഷി കൂടുതലാണെന്നും കായിക രംഗത്ത് വയനാട് ജില്ല മുന്നോട്ട് കുതിക്കുന്നത് ഈ കുട്ടികളുടെ കഴിവുകള്‍ കൊണ്ടാണെന്നും ബാബുരാജ് വ്യക്തമാകുന്നു. എന്നാല്‍ അവര്‍ക്ക് വേണ്ട രീതിയിലുള്ള പരിശീലനം ലഭിക്കാറില്ല. അത് പരിഹരിക്കാന്‍ 55 അധ്യാപകരെ കായികരംഗത് മാത്രം നിയമിച്ചു. കൂടാതെ കുതിപ്പ് എന്ന പേരില്‍ 5,6,7 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി ഒരാഴ്ച്ച നീണ്ടു നിന്ന ക്യാമ്പ് സംഘടിപ്പിച്ചു. അതില്‍ രാജ്യാന്തര നിലവാരമുള്ള പരിശീലകരെ കൊണ്ട് വന്ന് പരിശീലനം നടത്തുകയും ചെയ്തു.

പ്രധാനമായും ആദിവാസി കുട്ടികള്‍ മികവ് പുലര്‍ത്തുന്നത് അത്ലറ്റിക്സ് ഇനങ്ങളിലാണ്. ഓട്ടം, ഹൈജംപ്, ലോങ്ങ് ജംപ് തുടങ്ങിയവ. മറ്റു കായിക ഇനങ്ങളില്‍ ഇവര്‍ക്കു ഉയരാനാകുന്നില്ല. കാരണം ഊരുകളില്‍ അതിനനുസൃതമായ സൗകര്യങ്ങള്‍ ഒന്നുംതന്നെ ഇല്ല എന്നതാണെന്നും അദ്ദേഹം പറയുന്നു. കായിക രംഗത്ത് മാത്രം ഇവരെ ഉപയോഗിക്കുന്ന അവസ്ഥ ഉണ്ട് എന്ന് അദ്ദേഹം മറച്ചുവെക്കുന്നില്ല. ചാംപ്യന്‍ഷിപ്പുകള്‍ നേടാനും പേരെടുക്കാനും മാത്രമായി ആദിവാസി കുട്ടികളിലെ കായിക മികവിനെ സ്‌കൂള്‍ അധികൃതര്‍ ഉപയോഗിക്കുന്നു. ശേഷം ഇവരുടെ വിദ്യാഭ്യാസത്തില്‍ യാതൊരു ഇടപെടലുകളും നടത്തുന്നില്ല.

കലാരംഗം

കലാ രംഗത്തും ആദിവാസി കുട്ടികള്‍ മുന്നിട്ട് നില്‍ക്കുന്നു. കല ഗോത്ര സമൂഹത്തിന്റെ ജീവിത രീതിയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ആദിവാസി ജീവിതം തുടിയും പാട്ടും ആട്ടവും ഒക്കെയായി താളം നിറഞ്ഞതാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. എന്നാല്‍ സ്‌കൂളുകളില്‍ എത്തുമ്പോള്‍ അവര്‍ ഒതുങ്ങിപ്പോകുന്നു. അവര്‍ അവരുടെ കഴിവുകളുമായി പൊതുസമൂഹത്തിന്റെ മുന്നിലെത്താന്‍ മടി കാണിക്കുകയാണെന്നും ഇത് പരിഹരിക്കുന്നതിനായി എസ്. എസ്. എ ഊരുകളില്‍ ഊര് ഫെസ്റ്റ് നടപ്പിലാക്കിയെന്നും ബാബുരാജ് പറുന്നു. “ഇതിലൂടെ കുട്ടികളെ നല്ലരീതിയില്‍ പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞു. കൂടാതെ മറ്റ് കുട്ടികള്‍ക്ക് ആദിവാസി സമൂഹത്തിന്റെ കലാരംഗം പരിചയെപ്പെടാനും ആസ്വാദിക്കാനും അവസരമുണ്ടായി. ഇത്തരത്തില്‍ ഫെസ്റ്റ് നടത്തിയതിന്റെ ഭാഗമായി സ്‌കൂളുകളില്‍ കലാ പരിപാടികളുമായി ഇറങ്ങാന്‍ കുട്ടികള്‍ക്ക് ആത്മ വിശ്വാസം നല്‍കി” ബാബുരാജ് പറയുന്നു.

അധികാരികളില്‍ നിന്നും പൊതു ജനത്തില്‍ നിന്നും മുഴുവന്‍ പ്രവര്‍ത്തനങ്ങനള്‍ക്കും പൂര്‍ണ്ണ പിന്തുണയാണ് ലഭിക്കുന്നതെന്ന് ബാബുരാജ് പറയുന്നു. പ്രഭാത ഭക്ഷണം കുട്ടികള്‍ക്ക് ഒരുക്കുന്നത് ജില്ലാ പഞ്ചായത്തതാണ്. ജില്ലാ കളക്ടര്‍ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഏകീകരിപ്പിക്കുന്നു. മീറ്റിംഗുകള്‍ വിളിച്ച് കൂട്ടുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ജനമൈത്രി പൊലീസ്, എക്സൈസ്, കുടുംബശ്രീ, ട്രൈബല്‍ ഡിപ്പാര്‍ട്മെന്റ് പ്രാദേശിക ക്ലബ്ബുകള്‍ തുടങ്ങി എല്ലാവരും മുന്നോട്ട് വരുന്നത് കൊണ്ട് നടപ്പാക്കുന്ന പദ്ധതികള്‍ വിജയം കാണുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് പഠിക്കാനാവശ്യമായ ഒരു അടിസ്ഥാന സൗകര്യങ്ങളോ അനുകൂല സാഹചര്യങ്ങളോ ഇല്ല. പണിതീരാത്തതും ചോര്‍ന്നൊലിക്കുന്നതുമായ വീടുകളില്‍ നിന്നുമാണ് മിക്കവരും വരുന്നത്.

ഭൂരിപക്ഷത്തിന്റെ വിദ്യാഭ്യാസ ആശയം ആദിവാസി സമൂഹത്തിലേക്കു അടിച്ചേല്‍പ്പിക്കുകയാണ്. ഇത് കൊണ്ട് ആദിവാസി ഗോത്ര സമൂഹത്തിന്റെ സംസ്‌കാരം നശിക്കുമെന്ന ആശങ്കയും ബാബുരാജ് പങ്കുവെക്കുന്നു. “ഭൂരിപക്ഷത്തിന്റെ സംസ്‌കാരത്തിലേക് അവരെ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. അവരുടെ സംസ്‌കാരം നശിക്കാതിരിക്കാന്‍ കലാ രുപങ്ങളെ നിലനിറുത്താനും അവരിലൂടെ പുറത്തെത്തിക്കാനും ഞങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. കൂടാതെ അവരുടെ ഭാഷക്ക് പ്രാമുഖ്യം നല്‍കുകയും അത് മെന്റര്‍ ടീച്ചര്‍മാരിലൂടെ മറ്റു കുട്ടികള്‍ക്ക് പരിചിതമാക്കാനും ശ്രമിക്കുന്നു.” അദ്ദേഹം പറഞ്ഞു.

ആദിവാസി സമൂഹത്തിന്റെ സംസ്‌കാരവും ഭാഷയും നശിപ്പിക്കരുത് എന്നുള്ളത് കൊണ്ട് തന്നെ പുതിയൊരു നിര്‍ദ്ദേശവും സര്‍ക്കാരിന് മുന്നില്‍ വയനാട്ടിലെ എസ്.എസ്.എ സമര്‍പ്പിച്ചിട്ടുണ്ട്. അതിനായി എം.എല്‍.എ സി. കെ ശശീന്ദ്രനും പൂര്‍ണ പുന്തുണ നല്‍കിയെന്ന് ബാബുരാജ് പറയുന്നു. “മറ്റു ഭാഷകള്‍ എല്ലാം ആദിവാസി ഗോത്ര സമൂഹത്തിലെ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിതമായി പഠിപ്പിക്കുമ്പോള്‍ അവരുടെ ഭാഷയെയും പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അവരെ വിദ്യാഭാസ മേഖലയിലേക്ക് താല്‍പര്യപൂര്‍വം എത്തിക്കാനും മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് ഗോത്ര ഭാഷ പരിചയപ്പെടാനും പഠിക്കാനും അവസരം ഉണ്ടാക്കണം.”

We use cookies to give you the best possible experience. Learn more