| Thursday, 18th September 2025, 9:35 am

മോദിയുടെ ജീവിതത്തെക്കുറിച്ചുള്ള സിനിമ സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കണം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെക്കുറിച്ചുള്ള സിനിമ ചലോ ജീത്തേ ഹേ സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശിച്ച് വിദ്യാഭ്യാസ മന്ത്രാലയം.

സെപ്റ്റംബര്‍ 16 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ സി.ബി.എസ്.ഇ, കെ.വി.എസ്, നവോദയ വിദ്യാലയ എന്നിവയുടെ കീഴിലുള്ള എല്ലാ സ്‌കൂളുകളിലും സിനിമ പ്രദര്‍ശിപ്പിക്കണമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം.

മന്ത്രാലയത്തിന് കീഴിലുള്ള സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പില്‍ നിന്ന് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. പ്രധാനമന്ത്രിയുടെ ജന്‍മദിനത്തോട് അനുബന്ധിച്ചാണ് സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശം സ്‌കൂളുകള്‍ക്ക് നല്‍കിയത്.

എന്നാല്‍, ഈ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും (എന്‍.സി.പി) അതിരൂക്ഷമായി വിമര്‍ശിച്ചു.

മോദിയെക്കുറിച്ചുള്ള ചിത്രം വിദ്യാര്‍ത്ഥികള്‍ക്ക് എന്തിനാണ് കാണിച്ചുകൊടുക്കുന്നതെന്നും അസത്യങ്ങളെ സത്യമായി കാണിക്കാന്‍ മോദിക്ക് കഴിയുമെന്നും കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പറഞ്ഞു.

പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള ഹ്രസ്വചിത്രം പ്രദര്‍ശിപ്പിക്കാന്‍ സ്‌കൂളുകളോട് ആവശ്യപ്പെട്ടത് പ്രധാനമന്ത്രിയുടെ ജനപ്രീതി കുറഞ്ഞുവരുന്നതിന്റെ തെളിവാണെന്ന് എന്‍.സി.പി വക്താവ് നവാബ് മാലിക്കും പറഞ്ഞു

സ്വഭാവം, സേവനം, ഉത്തരവാദിത്തം എന്നിവയെക്കുറിച്ച് ചിന്തിക്കാനും പഠിക്കാനും ഈ സിനിമ സഹായിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു.
സാമൂഹിക-വൈകാരികത, സഹാനുഭൂതി,വിമര്‍ശനാത്മക ചിന്ത, എന്നിവയുടെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കാനും കഴിയുമെന്നുമാണ് സര്‍ക്കുലറിനൊപ്പം വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്.

സ്വാമി വിവേകാനന്ദനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട നരേന്ദ്രന്‍ എന്ന ആണ്‍കുട്ടിയെക്കുറിച്ചാണ് ചിത്രം പറയുന്നത്. പിന്നീട് അയാള്‍ മറ്റുള്ളവരെ സേവിക്കുന്നതിനായി ജീവിതം മാറ്റിവെക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

പ്രധാനമന്ത്രി മോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17 ന് ചലോ ജീത്തേ ഹേ പ്രത്യേക റീ റിലീസ് നടത്തുമെന്ന വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തോടൊപ്പമാണ് ഈ നിര്‍േശം.

എന്നിരുന്നാലും, മിഡ്‌ടേം പരീക്ഷകള്‍ ഉള്ളതിനാല്‍ സ്‌ക്രീനിങ്ങുകള്‍ സംഘടിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്നും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായുള്ള ഗ്രൂപ്പില്‍ മന്ത്രാലയത്തിന്റെ കത്തിനൊപ്പം ചിത്രത്തിന്റെ യൂട്യൂബ് ലിങ്ക് പങ്കിട്ടിട്ടുണ്ടെന്നും ദല്‍ഹി ആസ്ഥാനമായുള്ള സി.ബി.എസ്.സി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ പറഞ്ഞു.

അതേസമയം, ഒക്ടോബര്‍ 2 വരെ സ്‌കൂളുകള്‍ കൂടാതെ പി.വി.ആര്‍, സിനിപൊളിസ്, മിറാജ് എന്നിവയുള്‍പ്പെടെ ഏകദേശം 500ഓളം സിനിമാ തിയേറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിക്കും.

2018 ജൂലൈയില്‍ പുറത്തിറങ്ങിയ 32 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹിന്ദി ചിത്രത്തിന്റെ രചന നിര്‍വഹിച്ചതും സംവിധാനം ചെയ്തതും മങ്കേഷ് ഹഡാവാലെയാണ്.

Content Highlight: Education Ministry suggests showing film on Modi’s life in schools

We use cookies to give you the best possible experience. Learn more