തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്നാരോപിച്ച് മുഖ്യമന്ത്രിയെ അതൃപ്തിയറിയിക്കാനൊരുങ്ങി രാജ്ഭവന്‍. വിദ്യാഭ്യാസ മന്ത്രി ഏതൊക്കെ തരത്തിലാണ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയതെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് രാജ്ഭവന്‍ കത്ത് നല്‍കുമെന്നാണ് വിവരം.
ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് അതൃപ്തി അറിയിച്ചുള്ള കത്തെഴുതാനുള്ള തീരുമാനം. ഇന്നലെ രാജ്ഭവനില്‍ നടന്ന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചതിനെ തുടര്‍ന്ന് മന്ത്രി പരിപാടി ബഹിഷ്‌ക്കരിച്ചിരുന്നു. തുടര്‍ന്ന് ഗവര്‍ണറുമായുള്ള പോര് മുറുകുകയായിരുന്നു.
നേരത്തെ സാമൂഹ്യ മാധ്യമമായ എക്‌സിലും മന്ത്രിയും ഗവര്‍ണറും തമ്മില്‍ വാഗ്‌വാദം നടന്നിരുന്നു. പിന്നാലെ ഗവര്‍ണറുടെ അധികാരങ്ങളെന്തൊക്കെയെന്ന് വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കുന്നതിനായി പാഠ്യപദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
ഗവര്‍ണര്‍ ഗവര്‍ണറുടെ ജോലി ചെയ്യുകയാണെങ്കില്‍ അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുമെന്നും അദ്ദേഹം ആര്‍.എസ്.എസുകാരനായാല്‍ അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. മന്ത്രിയെന്ന നിലയില്‍ താന്‍ പ്രോട്ടോകോള്‍ ലംഘിച്ചിട്ടില്ലെന്നും എന്നാല്‍ കാവിക്കൊടിയേന്തിയ പ്രസ്തുത ചിത്രത്തില്‍ തിരിതെളിയിക്കുന്ന ഗവര്‍ണറുടെ നടപടി ഏത് പ്രോട്ടോകോള്‍ പ്രകാരമാണെന്നും മന്ത്രി ചോദിച്ചിരുന്നു. കാവിക്കൊടിയേന്തിയ സ്ത്രീയെ ബഹുമാനിക്കാന്‍ ഗവര്‍ണര്‍ക്ക് എവിടെ നിന്നാണ് ഉപദേശം ലഭിച്ചതെന്നും രാജ്ഭവനെ ആര്‍.എസ്.എസ്. കേന്ദ്രമാക്കി ഗവര്‍ണര്‍ മാറ്റിയെന്നും മന്ത്രി വിമര്‍ശിക്കുകയുണ്ടായി.
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെത്തുടര്‍ന്ന് ചടങ്ങ് ബഹിഷ്‌ക്കരിച്ച മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ വിമര്‍ശനവുമായി രാജ്ഭവന്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഗവര്‍ണറുടെ ചടങ്ങ് ബഹിഷ്‌ക്കരിച്ച മന്ത്രിയുടെ നിലപാട് കടുത്ത ചട്ടലംഘനമാണെന്നും ഗവര്‍ണറെ അപമാനിക്കുന്നതിന് തുല്യമാണെന്നും ചൂണ്ടിക്കാട്ടി രാജ്ഭവന്‍ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ഗവര്‍ണര്‍ക്ക് പുറമെ ഗവര്‍ണറുടെ ഓഫീസിനേയും ഭരണഘടന പദവിയേയും മന്ത്രി പരസ്യമായി അപമാനിച്ചെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.
രാജ്ഭവനില്‍ നടന്ന സ്‌കൗട്ട് ആന്റ് ഗൈഡ് പരിപാടിയാണ് മന്ത്രി ബഹിഷ്‌ക്കരിച്ചത്. വിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത പരിപാടിയില്‍ ഭാരതാംബയുടെ ചിത്രംഗവര്‍ണര്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. പിന്നാലെ ഇതില്‍ മന്ത്രി അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. നേരത്തെ പരിസ്ഥിതി ദിനത്തില്‍ മന്ത്രി പി. പ്രസാദും രാജ് ഭവനില്‍ സമാന ചിത്രം ഉപയോഗിക്കുന്നതിനെ വിമര്‍ശിച്ച് പരിപാടി റദ്ദാക്കിയിരുന്നു.
Content Highlight: Education Minister violates protocol; Raj Bhavan to express dissatisfaction to Chief Minister