| Friday, 1st August 2025, 8:41 pm

കേരള സ്റ്റോറിക്കുള്ള അംഗീകാരം മറ്റ് പുരസ്‌കാരങ്ങളുടെ തിളക്കം കെടുത്തുന്നത്: വി.ശിവന്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിനെതിരായുള്ള പ്രൊപ്പഗാഡ ചിത്രം കേരള സ്‌റ്റോറിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ വിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. 71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സംവിധായകന്‍, മികച്ച ഛായാഗ്രാഹകന്‍ എന്നീ പുരസ്‌കാരങ്ങളാണ് കേരള സ്‌റ്റോറിക്ക് ലഭിച്ചത്. ഇതിന് പിന്നാലെയാണ് മന്ത്രി വി. ശിവന്‍കുട്ടി ഫേസ്ബുക്കില്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതില്‍ കേരളത്തില്‍ നിന്നുള്ള പ്രതിഭകള്‍ക്ക് ലഭിച്ച അംഗീകാരത്തില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് വി.ശിവന്‍കുട്ടി പറഞ്ഞു. എന്നാല്‍ നമ്മുക്ക് കിട്ടിയ എല്ലാ നേട്ടങ്ങളുടെയും തിളക്കം കെടുത്തുന്ന ഒന്നാണ് ‘ദ കേരള സ്റ്റോറി‘ എന്ന സിനിമയ്ക്ക് ലഭിച്ച അംഗീകാരമെന്ന് വി.ശിവന്‍ കുട്ടി വിമര്‍ശിച്ചു.

മറ്റ് പുരസ്‌കാരങ്ങളുടെ മൂല്യം തന്നെ കുറയ്ക്കുന്ന ഒന്നാണ് കേരള സ്റ്റോറിക്ക് ലഭിച്ച പുരസ്‌കാരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടിസ്ഥാനരഹിതമായ ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നിറഞ്ഞ ഒരു സിനിമയ്ക്ക് ദേശീയ പുരസ്‌കാരം നല്‍കുന്നത് അങ്ങേയറ്റം ഖേദകരമാണെന്നും അത് കലയോടുള്ള നീതിയല്ല, മറിച്ച് സമൂഹത്തില്‍ വിഭജനം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവണതകള്‍ നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതക്ക് ഒട്ടും ചേര്‍ന്നതല്ലെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

അതേസമയം മികച്ച മലയാള സിനിമക്കുള്ള അവാര്‍ഡ് നേടിയ ഉള്ളൊഴുക്ക് എന്ന ചിത്രത്തിന്റെ സംവിധായകന്‍ ക്രിസ്റ്റോ ടോമിയെയും, മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയ ഉര്‍വശിയേയും, മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയ വിജയരാഘവനെയും (സിനിമ-പൂക്കാലം) അദ്ദേഹം അഭിനന്ദിച്ചു.

Content highlight: Education Minister V. Sivankutty reacts to controversial film Kerala Story winning National Award 

We use cookies to give you the best possible experience. Learn more