കൊല്ലം: കെട്ടിടത്തിനു മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കവെ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി.
സംഭവം അതീവ ദുഃഖകരമെന്ന് പറഞ്ഞ മന്ത്രി സംഭവത്തിൽ അന്വേഷണം നടത്തി ഉടനടി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകുകയായിരുന്നു. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ട്.
സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി രൂക്ഷ വിമർശനം നടത്തി. പ്രിന്‍സിപ്പലിനും ഹെഡ്മിസ്ട്രസിനും എന്താണ് പണിയെന്നും സംസ്ഥാനത്തെ 14,000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ശ്രദ്ധിക്കാന്‍ സാധിക്കില്ലല്ലോയെന്നും മന്ത്രി ചോദിച്ചു. ഉച്ചയ്ക്ക് ശേഷം സംഭവസ്ഥലത്തേക്ക് പോകുമെന്നും മന്ത്രി അറിയിച്ചു.
‘വേനലവധി കഴിയുമ്പോള്‍ തന്നെ സ്‌കൂള്‍ അധികൃതര്‍ ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് യോഗം ചേര്‍ന്ന് അറിയിച്ചതാണ്. അതില്‍ പ്രധാനപ്പെട്ടതാണ് സ്‌കൂള്‍ കോമ്പൗണ്ടിലൂടെ കടന്നുപോകുന്ന വൈദ്യുത കമ്പി നീക്കം ചെയ്യല്‍. സ്‌കൂളിന് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് കിട്ടിയതില്‍ പരിശോധന നടത്തും. അധ്യാപകരും ഹെഡ്മിസ്ട്രസും മറ്റ് അധികാരികളും എല്ലാ ദിവസവും സ്‌കൂളിന്റെ മുകളിലൂടെ ലൈന്‍ കടന്നുപോകുന്നത് കാണുന്നില്ലേ’, മന്ത്രി പറഞ്ഞു. പ്രിന്‍സിപ്പലിനും ഹെഡ്മിസ്ട്രസിനും എന്താണ് പണി? ഇതൊക്കെ ശ്രദ്ധിക്കണ്ടേ. 14000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ശ്രദ്ധിക്കാന്‍ സാധിക്കില്ലേല്ലോ. യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഒരു മകനാണ് നഷ്ടപ്പെട്ടത്,’ മന്ത്രി വിമര്‍ശിച്ചു.
ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) ആണ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിനു മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോഴാണ് കുട്ടിക്ക് ഷോക്കേറ്റത്.
സ്കൂൾ കെട്ടിടത്തിന് സമീപത്തുകൂടെ പോകുന്ന വൈദ്യുതി ലൈൻ അപകടകരമായ നിലയിലായിരുന്നു ഇതാണ് അപകടത്തിന് കാരണമായത്. ഷോക്കേറ്റ മിഥുനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ സ്കൂൾ അധികൃതർക്കും കെ.എസ്.ഇബിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്.
അതേസമയം വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അന്വേഷിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. രണ്ട് മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നൽകിയിരിക്കുന്ന നിർദ്ദേശം.
Content Highlight: Education Minister seeks report on student’s death due to shock