| Tuesday, 17th November 2015, 2:21 pm

ഫാറൂഖ് കോളേജ് വിവാദം: ആണ്‍കുട്ടികളും പെണ്‍കുട്ടികളും മുട്ടിയുരുമ്മിയിരിക്കുന്നതിനോട് താല്പര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. കേരളത്തില്‍ ഒരു ക്യാമ്പസിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കുന്ന സമ്പ്രദായമില്ല. ഒന്നിച്ചു മുട്ടിയുരുമ്മി ഇരിക്കുന്ന കോളജുകളില്‍ ഉണ്ടെന്ന വിവരം എനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു ക്ലാസില്‍ വ്യത്യസ്ത കസേരകളില്‍ ഇരിക്കുന്നതിനോട് എതിര്‍പ്പില്ല. വേണമെങ്കില്‍ കോളേജ് മാനേജ്‌മെന്റിന്റെയും അധ്യാപകരുടേയും രക്ഷിതാക്കളുടേയും അനുവാദത്തോടെ ഒന്നിച്ചിരിക്കാം. വിഷയത്തില്‍ ഫറൂഖ് കോളേജില്‍ നിന്ന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും റബ്ബ് പറഞ്ഞു.

ഫാറൂഖ് കോളേജില്‍ മലയാളം ക്ലാസില്‍ ഒരുമിച്ച് ഒരു ബഞ്ചില്‍ ഇരുന്നതിന് അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കിയ നടപടി ഏറെ വിവാദമായിരുന്നു. കോളേജില്‍ നിലനില്‍ക്കുന്ന ലിംഗവിവേചനത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ ദിനു എന്ന വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ ദിനു ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.

തുടര്‍ന്ന് ദിനുവിന്റെ സസ്‌പെന്‍ഷന്‍ മരവിപ്പിക്കണമെന്നും ദിനുവിനെ കോളേജില്‍ തിരിച്ചെടുക്കണമെന്നും കോടതി ഉത്തരവിടുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more