| Friday, 30th March 2012, 10:00 pm

പിന്നോക്ക സമുദായ വിദ്യാഭ്യാസ വായ്പ ഉയര്‍ത്തും: എ.പി. അനില്‍കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പിന്നോക്ക സമുദായ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പ രണ്ടുലക്ഷത്തില്‍ നിന്ന് മൂന്നു ലക്ഷം രൂപയായി ഉയര്‍ത്തുമെന്ന് പട്ടികജാതി പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. വായ്പയെടുത്ത് തിരിച്ചടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് പിഴപ്പലിശയില്ലാതെ ഏപ്രിലില്‍ ഒറ്റത്തവണ തരിച്ചടവിന് അവസരം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ സംസ്ഥാനതല വിതരണോദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

50 ശതമാനം കേന്ദ്രവിഹിതത്തോടെയുള്ള പദ്ധതി അതിവേഗം നടപ്പാക്കുന്നതിനാല്‍ ഇത്തവണ കേന്ദ്രസഹയം നാമമാത്രമായാണ് ലഭിച്ചത്. 1.25 കോടി രൂപയായിരുന്നു കേന്ദ്ര സഹായം. പിന്നോക്കസമുദായ വികസന വകുപ്പ് രൂപീകരിച്ച ശേഷമുള്ള ആദ്യത്തെ ബൃഹത്പദ്ധതിയായ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് ഈ വര്‍ഷം തന്നെ നല്‍കിത്തുടങ്ങണമെന്ന സര്‍ക്കാരിന്റെ നിലപാട് കാരണം 45 കോടി രൂപ സംസ്ഥാനഫണ്ടായി അനുവദിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സ്‌കോളര്‍ഷിപ്പ് പദ്ധതി കേന്ദ്ര സഹായത്തോടെ അടുത്ത വര്‍ഷം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പിന്നോക്ക സമുദായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തോട് കൂടുതല്‍ ആഭിമുഖ്യമുണ്ടാക്കുകയും പ്രചോദനം നല്‍കുകയുമാണ് സ്‌കോളര്‍ഷിപ്പിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Malayalam News

Kerala News in English

We use cookies to give you the best possible experience. Learn more