| Saturday, 4th October 2025, 3:01 pm

ഫലസ്തീനില്‍ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് കേരളം'; ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം നിര്‍ത്തിവെപ്പിച്ചത് വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാസര്‍ഗോഡ് സ്‌കൂള്‍ കലോത്സവത്തിനിടെ അവതരിപ്പിച്ച മൈം നിര്‍ത്തിവെപ്പിച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. വിഷയത്തില്‍ അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി അറിയിച്ചു.

കാസര്‍ഗോഡ് കുമ്പള ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് സംഭവമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ ഫലസ്തീന്‍ അനുകൂല മൈം അവതരിപ്പിക്കുന്നതിനിടെ പരിപാടി നിര്‍ത്തിവെപ്പിക്കുകയും, പിന്നീട് സ്‌കൂള്‍ കലോത്സവം തന്നെ മാറ്റിവെക്കുകയുമായിരുന്നു.

പ്ലസ്ടു ക്ലാസിലെ ആറ് വിദ്യാര്‍ത്ഥികളാണ് മൈം അവതരിപ്പിച്ചത്. രണ്ടര മിനിറ്റ് പിന്നിട്ടപ്പോള്‍ തന്നെ ചില അധ്യാപകര്‍ ഇടപെട്ട് പരിപാടി നിര്‍ത്തിവെപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം. മൈം നിര്‍ത്തിവെപ്പിച്ചതോടെ വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്.എസ്.എഫ്.ഐ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടനെ ഇടപെട്ട മന്ത്രി വി. ശിവന്‍കുട്ടി പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയ്ക്ക് എതിരെ എന്നും നിലപാട് എടുത്ത ജനവിഭാഗമാണ് കേരളമെന്നും ഫലസ്തീനില്‍ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് കേരളമെന്നും പ്രതികരിച്ചു. ഫലസ്തീന്‍ വിഷയത്തില്‍ അവതരിപ്പിച്ച മൈം തടയാന്‍ ആര്‍ക്കാണ് അധികാരമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദ്യം ചെയ്തു. കുമ്പള സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതേ മൈം വേദിയില്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കാസര്‍ഗോഡ് കുമ്പള ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കലോത്സവത്തില്‍ മൈം അവതരിപ്പിച്ചതിന് പരിപാടി നിര്‍ത്തി വെപ്പിയ്ക്കുകയും കലോത്സവം തന്നെ മാറ്റി വെയ്ക്കുകയും ചെയ്ത സംഭവം ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യം അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫലസ്തീന്‍ വിഷയത്തില്‍ മൈം അവതരിപ്പിച്ചതിനാണ് നടപടി എന്നാണ് മനസ്സിലാക്കുന്നത്. ഒരു കാര്യം വ്യക്തമായി പറയാം. ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയ്ക്ക് എതിരെ എന്നും നിലപാട് എടുത്ത ജനവിഭാഗമാണ് കേരളം. ഫലസ്തീനില്‍ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് കേരളം. ഫലസ്തീന്‍ വിഷയത്തില്‍ അവതരിപ്പിച്ച മൈം തടയാന്‍ ആര്‍ക്കാണ് അധികാരം?കുമ്പള സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതേ മൈം വേദിയില്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കും എന്ന കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.

Content Highlight: Education Department to investigate suspension of Kumbala Higher Secondary School Palestine solidarity says Minister V. Sivankutty

We use cookies to give you the best possible experience. Learn more