തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി.
ചെന്നിത്തലയുടേത് പാവപ്പെട്ട കുട്ടികള്‍ക്കെതിരെയുള്ള പോര്‍വിളിയാണെന്നും വെറുമൊരു രാഷ്ട്രീയ പ്രസ്താവനയല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. പുസ്തകവിതരണം സംബന്ധിച്ച് രമേശ് ചെന്നിത്തല മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണവും മന്ത്രി പങ്കുവെച്ചിട്ടുണ്ട്.
‘കുട്ടികള്‍ അടുത്ത ക്ലാസിലേക്ക് ജയിച്ചോ ഇല്ലയോ എന്നറിയാതെയാണോ പാഠപുസ്തകങ്ങള്‍ നല്‍കുന്നത്? എട്ടാം ക്ലാസിലെ വിദ്യാര്‍ത്ഥി ഒമ്പതാം ക്ലാസിലേക്ക് ജയിച്ചുവെന്ന് തീരുമാനിച്ചിട്ടില്ലലോ. ശിവന്‍കുട്ടിയാണോ അതെല്ലാം തീരുമാനിക്കുന്നത്? പരീക്ഷ പേപ്പര്‍ നോക്കണ്ടേ? പത്തിലെ കുട്ടിയ്ക്ക് ജയിക്കാതെ പ്ലസ് വണ്ണില്‍ പോകാന്‍ കഴിയുമോ?
എന്തെല്ലാം തുഗ്ലക് പരിഷ്‌കാരങ്ങളാണ്. ഞങ്ങള്‍ നേരത്തെ പുസ്തകം അച്ചടിച്ചെന്ന് ആളുകളെ ബോധിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തൃക്കാക്കരയിലെ ഒരു പ്രസിലാണ് പുസ്തകം പ്രിന്റ് ചെയ്യുന്നത്. അതൊരു ഭരണനേട്ടമാണോ? പണ്ടും പുസ്തകങ്ങള്‍ നേരത്തെ കൊടുത്തിരുന്നില്ലേ?’ രമേശ് ചെന്നിത്തലയുടെ പരാമര്‍ശം.
എന്നാല്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുമ്പോള്‍ അതിനെ ‘തുഗ്ലക് പരിഷ്‌കാരം’ എന്ന് വിളിക്കാന്‍ ചെന്നിത്തലയ്ക്ക് എങ്ങനെ സാധിക്കുന്നുവെന്നും വി. ശിവന്‍കുട്ടി ചോദിച്ചു. പരീക്ഷാഫലം വരുന്നതിന് മുമ്പേ പുസ്തകം അച്ചടിക്കുന്നത് ആസൂത്രണമില്ലായ്മയല്ല, മറിച്ച് നിശ്ചയദാര്‍ഢ്യമാണെന്നും മന്ത്രി പറഞ്ഞു.
പാഠപുസ്തകങ്ങള്‍ നേരത്തെ എത്തിക്കുന്നത് കുറ്റമാണോയെന്നും സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ കുട്ടികളുടെ കൈയില്‍ പുസ്തകവും യൂണിഫോമും എത്തിക്കുന്നത് ഭരണപരമായ മികവാണെന്നും മന്ത്രി പറഞ്ഞു.
പഴയ യു.ഡി.എഫ് കാലത്തെപ്പോലെ ഓണം കഴിഞ്ഞിട്ടും പുസ്തകത്തിനായി കുട്ടികളെ തെരുവില്‍ കാത്തുനിര്‍ത്തുന്നതാണോ നിങ്ങളുടെ വികസന മാതൃകയെന്നും ചോദ്യമുണ്ട്. 2,000 സ്‌കൂളുകളില്‍ 7,000 റോബോട്ടിക് ലാബുകള്‍ സ്ഥാപിച്ച് പാവപ്പെട്ടവന്റെ മക്കളെ ആധുനിക സാങ്കേതികവിദ്യ പഠിപ്പിക്കുന്നത് തുഗ്ലക് പരിഷ്‌കാരമാണോയെന്നും വി. ശിവന്‍കുട്ടി ചോദിച്ചു.
വരേണ്യവര്‍ഗത്തിന് മാത്രം ലഭിച്ചിരുന്ന ഈ സൗകര്യങ്ങള്‍ സാധാരണക്കാരന് ലഭ്യമാക്കുന്നത് കാണുമ്പോഴാണോ നിങ്ങള്‍ക്ക് അസ്വസ്ഥത? കിഫ്ബി വഴി 973 സ്‌കൂളുകള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടങ്ങള്‍ നിര്‍മിച്ചു നല്‍കുന്നു. അടച്ചുപൂട്ടാന്‍ പോയിരുന്ന സര്‍ക്കാര്‍ സ്‌കൂളുകളെ ജനകീയമാക്കി മാറ്റിയതാണോ ചെന്നിത്തല പരിഹസിക്കുന്ന ‘തുഗ്ലക്’ രീതിയെന്നും മന്ത്രി ചോദ്യമുയര്‍ത്തി.
ലോകം മാറുന്നതിനനുസരിച്ച് നമ്മുടെ കുട്ടികളും മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും 3D മോഡലിങ്ങും സിലബസിന്റെ ഭാഗമാക്കിയത് തെറ്റാണോ? അതോ നമ്മുടെ കുട്ടികള്‍ ഇന്നും കല്ലേപ്പലകയില്‍ മാത്രം പഠിച്ചാല്‍ മതിയെന്നാണോ ചെന്നിത്തലയുടെ വാശിയെന്നും ശിവന്‍കുട്ടി ചോദിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് അപകട/ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും സൗജന്യ ഹെല്‍ത്ത് കാര്‍ഡും ഉറപ്പാക്കി. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് താങ്ങായി നില്‍ക്കുന്ന ഈ സുരക്ഷാ പദ്ധതികളാണോ നിങ്ങള്‍ക്ക് പരിഹാസ്യമായി തോന്നുന്നത്?
തോല്‍ക്കുമോ ജയിക്കുമോ എന്ന് സംശയിച്ച് നില്‍ക്കുന്ന ചെന്നിത്തലയുടെ രാഷ്ട്രീയ മനസ്ഥിതിയല്ല കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിനുള്ളത്. പാവപ്പെട്ടവന്റെ മക്കള്‍ പഠിച്ചുയരുന്നത് കണ്ട് ചെന്നിത്തലയുടെ സമനില തെറ്റിയെന്നും മന്ത്രി വിമര്‍ശിച്ചു.
Content Highlight: Education Department’s book distribution; V.Sivankutty demands Chennithala apologize to students