| Saturday, 23rd August 2025, 10:15 am

സ്‌കൂള്‍ കുട്ടികളുടെ ശാസ്ത്രമേളയില്‍ രാഹുല്‍ പങ്കെടുക്കണ്ട; അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: സ്‌കൂള്‍ ശാസ്‌ത്രോത്സവ അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.

രാഹുലിനെ ഒഴിവാക്കി പുതിയ നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ സംസ്ഥാന തല പരിപാടിയാണ് പാലക്കാട് നടക്കുന്നത്. പാലക്കാട് എം.എല്‍.എ എന്ന നിലയിലാണ് രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് വന്നത്.

എന്നാല്‍ ഗുരുതരമായ പീഡന ആരോപണങ്ങള്‍ വന്നതിന്റെ പശ്ചാത്തലത്തില്‍ രാഹുലിനെ പരിപാടിയില്‍ നിന്ന് മാറ്റുകയായിരുന്നു. ആരോപണ വിധേയനായ ഒരു വ്യക്തി സ്‌കൂള്‍ കുട്ടികള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ അധ്യക്ഷനാകേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.

കഴിഞ്ഞ ദിവസം പാലക്കാട് മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനത്തില്‍ നിന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കിയിരുന്നു. പാലക്കാട് നവീകരിച്ച മുന്‍സിപ്പല്‍ ബസ് സ്റ്റാന്റ് ഉദ്ഘാടന പരിപാടിയില്‍ നിന്നാണ് രാഹുലിനെ ഒഴിവാക്കിയത്.

ചടങ്ങില്‍ പങ്കെടുക്കരുതെന്ന് കാണിച്ച് നഗരസഭ രാഹുല്‍ മാങ്കൂട്ടത്തിലിന് കത്ത് നല്‍കുകയായിരുന്നു. പരിപാടിയില്‍ മുഖ്യാതിഥി ആകേണ്ടിയിരുന്നത് രാഹുല്‍ ആയിരുന്നു.

പരിപാടിയില്‍ നിന്ന് രാഹുലിനെ ഒഴിവാക്കുകയാണെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പിക്ക് കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് പാലക്കാട് നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കൃഷ്ണദാസ് പറഞ്ഞത്.

ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന് പറയുമ്പോള്‍ പൊതുജനങ്ങള്‍ക്ക് മാതൃകയാകേണ്ട ആളാണ്. അത്തരത്തില്‍ വളരെ ഗുരുതരമായ ആരോപണങ്ങള്‍ ഈ കഴിഞ്ഞ ദിവസങ്ങളിലൊക്കെ അദ്ദേഹത്തിനെതിരെ ഉയര്‍ന്നുവന്നു.

അതുകൊണ്ടാണ് ഇങ്ങനെ നിലപാടെടുത്തത്. പാലക്കാട് നഗരസഭ നടത്തുന്ന പരിപാടിയാണ് ഇത്. എം.പി ഫണ്ടിലാണ് ബസ് സ്റ്റാന്റ് നവീകരിച്ചിരിക്കുന്നത്. എങ്കിലും നഗരസഭയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പരിപാടിയുടെ മുഖ്യാതിഥിയായി അദ്ദേഹത്തെയാണ് ക്ഷണിച്ചിരുന്നത്. പക്ഷേ ഈ മാറിയ സാഹചര്യത്തില്‍, ഇത്രയും ഗുരുതരമായ ആരോപണം നേരിടുന്ന ആളെന്ന നിലയ്ക്ക് അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കുന്നത് ശരിയല്ല.

മാത്രമല്ല ചില സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും പൊതവേദിയിലേക്ക് കയറി പരിപാടി അലങ്കോലപ്പെടുത്താനും സാധ്യതയുണ്ടെന്ന് കൂടി മനസിലാക്കുന്നുണ്ട്.

ഇതിന്റെ പശ്ചാത്തലത്തില്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കാണിച്ച് കത്ത് നല്‍കുകയായിരുന്നു. ഇത് സാധാരണ ഗതിയിലുള്ള ആരോപണമായിട്ട് കാണുന്നില്ല. രണ്ടോ മൂന്നോ അതിലേറെയോ ആളുകള്‍ ഒരുമിച്ച് ആരോപണം ഉന്നയിക്കുന്നു.

പ്രത്യേകിച്ച് അദ്ദേഹം സ്ത്രീ സമൂഹത്തോട് കാണിച്ചിട്ടുള്ളത് വലിയ വഞ്ചനയാണെന്നാണ് കരുതുന്നത്. പാര്‍ട്ടി സ്ഥാനം അദ്ദേഹം രാജിവെച്ചിട്ടുണ്ട്. അദ്ദേഹം ചെയ്തത് ശരിയല്ല എന്ന് തോന്നിയതുകൊണ്ടാണല്ലോ സ്ഥാനം രാജിവെച്ചിരിക്കുന്നത്,’ പാലക്കാട് നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കൃഷ്ണദാസ് പറഞ്ഞു.

Content Highlight: Education Department removes Rahul Mamkoottathil as a guest in sciencefest

We use cookies to give you the best possible experience. Learn more