| Monday, 14th July 2025, 5:43 pm

സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതരപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പാദപൂജ വിവാദത്തിന് പിന്നാലെയാണ് ഈ തീരുമാനം.

ഏതെങ്കിലും മതസ്ഥര്‍ക്ക് താത്പര്യമുള്ളതോ, ഇല്ലാത്തതോ ആയ ചടങ്ങുകള്‍ സ്‌കൂളുകളില്‍ ഉള്‍പ്പെടുത്തുന്നത് ശരിയല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. പ്രാര്‍ത്ഥന ഗാനം അടക്കമുള്ള വിഷയം പരിഷ്‌ക്കരിക്കുന്നതായി വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണയിലുണ്ട്. എല്ലാ മതസ്ഥര്‍ക്കും പറ്റുന്ന സര്‍വമത പ്രാര്‍ത്ഥന കൊണ്ടുവരാനാണ് ആലോചന.

കഴിഞ്ഞ ദിവസങ്ങളിലായി കാസര്‍ഗോഡ്, കണ്ണൂര്‍ എന്നിവിടങ്ങളിലെ ചില സ്‌കൂളുകളിലുണ്ടായ പാദപൂജ വിവാദത്തിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക ഇടപെടല്‍. പാദപൂജയെ ന്യായീകരിച്ച് സംസാരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കാലുകഴുകല്‍ പോലുള്ള ചടങ്ങുകള്‍ ഏത് സംസ്‌കാരത്തിന്റെ ഭാഗമെന്നാണ് അവര്‍ ഉയര്‍ത്തിയ ചോദ്യം. വിശദമായ പഠനത്തിന് ശേഷമാകും അന്തിമമായ തീരുമാനം ഉണ്ടാകുക.

സ്‌കൂള്‍ വിദ്യാര്‍ഥികളെകൊണ്ട് അധ്യാപകരുടെ കാലുകഴുകിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം ബാലാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോടും പൊലീസിനോടും വിശദീകരണം തേടിയിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമായിരുന്നു നിര്‍ദേശം. പാദപൂജയെ പിന്തുണച്ചും എത്തിര്‍ത്തും പല വിധ അഭിപ്രായങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ വരാന്‍ പോകുന്ന നടപടികള്‍ നിര്‍ണായകമാണ്.

Content Highlight: Education Department prepares to impose restrictions on religious programs in schools

We use cookies to give you the best possible experience. Learn more