| Monday, 24th August 2026, 6:11 pm

ബൈച്ചിങ് ബൂട്ടിയക്ക് ശേഷം ഇതാദ്യം; കിരീടത്തിനൊപ്പം ചരിത്രമെഴുതി ബംഗാള്‍ താരം

സുദേവ് എ

വീണ്ടും ഒരിക്കല്‍കൂടി ഡ്യൂറന്റ് കപ്പ് സ്വന്തമാക്കി കരുത്തുകാട്ടിയിരിക്കുകയാണ് ഈസ്റ്റ് ബംഗാള്‍. കരുത്തരായ മോഹന്‍ബഗാനെ വീഴ്ത്തിയാണ് പതിനേഴാം ഡ്യൂറന്റ് കിരീടം ഈസ്റ്റ് ബംഗാള്‍ കൈപ്പിടിയിലാക്കിയത്.

മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ബംഗാളിന്റെ വിജയം. ഈ വിജയത്തോടെ ഏറ്റവും കൂടുതല്‍ ഡ്യൂറന്റ് കപ്പ് സ്വന്തമാക്കുന്ന ടീമെന്ന മോഹന്‍ ബഗാന്റെ റെക്കോഡിനൊപ്പമെത്താനും ഈസ്റ്റ് ബംഗാളിന് സാധിച്ചു.

കൊല്‍ക്കത്തയിലെ വിവേകാനന്ദ യുവഭാരതി ക്രിരംഗനില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ എഡ്മണ്ട് ലാല്‍റിന്‍ഡികയുടെ ഹാട്രിക് കരുത്തിലാണ് ഈസ്റ്റ് ബംഗാള്‍ ചാമ്പ്യന്മാരായത്. മത്സരത്തിന്റെ 12, 22, 44 എന്നീ മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഹാട്രിക് നേട്ടം.

നീണ്ട 29 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഈസ്റ്റ് ബംഗാള്‍ താരം മോഹന്‍ ബഗാനെതിരെ ഹാട്രിക് നേടുന്നത്. കൊല്‍ക്കത്ത ഡെര്‍ബിയില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ ഈസ്റ്റ് ബംഗാള്‍ താരമാണ് ലാല്‍റിന്‍ഡിക. ഇതിന് മുമ്പ് ഇത്തരത്തിലൊരു ഹാട്രിക് നേട്ടം സ്വന്തമാക്കിയത് ഇന്ത്യന്‍ ഇതിഹാസം ബൈച്ചിങ് ബൂട്ടിയ ആയിരുന്നു.

മത്സരത്തില്‍ എഡ്മണ്ട് ലാല്‍റിന്‍ഡികയുടെ ഹാട്രിക് നേട്ടത്തിന് പുറമെ ബിപിന്‍ സിങ് ഒരു ഗോളും നേടി ടീമിന്റെ വിജയത്തില്‍ വലിയ പങ്കാണ് വഹിച്ചത്. മത്സരത്തിന്റെ പത്താം മിനിറ്റിലായിരുന്നു താരത്തിന്റെ ഗോള്‍ പിറന്നത്.

മോഹന്‍ ബഗാനായി ആശ്വാസ ഗോള്‍ സ്വന്തമാക്കിയത് മന്‍വീര്‍ സിങാണ്. മത്സരത്തിന്റെ 33ാം മിനിറ്റിലാണ് താരത്തിന്റെ ഗോള്‍ പിറന്നത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ മുഴുവന്‍ ഗോളുകളും പിറന്നിരുന്നു. രണ്ടാം പകുതിയില്‍ ഗോള്‍ നേട്ടം വര്‍ധിപ്പിക്കാന്‍ ഈസ്റ്റ് ബംഗാള്‍ മികവ് കിട്ടിയെങ്കിലും മോഹന്‍ ബഗാന്‍ പ്രതിരോധം കരുത്തോടെ നിലയുറപ്പിക്കുകയായിരുന്നു.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ മികച്ച മാറ്റങ്ങള്‍ വരുത്തി ബഗാന്‍ തിരിച്ചുവരവ് നടത്തിയെങ്കിലും ഈസ്റ്റ് ബംഗാള്‍ ഡിഫന്‍സ് മറികടക്കാന്‍ സാധിച്ചില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഈസ്റ്റ് ബംഗാള്‍ കിരീടം ചൂടുകയായിരുന്നു.

Content Highlight: Edmund Lalrindika create a historical record against Mohan Bagan

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more