| Thursday, 18th September 2025, 8:39 pm

സെന്‍സര്‍ഷിപ്പിലേക്കുള്ള ചുവടുവെയ്പ്പ്, അദാനിക്കെതിരായ വാര്‍ത്തകള്‍ നീക്കം ചെയ്യണമെന്ന ഉത്തരവിനെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അദാനി എന്റര്‍പ്രൈസസിനെതിരെ പ്രസിദ്ധീകരിച്ച അപകീര്‍ത്തിപരമായ ഉള്ളടക്കങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന കോടതി ഉത്തരവിനെതിരെയും സര്‍ക്കാര്‍ നീക്കത്തിനെതിരെയും ആശങ്ക പ്രകടിപ്പിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ.

സെന്‍സര്‍ഷിപ്പിലേക്കുള്ള ചുവടുവെയ്പ്പാണ് ഇത്തരം നടപടികള്‍ എന്നാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് ഈ നീക്കത്തെ വിശേഷിപ്പിച്ചത്. ഇത്തരം ഉത്തരവുകള്‍ പത്രസ്വാതന്ത്യത്തെ ദുര്‍ബലപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ഇ.ജി.ഐ മുന്നറിയിപ്പ് നല്‍കി. കോടതി വിധിക്ക് പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് ഇക്കാര്യം അറിയിച്ചത്.

അദാനി എന്റര്‍പ്രൈസിനെക്കുറിച്ച് ‘പരിശോധിച്ചിട്ടില്ലാത്തതും തെളിവില്ലാത്തതും പ്രത്യക്ഷത്തില്‍ അപകീര്‍ത്തികരവുമായ ഉള്ളടക്കങ്ങള്‍’ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് ദല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. പിന്നാലെ ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

‘ഇത്തരം നീക്കം ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിന് അവരുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ കാര്യം എന്താണെന്ന് തീരുമാനിക്കാനുള്ള അധികാരം നല്‍കിയിരിക്കുകയാണ്. ഉള്ളടക്കം നീക്കം ചെയ്യാനുള്ള അവരുടെ അധികാരം ഇത്തരം നടപടികളിലൂടെ വര്‍ധിക്കുന്നു’ എഡിറ്റേഴ്‌സ് ഗില്‍ഡ് അവരുടെ പ്രസ്താവനയില്‍ കുറിച്ചു.

സ്വതന്ത്ര്യവും നിര്‍ഭയവുമായ ഒരു മാധ്യമം ജനാധിപത്യത്തിന് അനിവാര്യമാണെന്നും പ്രസ്താവനയില്‍ പറയുന്നു. സ്വകാര്യ താത്പര്യങ്ങള്‍ക്ക് ഏകപക്ഷീയമായി വിമര്‍ശനാത്മകമായ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള അധികാരം നല്‍കുന്നത് പൊതുജനങ്ങളുടെ അറിയാനുള്ള അവകാശത്തിന് ഗുരുതരമായ അപകടമാണെന്നും പ്രസ്താവനയില്‍ കുറിച്ചിട്ടുണ്ട്.

പത്രപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും കമ്പനിയുടെ പേരിന് കോട്ടം വരുത്തിയെന്നും പങ്കാളികള്‍ക്ക് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടം വരുത്തിയെന്നും ആരോപിച്ചാണ് അദാനി എന്റര്‍പ്രൈസസ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. അപകീര്‍ത്തികരമായ ലേഖനങ്ങള്‍ നീക്കം ചെയ്യണമെന്നാണ് കമ്പനി കേസില്‍ ആവശ്യപ്പെട്ടത്.

ഇതേത്തുടര്‍ന്നാണ് കോടതി അദാനിക്ക് അനുകൂലമായി എക്‌സ് പാര്‍ട്ടെ ഇന്‍ജന്‍ക്ഷന്‍ പുറപ്പെടുവിച്ചത്. എതിര്‍ ഭാഗത്തിന്റെ വാദം കേള്‍ക്കാതെ പുറപ്പെടുവിക്കുന്ന ഉത്തരവാണ് എക്‌സ് പാര്‍ട്ടെ ഇന്‍ജന്‍ക്ഷന്‍. കോടതി ഉത്തരവിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 16ന് അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ 12 വാര്‍ത്താ ഏജന്‍സികള്‍ക്കും സ്വതന്ത്ര പത്രപ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കിക്കൊണ്ട് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.

ദി ന്യൂസ് ലോണ്‍ഡ്രി, ദി വയര്‍, എച്ച്.ഡബ്ല്യൂ ന്യൂസ് എന്നീ വാര്‍ത്താ ചാനലുകള്‍ക്കും പരഞ്‌ജോയ് ഗുഹ തകുര്‍ത്ത, അജിത് അഞ്ജും, രവീഷ് കുമാര്‍ എന്നീ മാധ്യമപ്രവര്‍ത്തകര്‍ക്കും ആക്ഷേപഹാസ്യകാരന്‍ ആകാശ് ബാനര്‍ജി, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ധ്രുവ് രതീ, എന്നിവര്‍ക്ക് നോട്ടീസ് ലഭിച്ചിരുന്നു.

Content Highlight: Editors Guild pointed deep concerns on Delhi High Court’s order over Adani Group’s defamation case

We use cookies to give you the best possible experience. Learn more