| Saturday, 21st November 2026, 3:35 pm

പ്രേമലുവിന്റെ സമയത്ത് തന്നെ ശ്രദ്ധിച്ചിട്ടുണ്ട്, എഫേര്‍ട്ട് ഫീല്‍ ചെയ്യാത്ത പെര്‍ഫോമന്‍സാണ് നസ്‌ലെന്റേത്‌: അജ്മല്‍ സാബു

അശ്വിന്‍ രാജേന്ദ്രന്‍

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് യാത്ര തിരിച്ച അഭിനേതാവാണ് നസ്ലെന്‍. ഗിരീഷ് എ.ഡി അവതരിപ്പിച്ച പുതുമുഖങ്ങളില്‍ ഇന്ന് വലിയ വിജയത്തിലെത്തി നില്‍ക്കുന്ന അഭിനേതാവും നസ്ലെന്‍ തന്നെയെന്ന് നിസംശയം പറയാം. ഗിരീഷ് എ.ഡിയുടെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പ്രേമലുവിലൂടെ നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിക്കുന്ന ചുരുക്കം ചില മലയാളം അഭിനേതാക്കളില്‍ ഒരാളാകാനും നസ്ലെന് സാധിച്ചിരുന്നു.

നസ്‌ലെന്. Photo: x.com

മലയാളത്തില്‍ വലിയ ഹിറ്റടിച്ച ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയില്‍ ഭാഗമായ താരം ആലപ്പുഴ ജിംഖാന, മോളിവുഡ് ടൈംസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്‍ഡസ്ട്രിയിലെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയായിരുന്നു. എന്നാല്‍ കേരളത്തിന് പുറത്തും നസ്‌ലെന് വലിയ ജനശ്രദ്ധ നേടിനല്‍കിയ ചിത്രമായിരുന്നു ദീപാവലിയ്ക്ക് തിയേറ്ററുകളിലെത്തിയ തമിഴ് ചിത്രം സീന്‍.

നടിപ്പിന്‍ നായകന്‍ സൂര്യ നായകനായ ചിത്രത്തില്‍ ഹീറോയെ വെല്ലുന്ന പ്രകടനമായിരുന്നു ഈശ്വരന്‍ എന്ന വില്ലന്‍ കഥാപാത്രമായി വേഷമിട്ട നസ് ലെന്‍ കൈകാര്യം ചെയ്തത്. സംവിധായകന്‍ അറ്റ്‌ലി അടക്കമുള്ളവര്‍ നസ്‌ലെനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ നസ്‌ലെന്റെ വളര്‍ച്ചയെ കുറിച്ച് ഛായാഗ്രാഹകനും എഡിറ്ററുമായ അജ്മല്‍ സാബു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. പ്രേമലുവില്‍ സിനിമാറ്റോഗ്രാഫറായി പ്രവര്‍ത്തിച്ച അജ്മല്‍ സീനിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചിരുന്നു.

അജ്മല്‍ സാബു. Photo: Screen Grab/ Cue Studio/ youtube.com

‘പ്രേമലു സമയത്ത് ഷൂട്ട് ചെയ്യുമ്പോള്‍ നസ്‌ലെന്റെ പെര്‍ഫോമന്‍സ് ഞാന്‍ നേരിട്ട് കണ്ടതാണ്. നമ്മള്‍ പ്രതീക്ഷിക്കുന്ന സാധനം കറക്ടായി കണ്‍വേ ചെയ്യാന്‍ നസ്‌ലെന് അറിയാം. അത് മുമ്പ് തന്നെ നോട്ടീസ് ചെയ്തിട്ടുള്ള കാര്യമാണ്. അത് ഓഡിയന്‍സിന് കറക്ടായിട്ട് കിട്ടുന്നുമുണ്ട്. ഇവിടെ വരുമ്പോഴും അത് മാക്‌സിമം നന്നായിട്ട് ചെയ്തിട്ടുണ്ട്. എഡിറ്റ് ചെയ്യുന്ന സമയത്ത് എനിക്ക് എല്ലാ ഫൂട്ടേജും കാണാം. ഓക്കെ ആയതും അല്ലാത്തും അതിലുണ്ടാകും. എഫേര്‍ട്ട് ഫീല്‍ ചെയ്യാത്ത പെര്‍ഫോമന്‍സാണ് നസ്‌ലെന്റേത്. ഇങ്ങനെയൊരു മാറ്റം കാണുമ്പോള്‍ ഒരുപാട് സന്തോഷം,’ അജ്മല്‍ പറഞ്ഞു.

Content Highlight: Editor of scene movie Ajmal Sabu talks about Naslen

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more