| Sunday, 26th April 2026, 1:08 pm

ഒരു രാജാവിനെ പോലെ തോന്നിയത് മമ്മൂക്കയെ മാത്രം, ലാലേട്ടന്റെ ആ റിയാക്ഷന്‍ ആര്‍ക്കും ചെയ്യാന്‍ പറ്റില്ല: ലിന്റോ കുര്യന്‍

അശ്വിന്‍ രാജേന്ദ്രന്‍

മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ ജന്മദിനത്തില്‍ പ്രത്യക്ഷപ്പെടുന്ന മാഷപ്പുകളിലൂടെ മലയാളികള്‍ക്ക് പരിചിതമായ പേരാണ് ലിന്റോ കുര്യന്‍. മാഷപ്പ് വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട ലിന്റോ ഇന്ന് മലയാളത്തിലെ അറിയപ്പെടുന്ന ട്രെയ്‌ലര്‍ എഡിറ്ററാണ്. വരാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ച് പ്രേക്ഷകര്‍ക്ക് സൂചന നല്‍കുന്നതിലും ആവേശം നല്‍കുന്നതിലും ട്രെയ്‌ലറുകള്‍ വലിയ പങ്ക് വഹിക്കാറുണ്ട്.

നിലവില്‍ തിയേറ്ററുകളില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്ന വാഴ 2, മോഹിനിയാട്ടം, പള്ളിച്ചട്ടമ്പി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ട്രെയ്‌ലര്‍ എഡിറ്റ് ചെയ്തത് ലിന്റോ കുര്യനായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്ലബ്ബ് എഫ്.എമ്മിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെ മലയാളത്തിലെ ബിഗ് എംസ് ആയ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് ലിന്റോ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ലിന്റോ കുര്യന്‍. Photo: Screen Grab/ Club Fm/ Youtube.com

‘ഒരു മാഷപ്പ് ചെയ്യുമ്പോള്‍ എപ്പോഴും മമ്മൂക്കയുടെ സ്‌ക്രീന്‍ പ്രെസന്‍സാണ് ഞാന്‍ ശ്രദ്ധിക്കാറുള്ളത്. സ്‌ക്രീനില്‍ അദ്ദേഹത്തെ കാണുമ്പോള്‍ ഒരു രാജാവിനെ പോലെയാണ് എനിക്ക് ഫീല്‍ ചെയ്യാറുള്ളത്. അതേസമയം ലാലേട്ടന്റെ ഹ്യൂമറാണ് എനിക്ക് ഇഷ്ടം. പ്രത്യേകിച്ച് പ്രിയന്‍ സാറുടെ കൂടെ ചെയ്തിട്ടുള്ള ചിത്രങ്ങളെല്ലാം. അതില്‍ ലാലേട്ടന്‍ കൊടുത്തിട്ടുള്ള റിയാക്ഷന്‍സ് ലോകത്ത് ആര്‍ക്കും ചെയ്യാന്‍ പറ്റില്ല.

തോന്മാവിന്‍ കൊമ്പത്തില്‍ പപ്പു ചേട്ടന്റെ ഡയലോഗിനുള്ള റിയാക്ഷനും കിലുക്കത്തില്‍ രേവതിയെ ഒഴിവാക്കിയ ശേഷം തിരിച്ച് വീട്ടില്‍ വന്ന് വീണ്ടും കാണുമ്പോഴുണ്ടാകുന്ന റിയാക്ഷനും ലോകത്ത് മറ്റൊരു നടനും ചെയ്യാന്‍ സാധിക്കില്ലെന്ന് ഞാന്‍ ഉറപ്പിച്ച് പറയുന്നു. മമ്മൂക്കയുടെ ബിഗ് ബി, രാജമാണിക്യം ധ്രുവം, വിധേയന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഉള്ളതുപോലെ സ്‌ക്രീന്‍ പ്രെസന്‍സ് മറ്റാര്‍ക്കും റീക്രിയേറ്റ് ചെയ്യാന്‍ പറ്റില്ല,’ ലിന്റോ പറഞ്ഞു.

Photo: NDTV

ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രമാണ് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പേട്രിയറ്റ്. മെയ് ഒന്നിന് റിലീസിനെത്തുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, രേവതി, ഇന്ദ്രന്‍സ്. ദര്‍ശന രാജേന്ദ്രന്‍, നയന്‍താര തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Editor Linto Kurian talks about Mammootty and Mohanlal

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more