| Thursday, 23rd October 2025, 11:18 am

ക്രിഞ്ചാകുമെന്ന് കരുതി ഞാന്‍ വെട്ടാന്‍ വെച്ച സീനിന് തിയേറ്ററില്‍ കിട്ടിയത് വലിയ കയ്യടി: ചമന്‍ ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയുടെ എഡിറ്റിങ്ങിനിടെ ഏറ്റവും കൂടുതല്‍ കോണ്‍ഫ്‌ളിക്ടുകള്‍ സംഭവിക്കുക സംവിധായകനും എഡിറ്ററും തമ്മിലാണോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മലയാളത്തിന്റെ സ്വന്തം എഡിറ്റര്‍ ചമന്‍ ചാക്കോ. ചിലപ്പോഴൊക്കെ അത്തരത്തില്‍ സംഭവിക്കാറുണ്ടെന്നാണ് ചമന്‍ പറയുന്നത്.

കോണ്‍ഫ്‌ളിക്ട് എന്നതിനേക്കാള്‍ നമുക്ക് ഇത് വേണോ എന്ന് തോന്നുന്ന ചില രംഗങ്ങള്‍ ഉണ്ടാകുമെന്നും ആ സമയത്ത് സംവിധായകന്റെ കൂടി അഭിപ്രായം കണക്കിലെടുത്താണ് ഒരു സീന്‍ വെട്ടണോ വേണ്ടയോ എന്ന് തീരുമാനിക്കുകയെന്നും ചമന്‍ പറയുന്നു.

2018 എന്ന സിനിമയുടെ എഡിറ്റിങ് സമയത്ത് ക്രിഞ്ചാവുമെന്ന് കരുതി താന്‍ വെട്ടാന്‍ ആവശ്യപ്പെട്ട സീനിന് തിയേറ്ററില്‍ കയ്യടി കിട്ടിയെന്നും സംവിധായകന്‍ ജൂഡ് ആന്തണിയുടെ നിര്‍ബന്ധം ഒന്നുകൊണ്ട് മാത്രമാണ് ആ സീന്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയതെന്നും ചമന്‍ പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചമന്‍.

‘2018 ല്‍ ഒരു സീനുണ്ട്. നിലീന്‍ സാന്‍ഡ്രയുടെ വീട്ടില്‍ പുള്ളിക്കാരി മീന്‍കാരെ പറ്റി പറയുന്ന ഒരു രംഗം. അത് എനിക്ക് അത്ര വര്‍ക്കായിരുന്നില്ല. അത് വേണ്ട എന്ന് എനിക്ക് തോന്നി.

ആ സമയത്ത് എനിക്ക് ജൂഡേട്ടന്റെ അടുത്ത് അത്ര വാശി പിടിക്കാന്‍ പറ്റില്ല. ഇപ്പോഴും അതിനായിട്ടില്ല. എന്നാല്‍ പോലും അന്നും, ഇത് വേണോ, വേണോ എന്ന് മൂന്നാല് പ്രാവശ്യം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു.

വേണമെന്ന് തന്നെ ജൂഡേട്ടന്‍ പറഞ്ഞു. എനിക്കെന്തോ ആ സീന്‍ കുറച്ച് ക്രിഞ്ച് ആണെന്ന് തോന്നിയിരുന്നു. കുറച്ച് കൂടുതലാണോ എന്ന തരത്തില്‍. കാരണം ആ സീനില്‍ അങ്ങനെ ഒരു ഡയലോഗ് അവര്‍ പറയേണ്ടതില്ലല്ലോയെന്നും അണ്ടര്‍സ്റ്റുഡ് ആണല്ലോ എന്നും തോന്നി.

എന്നാല്‍ ‘നീ ആ സീന്‍ വെച്ചോ ബാക്കി ഞാന്‍ നോക്കിക്കോളാ’മെന്നായിരുന്നു ജൂഡേട്ടന്റെ മറുപടി. അദ്ദേഹം നമ്മള്‍ പറയുന്നതൊക്കെ കേള്‍ക്കുന്ന ആളാണ്. അതെന്റെ മൂന്നാമത്തെ പടം മാത്രമാണ്. ശരിക്കും പറഞ്ഞാല്‍ ആ സീന്‍ എനിക്ക് വര്‍ക്കായിരുന്നില്ല, എന്നിട്ടും അത് വെച്ചു.

അങ്ങനെ റിലീസിന്റെ ആദ്യ ദിവസം ഞാനും ഡി.ഒ.പി അഖിലേട്ടനും ആര്‍ട് ഡയറക്ടര്‍ മണിച്ചേട്ടനും കവിത തിയേറ്ററില്‍ രാത്രി പടം കാണാന്‍ പോയി. അപ്പോഴേക്കും പടം ഹിറ്റാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങിയിട്ടുണ്ട്.

തിയേറ്റര്‍ ഹൗസ് ഫുള്‍ ആണ്. ഈ സീന്‍ എത്തി. ഞാന്‍ ആണെങ്കില്‍ ഇത് ഇപ്പോള്‍ എന്താവും എന്ന് ആലോചിച്ചിരിക്കുകയാണ്. നോക്കുമ്പോള്‍ ആ സീനിന് അതാ തിയേറ്ററില്‍ ഫുള്‍ കയ്യടി. ഇത് കണ്ടതും അഖിലേട്ടന്‍ എന്നെയൊന്ന് നോക്കി. ഇപ്പോള്‍ എങ്ങനെയുണ്ട് എന്ന അര്‍ത്ഥത്തില്‍. ചിലപ്പോള്‍ നമ്മള്‍ എടുക്കുന്ന ചില തീരുമാനങ്ങള്‍ തെറ്റും.

ഒരു സെക്ഷന്‍ ആള്‍ക്കാര്‍ക്ക് അത് ഓക്കെ ആയിരിക്കും. അങ്ങനത്തെ കോളുകള്‍ വരുമ്പോള്‍ സംവിധായകനൊപ്പം നില്‍ക്കുക എന്നതാണ്.

കോണ്‍ഫ്‌ളിക്ട് എന്ന് പറയുമ്പോള്‍ എന്റെ മനസില്‍ വന്നത് ഇതാണ്. പിന്നെ ലോകയിലൊന്നും അങ്ങനെ ഉണ്ടായിട്ടില്ല. നമ്മള്‍ പറയുന്നതില്‍ കാര്യമുണ്ടെങ്കില്‍ അത് അങ്ങനെ പിടിച്ചോയെന്ന് പറയും. ഇത് വേണോ എന്ന് ചോദിക്കുമ്പോള്‍, ആവശ്യമില്ലെങ്കില്‍ കളഞ്ഞേക്ക് എന്ന് തന്നെ അരുണ്‍ പറയും,’ ചമന്‍ പറയുന്നു.

Content Highlight: Editor Chaman Chacko about 2018 Movie and Scene cut

We use cookies to give you the best possible experience. Learn more