ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് എസ്.എസ്. രാജമൗലി. നായകനാരാണെന്ന് നോക്കി സിനിമക്ക് ടിക്കറ്റെടുത്തിരുന്ന സമ്പ്രദായത്തില്‍ നിന്നും രാജമൗലിയുടെ ചിത്രമാണോ എന്ന് നോക്കി പ്രേക്ഷകരെ കൊണ്ട് ടിക്കറ്റെടുപ്പിക്കാന്‍ മാത്രം രാജ്യത്തെ സിനിമാ മേഖലയില്‍ സ്വാധീനം ചെലുത്തിയ സംവിധായകനാണ് അദ്ദേഹം. ബാഹുബലിയിലൂടെ പാന്‍ ഇന്ത്യന്‍ ചിത്രമെന്ന രീതിക്ക് തുടക്കമിട്ട സംവിധായകന്റെ വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്ന ആക്ഷന്‍ ഫാന്റസി ചിത്രമായിരുന്നു മഗധീര.
അല്ലു അരവിന്ദിന്റെ നിര്‍മാണത്തില്‍ രാംചരണിനെ നായകനാക്കി അണിയിച്ചൊരുക്കിയ ചിത്രം വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകരുടെ ഫേവറിറ്റ് ചിത്രങ്ങളിലൊന്നാണ്. 1600 കളില്‍ ജീവിച്ചിരുന്ന ഉദയഗഡി രാജ്യത്തെ രാജകുമാരിയായ മിത്രവിന്ദാ ദേവിക്കും കാലഭൈരവനും ഒന്നിക്കാന്‍ കഴിയാതെ വര്‍ഷങ്ങള്‍ക്കുശേഷം പുനര്‍ജനിക്കുന്നതും പിന്നീട് ഒന്നിക്കുന്നതുമാണ് കഥാപശ്ചാത്തലം. കാജല്‍ അഗര്‍വാള്‍ അവതരിപ്പിച്ച രാജകുമാരിയുടെ കഥാപാത്രം ശത്രുവിന്റെ കുത്തേറ്റ് താഴ്ച്ചയിലേക്ക് വീഴുന്നതും രാംചരണിന്റെ കാലഭൈരവന്‍ രാജകുമാരിക്കൊപ്പം എടുത്തുചാടുന്നിടത്തുമാണ് 1600 കളിലെ കഥ അവസാനിക്കുന്നത്.
മഗധീര. Photo: TOI
നിര്‍മിത ബുദ്ധി ഉപയോഗിച്ച് പഴയ പല ചിത്രങ്ങളുടെയും ക്ലൈമാസുകള്‍ പുനര്‍നിര്‍മിക്കുന്ന ഇന്നത്തെ കാലത്ത് എഡിറ്റ് ചെയ്തിരിക്കുന്ന മഗധീരയിലെ സീനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. എ.ഐ ഉപയോഗിച്ച് റിയലിസ്റ്റിക് ആയി ചെയ്യുന്നതിന് പകരം രസകരമായ രീതിയില്‍ എഡിറ്റ് ചെയ്താണ് മഗധീരയിലെ കഥാപാത്രങ്ങളെ ‘കുരുട്ടുഎഡിറ്റര്‍’ എന്ന ക്രിയേറ്റര്‍ മരണത്തില്‍ നിന്നും രക്ഷിച്ചിരിക്കുന്നത്.
വില്ലന്റെ കുത്തേറ്റ് താഴേക്ക് വീഴാന്‍ പോകുന്ന കാജലിനെ തന്റെ ടി.വി.എസ് ലൂണ ബൈക്കില്‍ 100-110 സ്പീഡില്‍ വന്നാണ് എഡിറ്റര്‍ രക്ഷിക്കുന്നത്. പരിക്കേറ്റയാള്‍ക്ക് സ്‌പോട്ടില്‍ തന്നെ ചികിത്സ നല്‍കാനായി തമിഴ് ചിത്രം ഏഴാം അറിവിലെ ഐക്കോണിക്ക് കഥാപാത്രം ബോധിധര്‍മനെയും ഇയാള്‍ വണ്ടിയില്‍ കയറ്റിയിട്ടുണ്ട്. ഓടിവന്ന് കൊക്കയിലേക്ക് വീഴാന്‍ പോകുന്ന കാജലിനെ കൈ പിടിച്ച് കയറ്റിയ ശേഷം ബോധിധര്‍മന്റെ കിഴിയില്‍ നിന്നും പച്ചമരുന്നെടുത്ത് മുറിവില്‍ വെക്കുന്നതും ഉടന്‍ തന്നെ മുറിവ് ഭേദമാകുന്നതും കാണാം.
അമ്പുകളേറ്റ് നെഞ്ച് മുറിഞ്ഞ കാലഭൈരവനെയും എടുത്തുയര്‍ത്തി ബോധി പച്ചമരുന്ന് വെച്ച് നല്‍കുന്നുണ്ട്. ശേഷം ഇരുവരെയും ഒന്നിപ്പിച്ചാണ് വന്ന വണ്ടിയില്‍ തന്നെ ബോധി ധര്‍മനെയും കൂട്ടി എഡിറ്റര്‍ തിരിച്ചുപോയത്. വിക്രമിന്റെ ‘ഐ’ എന്ന ചിത്രത്തിലെ ‘എന്നോട് നീ ഇരുന്താല്‍’ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
ഒറിജിലിലെ വെല്ലുന്ന എ.ഐ വീഡിയോകള്‍ കണ്ടുമടുത്ത സാഹചര്യത്തില്‍ വെറൈറ്റിയായി എഡിറ്റ് ചെയ്തിരിക്കുന്ന വീഡിയോക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.
Content Highlight: Edited video of Magadheera does viral on social media
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ