മോഹന്‍ലാലും മമ്മൂട്ടിയും ഭരിക്കുന്ന മോളിവുഡില്‍ തന്റെ കഠിനാധ്വാനം കൊണ്ട് സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് ജയസൂര്യ. മിമിക്രി ആര്‍ട്ടിസ്റ്റായും ടെലിവിഷന്‍ ഷോ അവതാരകനായും കരിയര്‍ ആരംഭിച്ച താരം 1995 ല്‍ പുറത്തിറങ്ങിയ ത്രീ മെന്‍ ആര്‍മി എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് സിനിമയിലേക്കെത്തുന്നത്. പിന്നീട് 2002 ല്‍ പുറത്തിറങ്ങിയ ‘ഊമപെണ്ണിന് ഉരിയാടപയ്യനെ’ന്ന ചിത്രത്തിലൂടെ ലീഡ് റോളിലെത്തിയ ജയസൂര്യ ഒരു അഭിനേതാവെന്ന നിലയില്‍ തന്റെ റേഞ്ച് തെളിയിച്ചിരുന്നു.
ജയസൂര്യ. Photo: Indiawords.com
പിന്നീട് ഒട്ടനവധി ചിത്രങ്ങളിലൂടെ മലയാളിക്ക് മുമ്പിലെത്തിയ താരത്തിന്റെ ഏറ്റവും അധികം ആഘോഷിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ആട് ഒരു ഭീകര ജീവിയാണ്’. തിയേറ്ററില്‍ ചിത്രം പരാജയമായെങ്കിലും പിന്നീട് വലിയ സ്വീകാര്യതയാണ് ഷാജി പാപ്പനെന്ന ജയസൂര്യ കഥാപാത്രത്തിനും കൂട്ടര്‍ക്കും ലഭിച്ചിരുന്നത്. പിന്നീട് ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങിയപ്പോള്‍ ആദ്യ ഭാഗം പരാജയമായതിന്റെ എല്ലാ ക്ഷീണങ്ങളും തീര്‍ത്താണ് ആട് 2 വിനെ മലയാളി പ്രേക്ഷകര്‍ വിജയിപ്പിച്ചത്.
ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ആട് ഫ്രാഞ്ചൈസില്‍ നിന്നുമുള്ള മൂന്നാം ഭാഗവുമായി ഷാജി പാപ്പനും ടീമും തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണം നേടുമ്പോള്‍ ജയസൂര്യ എന്ന നടന്റെ മലയാള സിനിമയിലെ വളര്‍ച്ചക്ക് കൂടിയാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. റിലീസ് ചെയ്ത് രണ്ട് ദിവസം പിന്നിടുമ്പോഴും ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങ് പ്ലാറ്റ്‌ഫോമുകളില്‍ മികച്ച പ്രതികരണം നേടി നൂറ് കോടി ക്ലബ്ബെന്ന, മലയാള സിനിമയില്‍ ചുരുക്കം ചില നടന്മാര്‍ക്കുള്ള നേട്ടത്തിലേക്ക് പാഞ്ഞടുക്കുകയാണ് ജയസൂര്യ.
താരത്തിന്റെ പഴയ ചിത്രമായ ദോസ്തിലെ രംഗം വെച്ച് എഡിറ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ദിലീപും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളിലെത്തി 2001 ല്‍ പുറത്തിറങ്ങിയ ദോസ്ത് എന്ന ചിത്രത്തില്‍ കോളേജ് വിദ്യാര്‍ത്ഥിയായി ചെറിയ വേഷത്തിലാണ് ജയസൂര്യ പ്രത്യക്ഷപ്പെട്ടത്. ദോസ്തിലെ ഒരു സീനില്‍ ദിലീപിന്റെ കഥാപാത്രം ജയസൂര്യയെ റാഗ് ചെയ്യുകയും ഓടാന്‍ പറയുകയും ചെയ്യുന്നുണ്ട്.
അന്ന് ഓടി തുടങ്ങിയ ജയസൂര്യ ഇന്ന് മലയാളികളുടെ ഇഷ്ട കഥാപാത്രമായ ഷാജി പാപ്പനായി നൂറുകോടി നേട്ടത്തിലേക്കാണ് ഓടി കയറുന്നതെന്നാണ് വീഡിയോയിലൂടെ സൂചിപ്പിക്കുന്നത്. ആട് 3 ക്ക് ശേഷം ഈ വര്‍ഷം തന്നെ വരാനിരിക്കുന്ന കത്തനാരും താരത്തിന്റെ കരിയറിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കാന്‍ കെല്‍പുള്ള ചിത്രമാണ്. വര്‍ഷങ്ങളെടുത്ത് ബിഗ് ബഡ്ജറ്റില്‍ ചിത്രീകരിക്കുന്ന ചിത്രം 300 കോടി ക്ലബ്ബില്‍ വരെ എത്താന്‍ കഴിവുള്ള ചിത്രമാണെന്നാണ് പലരുടെയും അഭിപ്രായം.
കത്തനാര്‍. Photo: The Hollywood reporter India
കത്തനാറിനായി തനിക്ക് വന്ന പതിനൊന്ന് ചിത്രങ്ങള്‍ ഒഴിവാക്കിയെന്ന് ആടുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ താരം വെളിപ്പെടുത്തിയതും ചര്‍ച്ചയായിരുന്നു. ഗോകുലം മൂവിസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുമെന്നും അഭ്യൂഹങ്ങളുണ്ട്. ആരാധകരുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് കാര്യങ്ങള്‍ നടക്കുകയാണെങ്കില്‍ മോഹന്‍ലാലിന് ശേഷം മലയാളത്തില്‍ തുടര്‍ച്ചയായി നൂറ് കോടി നേടാനുള്ള സുവര്‍ണാവസരമാണ് താരത്തിന് മുമ്പിലുള്ളത്.
Content Highlight: Edited Video of Jayasurya in view of Aadu 3 positive response goes viral on social media