| Sunday, 11th January 2026, 8:40 am

പ്രഭാസിന്റെ വയസായ ഗെറ്റപ്പ് രാജാസാബില്‍ ഉള്‍പ്പെടുത്തി അണിയറപ്രവര്‍ത്തകര്‍; ഗുണമൊന്നുമില്ലെന്ന് ആരാധകര്‍

അശ്വിന്‍ രാജേന്ദ്രന്‍

വന്‍ ഹൈപ്പില്‍ തിയേറ്ററുകളിലെത്തി പാളിപ്പോയ മറ്റൊരു റിബല്‍ സ്റ്റാര്‍ പ്രഭാസ് ചിത്രമാണ് രാജാസാബ്. റോം കോം സിനിമകള്‍ക്ക് പേരുകേട്ട മാരുതി സംവിധാനം ചെയ്ത ചിത്രത്തില്‍ 3 നായികമാര്‍ക്ക് പുറമെ പ്രഭാസിന്റെ രണ്ട് ഗെറ്റപ്പുമുണ്ടെന്ന് ചിത്രത്തിന്റെ ട്രെയ്‌ലറില്‍ സൂചനയുണ്ടായിരുന്നു.

എന്നാല്‍ പ്രീമിയര്‍ കഴിഞ്ഞപ്പോള്‍ പ്രഭാസിന്റെ ആരാധകര്‍ക്ക് നിരാശയേകിക്കൊണ്ട് വയസ്സായ ഗെറ്റപ്പ് ചിത്രത്തിലില്ലെന്ന വാര്‍ത്തയാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ അമര്‍ഷമറിയിച്ചു കൊണ്ട് ചിത്രം കണ്ടിറങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.

രാജാസാബ്. Photo: Theatrical poster

ചിത്രത്തില്‍ മാറ്റം വരുത്തികൊണ്ട് ‘ഓള്‍ഡ് ഗെറ്റപ്പ്’ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവായ ടി.ജി. വിശ്വപ്രസാദ്. പ്രഭാസിന്റെ രണ്ടാമത്തെ ഗെറ്റപ്പിനായി സിനിമയില്‍ ചില മാറ്റങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഉടന്‍ തന്നെ തിയേറ്ററുകളില്‍ പുതിയ വേര്‍ഷന്‍ ലഭ്യമാകുമെന്നും ചിത്രത്തിന്റെ പ്രൊമോഷന്‍ ഇവന്റില്‍ സംസാരിക്കവെ നിര്‍മാതാവ് പറഞ്ഞു.

‘ചിത്രം പുറത്തെത്തിയപ്പോള്‍ പ്രഭാസിന്റെ ഓള്‍ഡ് ഗെറ്റപ്പ് ഇല്ലാത്തതിനാല്‍ ആരാധകര്‍ക്ക് ഒരുപാട് നിരാശയുണ്ടായിരുന്നു. ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ടും ചിത്രത്തിന്റെ ദൈര്‍ഘ്യം കാരണവുമാണ് ആ ഭാഗങ്ങള്‍ ഉള്‍പ്പെടുത്താന്‍ കഴിയാതെ പോയത്. എന്നാല്‍ നാല് മിനുട്ട് ദൈര്‍ഘ്യമുള്ള വയസ്സായ കഥാപാത്രത്തിന്റെ സീനുകള്‍ ഉള്‍പ്പെടുത്തി പുതിയ പതിപ്പ് ഉടന്‍ തന്നെ തിയേറ്ററുകളിലെത്തും’ നിര്‍മാതാവ് പറഞ്ഞു.

പുതിയ ഭാഗം ഉള്‍പ്പെടുത്താനായി ചില ഭാഗങ്ങള്‍ കട്ട് ചെയ്ത് ദൈര്‍ഘ്യം കുറച്ചിരുന്നുവെന്നും എന്നാല്‍ ചിത്രത്തിന്റെ ടൈംലൈനിനെ ഇത് ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റിലീസിന് ശേഷം പരക്കെ നെഗറ്റീവ് റിവ്യൂവിന് വിധേയമായ ചിത്രത്തിന് പക്ഷേ മികച്ച തുടക്കമാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. ബാഹുബലിക്ക് ശേഷം നോര്‍ത്ത് ഇന്ത്യയില്‍ അടക്കം വലിയ മാര്‍ക്കറ്റ്‌വാല്യൂ ഉള്ള പ്രഭാസിന്റെ രാജാസാബിന് ആദ്യദിനം 90 കോടിയലധികം കളക്ഷന്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

രാജാസാബ്. Photo: screen grab/ people media factory/ youtube.com

അതേസമയം മൂന്ന് നായികമാരെ ചിത്രത്തില്‍ ഗ്ലാമര്‍ ഷോക്ക് മാത്രമായാണ് ഉപയോഗിച്ചതെന്നും വമ്പന്‍ ബഡ്ജറ്റിലൊരുങ്ങിയ ചിത്രത്തിന്റെ വി.എഫ്. എക്‌സ് വളരെ മോശമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം ഇഷ്ടപ്പെട്ടില്ലെങ്കില്‍ വീട്ടിലെത്തി അഭിപ്രായം അറിയിക്കാന്‍ വേണ്ടി അഡ്രസ്സ് കൊടുത്ത സംവിധായകന്‍ മാരുതിക്കെതിരെയും ട്രോളുകളുയരുന്നുണ്ട്.

Content Highlight: Edited version of Raja saab in theatres with added old get up of prabhas

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more