| Sunday, 6th September 2026, 2:50 pm

ബുണ്ടസ് ലീഗയില്‍ പുതു ചരിത്രം; 40ാം വയസില്‍ ഇതിഹാസം രചിച്ച് ഇതിഹാസങ്ങള്‍

സുദേവ് എ

ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്കിന് സമനില. സീസണിലെ രണ്ടാം മത്സരത്തില്‍ ഷാല്‍ക്കെ എഫ്.സിയാണ് ജര്‍മന്‍ വമ്പന്മാരെ സമനിലയില്‍ തളച്ചത്. ഷാല്‍ക്കെയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഗോളുകളൊന്നും നേടാതെ പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു.

മത്സരത്തില്‍ ഒരു ചരിത്ര നിമിഷമാണ് പിറവിയെടുത്തത്. ബയേണ്‍ മ്യൂണിക്കിന്റെ ജര്‍മന്‍ ഇതിഹാസ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയറും ഷാല്‍ക്കെയുടെ ബോസ്നിയന്‍ വെറ്ററന്‍ താരം എഡിന്‍ സെസ്‌ക്കോയുമാണ് ചരിത്രം സൃഷ്ടിച്ചത്.

ബുണ്ടസ് ലീഗയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മത്സരത്തില്‍ 40+ വയസുള്ള രണ്ട് താരങ്ങള്‍ എതിരാളികളായി എത്തുന്നത്. ഇരുവര്‍ക്കും 40 വയസാണ് പ്രായം.

ബയേണ്‍ മ്യൂണിക്കിനൊപ്പം തന്റെ 21ാം ബുണ്ടസ് ലീഗ സീസണിലാണ് ന്യൂയര്‍ പന്തുതട്ടുന്നത്. വി.എഫ്.ബി സ്റ്റുട്ഗര്‍ഡിനെതിരെയുള്ള സീസണിലെ ആദ്യ മത്സരത്തില്‍ ന്യൂയര്‍ കളത്തില്‍ ഇറങ്ങിയതോടെ ജര്‍മന്‍ ക്ലബ്ബിനൊപ്പം 600 മത്സരങ്ങളെന്ന ചരിത്ര നേട്ടവും ജര്‍മന്‍ ഇതിഹാസം സ്വന്തമാക്കിയിരുന്നു.

ബയേണ്‍ മ്യൂണിക്കിനൊപ്പം ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ താരമായും ന്യൂയര്‍ മാറിയിരുന്നു. തോമസ് മുള്ളര്‍, ഒലിവര്‍ കാന്‍, സെപ് മേയര്‍, ഗെര്‍ഡ് മുള്ളര്‍ എന്നിവരാണ് ന്യൂയറിന് മുമ്പേ ഈ നേട്ടം കൈവരിച്ച താരങ്ങള്‍.

2011 മുതല്‍ ബയേണ്‍ മ്യൂണിക്കിന്റെ ഗോള്‍മുഖത്ത് രക്ഷകനായി നിലയുറപ്പിച്ച ന്യൂയര്‍ ക്ലബ്ബിനൊപ്പം അവിസ്മരണീയമായ നേട്ടങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്.

മറുഭാഗത്ത് എഡിന്‍ സെസ്‌കോ ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ഷാല്‍ക്കെയില്‍ എത്തിയത്. ഒരു വര്‍ഷത്തെ കരാറിലാണ് താരം ജര്‍മനിയിലെത്തിയത്. ഇറ്റാലിയന്‍ ക്ലബ്ബ് ഫ്‌ലോറന്റീനയില്‍ നിന്നുമാണ് സെസ്‌കോ ഷാല്‍ക്കെയുടെ തട്ടകത്തിലേക്ക് കൂടുമാറിയത്.

അതേസമയം നിലവില്‍ ബുണ്ടസ് ലീഗയില്‍ രണ്ട് മത്സരങ്ങളില്‍ നിന്നും ഓരോ വീതം ജയവും സമനിലയുമായി നാല് പോയിന്റോടെ നാലാം സ്ഥാനത്താണ് ബയേണ്‍. മറുഭാഗത്ത് രണ്ട് മത്സരങ്ങളില്‍ ഒരു സമനിലയും തോല്‍വിയുമായി പതിനാലാം സ്ഥാനത്താണ് ഷാല്‍ക്കെ.

Content Highlight: Edin Dzeko and Manuel Nuer create a new history in Bundesliga

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more