| Wednesday, 2nd September 2026, 8:12 am

'വിജയ്‌ക്ക് അമേരിക്കൻ പ്രസിഡന്റ് വരെ ആകാൻ കഴിയും'; പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തെ പരിഹസിച്ച് എടപ്പാടി പളനിസ്വാമി

കെ.എസ് ഷാബിന

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനുള്ള ടി.വി.കെ നേതാക്കളുടെ ശ്രമത്തെ പരിഹസിച്ച് ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ.ഐ.എഡി.എം.കെ) ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസ്വാമി. വിജയ്ക്ക് അമേരിക്കൻ പ്രസിഡന്റ് വരെ ആകാൻ കഴിയുമെന്നും അതിൽ മതെറ്റൊന്നുമില്ലെന്നും പളനിസ്വാമി പറഞ്ഞു.

‘അദ്ദേഹത്തിന് അമേരിക്കയുടെ പ്രസിഡന്റാകാൻ പോലും കഴിയും. അതിൽ തെറ്റൊന്നുമില്ല, അത് അദ്ദേഹത്തിന്റെ ആഗ്രഹമാണ്’, പളനിസ്വാമി പറഞ്ഞു. വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനുള്ള ടി.വി.കെ നേതാക്കളുടെ ശ്രമത്തെക്കുറിച്ച് ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാരിന്റെ സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചാരണങ്ങളെയും അദ്ദേഹം വിമർശിച്ചു. ‘ഇവിടെ റീലുകൾ ചെയ്താണ് സർക്കാരിനെ നയിക്കുന്നത്. അത് അവിടെ പ്രവർത്തിക്കില്ല’ അദ്ദേഹം പറഞ്ഞു. വിജയ് വളരെ ചിലവേറിയ ഒരു മുഖ്യമന്ത്രിയാണെന്ന് പറഞ്ഞ അദ്ദേഹം മുൻ മുഖ്യമന്ത്രി ജയലളിതയുടെ സർക്കാർ ചെലവുകളെ നിലവിലെ തമിഴ്നാട് സർക്കാരിന്റെ ചെലവുകളുമായി താരതമ്യം ചെയ്തു സംസാരിച്ചു.

‘അമ്മയുടെ ഭരണകാലത്ത്, ചെലവ് ചുരുക്കുന്നതിനായി വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പദ്ധതികൾ ഉദ്ഘാടനം ചെയ്തത്,’ പളനിസ്വാമി പറഞ്ഞു. ചെലവേറിയ യാത്രകൾ നടത്തുമ്പോൾ വിജയ് ഒരു എളിയ കർഷകന്റെ പ്രതിച്ഛായ ഉയർത്തിക്കാട്ടുന്നതിന്റെ വിരോധാഭാസത്തെ പളനിസ്വാമി പരിഹസിച്ചു.

2029-ലെ തെരഞ്ഞെടുപ്പിൽ വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ ടി.വി.കെ നേതാക്കൾ ശ്രമിക്കുന്നതിന്റെ സാഹചര്യത്തിലാണ് പളനിസ്വാമിയുടെ പ്രതികരണം. കന്യാകുമാരിയിൽ നടന്ന ഒരു പാർട്ടിപരിപാടിയിൽ സംസാരിക്കവെ വിജയ് അടുത്ത പ്രധാനമന്ത്രിയാകും എന്ന് ടി.വി.കെ മന്ത്രിമാർ പറഞ്ഞിരുന്നു.

തമിഴ്നാട്ടിലെ ക്രമസമാധാനനില തകർന്നുവെന്ന് ആരോപിച്ച് ഒരു മാസത്തിനുള്ളിൽ ഒൻപത് കൊലപാതകങ്ങൾ നടന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 110 ദിവസത്തിനുള്ളിൽ തമിഴ്നാട്ടിലെ ക്രമസമാധാനനില പൂർണമായും തകർന്നുവെന്നും, ‘എവിടെ നോക്കിയാലും കൊലപാതകങ്ങളും കവർച്ചകളും സംഘർഷങ്ങളും വർദ്ധിച്ചുവരികയാണ്,’ എന്നും പളനിസ്വാമി കൂട്ടിച്ചേർത്തു.

നിലവിലെ സർക്കാർ കടമെടുക്കുന്നത് തുടർന്നാൽ സംസ്ഥാനത്തിന്റെ കടം പത്തു ലക്ഷം കോടിയായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

അരി, പഞ്ചസാര, പാചക എണ്ണ എന്നിവയുൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിലയിലുണ്ടായ കുത്തനെയുള്ള വർധനവ് ചൂണ്ടിക്കാണിച്ച അദ്ദേഹം, പണപ്പെരുപ്പം നിയന്ത്രിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും പറഞ്ഞു.

അതേസമയം വിജയ്‌യുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി തമിഴ്നാട്ടിൽ കോൺഗ്രസും ടി.വി.കെയും തമ്മിലുള്ള ഭിന്നതകൾ വ്യക്തമാകുന്ന പ്രസ്താവനകളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.

തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി പി. വിശ്വനാഥ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാകും 2029-ലെ ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് പറഞ്ഞിരുന്നു. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിച്ച് ടി.വി.കെ പിന്തുണ നൽകിയില്ലെങ്കിൽ സംസ്ഥാന മന്ത്രിസഭയിൽ നിന്നും കോൺഗ്രസ് എം.എൽ.എമാർ രാജിവെക്കുമെന്ന് ടൂറിസം മന്ത്രി എസ്. രാജേഷും പറഞ്ഞിരുന്നു.

1967-ന് ശേഷം കോൺഗ്രസിനെ തമിഴ്‌നാട് മന്ത്രിസഭയിൽ തിരിച്ചെത്തിച്ചത് ടി.വി.കെ ആണ്. കോൺഗ്രസിന്റെ പിന്തുണയോടുകൂടി അധികാരത്തിൽ വന്ന വിജയ് നേതൃത്വം നൽകുന്ന ടി.വി.കെ മന്ത്രിസഭയ്ക്ക് ഭരണം നിലനിർത്താൻ കോൺഗ്രസിന്റെ അഞ്ച് എം.എൽ.എമാരുടെയും പിന്തുണ നിർണായകമാണ്.

നിലവിൽ രണ്ട് മന്ത്രിസ്ഥാനങ്ങളാണ് തമിഴ്‌നാട് നിയമസഭയിൽ കോൺഗ്രസിന് ഉള്ളത്. 234 അംഗ നിയമസഭയിൽ 118 എന്ന കേവലഭൂരിപക്ഷം തികയ്ക്കാൻ കഴിയാതെ 108 സീറ്റുകൾ നേടിയാണ് 2026-ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ടി.വി.കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയത്. തുടർന്ന് കോൺഗ്രസിന്റെയും മറ്റ് കക്ഷികളുടെയും പിന്തുണയോടെ പാർട്ടി സഖ്യസർക്കാർ രൂപീകരിക്കുകയും വിജയ് മുഖ്യമന്ത്രിയായി ചുമതലയേൽക്കുകയുമായിരുന്നു.

Content Highlight: Edappadi Palaniswami Mocks TVK’s Projecting of Vijay as Prime Minister Candidate

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more