| Monday, 13th April 2026, 7:16 pm

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കും; ബി.ജെ.പി സഖ്യത്തെ ന്യായീകരിച്ച് എടപ്പാടി പളനിസാമി

ആദർശ് എം.കെ.

നാഗപട്ടണം: ബി.ജെ.പിയുമായുള്ള സഖ്യത്തെ ന്യായീകരിച്ച് ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ.ഐ.എ.ഡി.എം.കെ) ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമി. പാര്‍ട്ടി തത്വങ്ങളില്‍ ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യില്ലെന്നും ന്യൂനപക്ഷങ്ങളെയും അവരുടെ അവകാശങ്ങളെയും സംരക്ഷിക്കുമെന്നും പളനിസാമി പറഞ്ഞു.

നാഗപട്ടണത്തിലും മയിലാടുംതുറൈയിലും എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ.ഐ.എ.ഡി.എം.കെ ഭരണകാലത്ത് മുസ്‌ലിം വിഭാഗത്തിനായി നടപ്പിലാക്കിയ റംസാന്‍ കാലത്തെ അരി വിതരണം, ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള സാമ്പത്തിക സഹായം തുടങ്ങിയ പദ്ധതികള്‍ അദ്ദേഹം എടുത്തുപറഞ്ഞു. തമിഴ്നാട്ടില്‍ എന്‍.ഡി.എ സഖ്യത്തെ നയിക്കുന്നത് എ.ഐ.എ.ഡി.എം.കെ ആണെന്നും പാര്‍ട്ടിക്ക് സ്വന്തമായ പ്രത്യയശാസ്ത്രമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഡി.എം.കെയ്‌ക്കെതിരെ രൂക്ഷവിമര്‍ശമുന്നയിച്ച അദ്ദേഹം ബി.ജെ.പിയുടെ ആജ്ഞാനുവര്‍ത്തിയാണ് എ.ഐ.എ.ഡി.എം.കെ എന്ന ആരോപണങ്ങളെ പൂര്‍ണമായും തള്ളിക്കളഞ്ഞു. തങ്ങള്‍ ഒരിക്കലും അടിമകളാകില്ലെന്നും ബി.ജെ.പിയുടെ താത്പര്യങ്ങള്‍ക്കനുസരിച്ചല്ല പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

ഡി.എം.കെ കുടുംബവാഴ്ചയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഇ.പി.എസ് ആരോപിച്ചു.

അണ്ണാ ഡി.എം.കെയില്‍ രാഷ്ട്രീയ പിന്‍ഗാമികളില്ലെന്നും താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് പോലും പാര്‍ട്ടിയില്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്താന്‍ അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഡിഎംകെയില്‍ അധികാരം ഒരു കുടുംബത്തില്‍ മാത്രമാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഡി.എം.കെ നയിക്കുന്ന എസ്.പി.എ സഖ്യത്തിലെ പ്രത്യയശാസ്ത്രപരമായ ഐക്യമില്ലായ്മയെ അദ്ദേഹം ചോദ്യം ചെയ്തു. തമിഴ്നാട്ടില്‍ സഖ്യത്തിലുള്ള കക്ഷികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ പരസ്പരം എതിര്‍ക്കുന്നവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര ഫണ്ട് വിനിയോഗിക്കുന്നതില്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പളനിസാമി ആരോപിച്ചു. കേന്ദ്രത്തോട് നിരന്തരം ഏറ്റുമുട്ടുന്നതിനാലാണ് തമിഴ്‌നാടിന് അര്‍ഹമായ ഫണ്ടുകള്‍ ലഭിക്കാത്തതെന്ന് പളനിസാമി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

ബി.ജെ.പിക്ക് പുറമെ അമ്മ മക്കള്‍ മുന്നേറ്റ കഴകം (എ.എം.എം.കെ), ഇന്ത്യ ജനനായഗ കച്ചി (ഐ.ജെ.കെ), പുരട്ചി ഭാരതം കച്ചി (പി.ബി.കെ), പുതിയ നീതി കച്ചി (പി.എന്‍.കെ), സിംഗ തമിഴര്‍ മുന്നേറ്റ കഴകം (എസ്.ടി.എം), തമിള്‍ മാനിസ ബഹുജന്‍ സമാജ് പാര്‍ട്ടി (ടി.എം.ബി.എസ്), തമിള്‍ മാനില കോണ്‍ഗ്രസ് (ടി.എം.സി (എം)), സൗത്ത് ഇന്ത്യന്‍ ഫോര്‍വേര്‍ഡ് ബ്ലോക് (എസ്.ഐ.എഫ്.ബി), തമിഴക മക്കല്‍ മുന്നേറ്റ കഴകം (ടി.എം.എം.കെ) എന്നിവര്‍ക്കൊപ്പമാണ് അണ്ണാ ഡി.എം.കെ ജനവിധി തേടുന്നത്.

ഏപ്രില്‍ 23നാണ് തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ്. ഒറ്റ ഘട്ടമായാണ് 234 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് നാലിനാണ് വോട്ടെണ്ണല്‍.

Content Highlight: Edappadi Palaniswami justifies alliance with BJP

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more