| Wednesday, 21st January 2026, 1:32 pm

ജലവിതരണ വകുപ്പിലെ അഴിമതി; മന്ത്രിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തമിഴ്‌നാട് സര്‍ക്കാരിന് ഇ.ഡിയുടെ കത്ത്

നിഷാന. വി.വി

ചെന്നൈ: തമിഴ്നാട് ജലവിതരണ മുന്‍സിപ്പല്‍ അഡ്മിനിസ്ട്രേഷന്‍ മന്ത്രി കെ.എന്‍. നെഹ്റുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാരിന് കത്തെഴുതി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്.

ജലവിതരണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ നിയമനത്തിലെ അഴിമതിക്കെതിരെ നടപടിയെടുക്കണമെന്നും ഇ.ഡി ആവശ്യപ്പെട്ടു.

മന്ത്രിയും കൂട്ടാളികളും ചേര്‍ന്ന് 366 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായും ആരോപണങ്ങളുണ്ട്.

ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ചീഫ് സെക്രട്ടറിക്കും അഴിമതി വിരുദ്ധ യൂണിറ്റിനും ഇ.ഡി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മുന്‍സിപ്പല്‍ ഭരണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്നാം തവണയാണ് ഇ.ഡി തമിഴ്നാട് സര്‍ക്കാരിന് കത്തയക്കുന്നത്. നെഹറുവിനെതിരെ ഇ.ഡി ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27 നായിരുന്നു ഇ.ഡി സര്‍ക്കാരിന് ആദ്യ കത്തയച്ചത്. ഇതില്‍ തമിഴ്നാട്ടിലെ ജലവിതരണ വകുപ്പിലെ ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും (20242025, 20252026) പരീക്ഷകളിലും തെരഞ്ഞെടുപ്പ് പ്രക്രിയയിലും നടന്ന ക്രമക്കേടുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നതായി ഇ.ഡി പരാമര്‍ശിച്ചിരുന്നു.

ഓരോ സ്ഥാനാര്‍ത്ഥിയില്‍ നിന്നും 25 ലക്ഷം മുതല്‍ 35 ലക്ഷം വരെ കൈക്കൂലി വാങ്ങിയതിന്റെ തെളിവുകളും നെഹ്‌റുവിന്റെ അനുയായികളില്‍ നിന്ന് പിടിച്ചെടുത്ത 150 സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങളും ഇ.ഡി സമര്‍പ്പിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാത്തില്‍ 2,500 സ്ഥാനാര്‍ത്ഥികളുടെ നിയമനത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഇ.ഡി ആവശ്യപ്പെട്ടിരുന്നു.

മുന്‍സിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിലെ സര്‍ക്കാര്‍ കരാറുകളില്‍ അഴിമതിയും കൃത്രിമവും ഉണ്ടെന്നാരോപിച്ച് ഡിസംബര്‍ മൂന്നിന് വീണ്ടും കത്തെഴുതി.

ടെന്‍ഡര്‍ കൃത്രിമത്വവും കൈക്കുലി വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള തെളിവുകളാണ് രണ്ടാമത്തെ കത്തില്‍ ഉണ്ടായിരുന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും എഞ്ചിനീയര്‍മരുടെയും സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് മന്ത്രിയും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ അഴിമതിയുമായി ബന്ധപ്പെട്ട തെളിവുകളാണ് ഇ.ഡിയുടെ പുതിയ കത്തിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മന്ത്രിയുടെ കുടുംബവും കൂട്ടാളികളും 365.87 കോടി രൂപയുടെ കള്ളപ്പണം വെളിപ്പിച്ചതിന്റെ തെളിവുകളും കത്തിലുളളതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ആഢംബര ജീവിത ശൈലി, വ്യക്തിഗത ആസ്തികള്‍ സൃഷ്ടിക്കല്‍, രാഷ്ട്രീയ ചെലവുകള്‍ എന്നിവയ്ക്കായി ഗുണഭോക്താക്കള്‍ കൈക്കൂലി ഉപയോഗിച്ചതായും കത്തില്‍ ഇ.ഡി ചൂണ്ടികാണിച്ചിട്ടുണ്ട്.

എന്നാല്‍ മന്ത്രി നേരത്തെ തന്നെ എല്ലാ ആരോപണങ്ങളും നിഷേധിക്കുകയും ഇ.ഡിയുടെ നടപടികള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് പറയുകയും ചെയ്തിരുന്നു.

Content Highlight: ED writes to Tamil Nadu government, asks for FIR to be registered against minister

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more