| Wednesday, 27th May 2026, 2:38 pm

പിണറായി വിജയന്റെ വീട്ടില്‍ നിന്ന് ഒന്നും കണ്ടെത്താനായില്ലെന്ന് എഴുതി നല്‍കി ഇ.ഡി; കണ്ണൂരില്‍ പരിശോധന പൂര്‍ത്തിയായി

ആദർശ് എം.കെ.

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ പരിശോധനയില്‍ യാതൊരുവിധ രേഖകളും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ രേഖാമൂലം എഴുതി നല്‍കി.

പരിശോധനയ്ക്ക് ശേഷം മടങ്ങിയ ഉദ്യോഗസ്ഥര്‍, ഒന്നും കിട്ടിയിട്ടില്ലെന്ന കാര്യം വീടിന്റെ കെയര്‍ടേക്കറായ നാണുവിനെയാണ് രേഖാമൂലം അറിയിച്ചത്.

പരിശോധന പൂര്‍ത്തിയായതായും രേഖകളൊന്നും ലഭിച്ചിട്ടില്ലെന്നും നേതാക്കളായ പി. ജയരാജനും എം.വി. ജയരാജനും വ്യക്തമാക്കി.

ഇ.ഡിക്കെതിരെ ശക്തമായ പ്രതിഷേധവുമായി സി.പി.ഐ.എം പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ, എം.വി. ജയരാജന്‍, കെ.കെ. രാകേഷ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ ‘മോദി-ഇഡി വേട്ട’ എന്നെഴുതിയ ബാനറുകളുമായി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

പ്രവര്‍ത്തകരുടെ പ്രതിഷേധം കാരണം ഉദ്യോഗസ്ഥര്‍ക്ക് പുറത്തിറങ്ങാന്‍ ആദ്യം തടസ്സമുണ്ടായിരുന്നുവെങ്കിലും സമാധാനപരമായി പിരിഞ്ഞുപോകാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു.

പൊലീസ് സ്ഥലത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയിരുന്നത്.

ഭൂരിഭാഗം പ്രവര്‍ത്തകരും നേതാക്കള്‍ക്കൊപ്പം ടൗണിലേക്ക് പ്രകടനമായി നീങ്ങിയതോടെയാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് മടങ്ങാനുള്ള വഴിയൊരുങ്ങിയത്.

രാവിലെ ഏഴ് മണിക്ക് മുമ്പായി റെയ്ഡ് ആരംഭിച്ചിരുന്നു. പിണറായി വിജയന്റെ തലസ്ഥാനത്തെ വാടകവീട്, കണ്ണൂരിലെ വീട്, മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്, സി.എം.ആര്‍.എല്‍ എം.ഡി. ശശിധരന്‍ കര്‍ത്തയുടെ കൊച്ചിയിലെ വീട്, ആലുവയിലെ സി.എം.ആര്‍.എല്‍ ഓഫീസ്, ബെംഗളൂരുവിലെ എക്സാലോജിക് ഓഫീസ്, ശശിധരന്‍ കര്‍ത്തയുമായി ബന്ധപ്പെട്ട മറ്റു രണ്ടിടങ്ങള്‍ ഉള്‍പ്പെടെ 12 ഇടങ്ങളിലാണ് ഇ.ഡി റെയ്ഡ് നടത്തിയത്.

Content Highlight: ED writes that nothing was found at Pinarayi Vijayan’s house

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more