| Wednesday, 3rd June 2026, 6:56 pm

വിമതനീക്കത്തിനും രാഷ്ട്രീയ കോളിളക്കത്തിനുമിടെ അഭിഷേക് ബാന‍ർജിയുടെ വീട്ടുപടിക്കൽ ഇ.ഡി; ടി.എം.സി പ്രതിസന്ധിയിൽ

ആദര്‍ശ് എം.കെ.

കൊൽക്കത്ത: ഏറെ വിവാദം സൃഷ്ടിച്ച അധ്യാപക നിയമന അഴിമതിക്കേസുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് (ടി.എം.സി) ദേശീയ ജനറൽ സെക്രട്ടറിയും ഡയമണ്ട് ഹാർബർ എം.പിയുമായ അഭിഷേക് ബാനർജിക്ക് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റി (ഇ.ഡി)ന്റെ സമൻസ്.

ഇതിന് തൊട്ടുപിന്നാലെ കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കീം സ്ഥാനം രാജിവെക്കുകയും പാർട്ടിയിൽ വൻ വിമത നീക്കം പരസ്യമാവുകയും ചെയ്തതോടെ മുഖ്യമന്ത്രി മമതാ ബാനർജിയും പാർട്ടിയും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.

ബുധനാഴ്ച വൈകുന്നേരത്തോടെയാണ് രണ്ട് ഇ.ഡി ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം അഭിഷേക് ബാനർജിക്ക് നോട്ടീസ് നൽകാനായി എത്തിയത്. ആദ്യം അദ്ദേഹത്തിന്റെ ശാന്തിനികേതനിലെ വസതിയിൽ എത്തിയെങ്കിലും അവിടെ കണ്ടെത്താനാകാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥർ കൊൽക്കത്ത കാളിഘട്ടിലുള്ള വസതിലേക്ക് തിരിച്ചു.

ഇ.ഡി സംഘം എത്തുമ്പോൾ അഭിഷേക് ബാനർജി വീട്ടിൽ ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി മമതാ ബാനർജിയുടെ വസതിയോട് ചേർന്നുള്ള ഓഫീസിൽ പാർട്ടി യോഗത്തിൽ പങ്കെടുക്കുകയായിരുന്നതിനാൽ അദ്ദേഹത്തിന്റെ ഒരു പ്രതിനിധിയാണ് സമൻസ് കൈപ്പറ്റിയത്.

മൊഴി രേഖപ്പെടുത്തുന്നതിനായി ജൂൺ 15ന് ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസിലെ നിർദേശം. നേരത്തെ സി.ബി.ഐ, ഇ.ഡി കുറ്റപത്രങ്ങളിൽ അഭിഷേകിന്റെ പേര് പരാമർശിച്ചിരുന്നെങ്കിലും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല.

അഭിഷേക് ബാനർജിക്ക് ഇ.ഡി സമൻസ് ലഭിച്ച അതേദിവസം തന്നെയാണ് കൊൽക്കത്ത കോർപ്പറേഷൻ മേയർ ഫിർഹാദ് ഹക്കീമിന്റെ നാടകീയ രാജി പ്രഖ്യാപനം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മേയർ പദവിയിൽ കാര്യക്ഷമമായി തുടരാൻ ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം പാർട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ഫിർഹാദ് ഹക്കീമിന്റെ അന്തസ് നിലനിർത്തിക്കൊണ്ടുള്ള ഈ രാജി മമതാ ബാനർജി സ്വീകരിച്ചതായാണ് വിവരം.

ഇതിനുപുറമേ, തൃണമൂൽ കോൺഗ്രസിനുള്ളിൽ വലിയ തോതിലുള്ള ആഭ്യന്തര ഭിന്നതകളും വിമത നീക്കങ്ങളും ഉടലെടുത്തിട്ടുണ്ട്. പാർട്ടിയിലെ എല്ലാ സംഘടനാ കമ്മിറ്റികളും മുന്നണി സമിതികളും നിലവിൽ പിരിച്ചുവിട്ടതായാണ് റിപ്പോർട്ടുകൾ.

പാർട്ടിയിലെ ആഭ്യന്തര കലഹം പുതിയ തലത്തിലേക്കാണ് ഉയർന്നിരിക്കുന്നത്. തൃണമൂലിൽ നിന്ന് പുറത്താക്കപ്പെട്ട റിതബ്രത ബാനർജിയുടെ നേതൃത്വത്തിൽ വൻ വിമത നീക്കമാണ് നിയമസഭയിൽ ദൃശ്യമായത്. മമതയുടെ നിയമസഭാ കക്ഷിയെ മറികടന്ന് 59 എം.എൽ.എമാരുടെ ഒപ്പടങ്ങിയ പിന്തുണക്കത്തുമായാണ് വിമതർ സ്പീക്കറെ സമീപിച്ചത്.

ഭൂരിപക്ഷം തെളിയിച്ചതിനെ തുടർന്ന് റിതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ ഔദ്യോഗികമായി അംഗീകരിച്ചു. ഇതിന് പിന്നാലെ നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ മുറി ഇവർക്കായി തുറന്നുകൊടുത്തു.

അരുപ് റോയ്, ഷിയൂലി സാഹ, അഖ്റുജ്ജമാൻ, സന്ദീപൻ സാഹ, സബീന യാസ്മിൻ, ചന്ദ്രനാഥ് സിൻഹ, പ്രസൂൻ ബാനർജി തുടങ്ങിയ പ്രമുഖ തൃണമൂൽ എം.എൽ.എമാർ ബുധനാഴ്ച രാവിലെ തന്നെ റിതബ്രതയ്ക്ക് പിന്തുണയുമായി നിയമസഭയിൽ എത്തിയിരുന്നു.

അധ്യാപക നിയമന അഴിമതിക്ക് പുറമേ, എം.എൽ.എമാരുടെ വ്യാജ ഒപ്പിട്ടതുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ വരുന്ന തിങ്കളാഴ്ച ഹാജരാകാൻ സംസ്ഥാന അന്വേഷണ ഏജൻസിയും അഭിഷേക് ബാനർജിക്ക് നിർദേശം നൽകിയിട്ടുണ്ട്.

Content Highlight: ED Summons Abhishek Banerjee in Recruitment Corruption Investigation

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more