| Saturday, 19th July 2025, 1:49 pm

ബെറ്റിങ് ആപ്പ് കേസുകളില്‍ ഗൂഗിളിനും മെറ്റയ്ക്കും നോട്ടീസ് അയച്ച് ഇ.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പ് കേസുകളിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ടെക് ഭീമന്മാരായ ഗൂഗിളിനും മെറ്റയ്ക്കും നോട്ടീസ് അയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജൂലൈ 21ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസില്‍ പറയുന്നുണ്ട്.

കള്ളപ്പണം വെളുപ്പിക്കല്‍, ഹവാല ഇടപാടുകള്‍ എന്നിവയുള്‍പ്പെടെ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ അന്വേഷണം നേരിടുന്ന ബെറ്റിങ് ആപ്ലിക്കേഷനുകളുടെ പ്രചാരണത്തിന് ഗൂഗിളും മെറ്റയും സൗകര്യമൊരുക്കുന്നതായി ഇ.ഡി ആരോപിച്ചു. ബെറ്റിങ് ആപ്പുകള്‍ക്ക് മെറ്റയും ഗൂഗിളും പ്രധാനപ്പെട്ട പരസ്യ സ്ലോട്ടുകള്‍ നല്‍കുന്നുണ്ടെന്നും ഇവയുമായി ബന്ധപ്പെട്ട വെബ്സൈറ്റുകള്‍ക്ക് ജനങ്ങളുടെയിടയില്‍ കാര്യമായ വിസിബിലിറ്റി ഉണ്ടാക്കികൊടുക്കുന്നുണ്ടെന്നും ആരോപണമുയരുന്നതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ബെറ്റിങ് ആപ്പുകളുടെ മറവില്‍ നടക്കുന്ന നികുതിവെട്ടിപ്പിനെ കുറിച്ചും ഹവാല ഇടപാടുകളെ കുറിച്ചും ഇ.ഡി അന്വേഷിച്ചുവരികയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് കേസ് അന്വേഷണം ആരംഭിച്ചത്. ജംഗ്ലീ റമ്മി, എ23, ജീറ്റ്വിന്‍, പാരിമാച്ച്, ലോട്ടസ്365 തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതായി ഇ.ഡി സംശയിക്കുന്നുണ്ട്.

അതേസമയം കഴിഞ്ഞദിവസം നിയമം ലംഘിച്ച് ബെറ്റിങ് ആപ്പുകളെ പ്രോത്സാഹിപ്പിച്ചതിന് 29 സെലിബ്രിറ്റികള്‍ക്ക് എതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. തെലുങ്കാനയിലും ആന്ധ്രപ്രദേശിലും ഫയല്‍ ചെയ്ത അഞ്ച് എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. സിനിമ താരങ്ങളായ വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബാട്ടി, പ്രകാശ് രാജ്, നിധി അഗര്‍വാള്‍, പ്രണിത സുഭാഷ്, മഞ്ചു ലക്ഷ്മി, അനന്യ നാഗെല്ല എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് ഇ.ഡി കേസ് എടുത്തത്. അഭിനേതാക്കള്‍ക്ക് പുറമെ ഇന്‍ഫ്ളുവന്‍സേഴ്സ്, യൂട്യൂബര്‍മാര്‍ എന്നിവര്‍ക്ക് എതിരെയും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

നേരത്തെ നിരോധിത ബെറ്റിങ് ആപ്പുകളുടെ പരസ്യത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഉള്‍പ്പെടെ നിയമക്കുരുക്ക് വന്നിരുന്നു. മുന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ഭജന്‍ സിങ്, യുവ് രാജ് സിങ്, സുരേഷ് റെയ്ന, നടി ഉര്‍വശി റൗട്ടേല, നടന്‍ സോനു സൂദ് എന്നിവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.

Content Highlight: ED sends notice to Google and Meta in betting app cases

We use cookies to give you the best possible experience. Learn more