ന്യൂദൽഹി: അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിനെതിരെയുള്ള അന്വേഷണം ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കമ്പനികളിൽ നിന്നും 1400 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി.
വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായാണ് ഇ.ഡി സ്വത്തുക്കൾ കണ്ടുകെട്ടിയത്.
നവി മുംബൈ, ചെന്നൈ, പൂനെ, ഭുവനേശ്വർ എന്നിവിടങ്ങളിലായി ഏകദേശം 1,452 കോടി വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ആസ്തികൾ, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ പ്രകാരമാണ് നടപടി.
നവംബർ മൂന്നിന് ഏകദേശം 7500 കോടി രൂപയുടെ ആസ്തികളും സ്വത്തുക്കളും ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി കണ്ടുകെട്ടിയിരുന്നു. ഏറ്റവും പുതിയ നടപടിയോടെ ഏകദേശം 9000 കോടി രൂപയാണ് ആകെ കണ്ടുകെട്ടിയത്.
മുംബൈ, ദൽഹി, നോയിഡ, ഗാസിയാബാദ്, പൂനെ, താനെ, ചെന്നൈ, ഹൈദരാബാദ്, ആന്ധ്രാപ്രദേശിന്റെ ചില ഭാഗങ്ങൾ എന്നിവയുൾപ്പെടെ പ്രധാന നഗരങ്ങളിലായുള്ള നാൽപതോളം സ്വത്തുക്കൾ ഇതിൽ ഉൾപ്പെടുന്നു.
ഈ ആസ്തികളിൽ മുംബൈയിലെ പാലി ഹിൽ പ്രോപ്പർട്ടി പോലുള്ള പ്രീമിയം റെസിഡൻഷ്യൽ ഹോൾഡിങ്ങുകളും റിലയൻസ് എ.ഡി.എ ഗ്രൂപ്പിന്റെ സ്ഥാപനങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വാണിജ്യ സൈറ്റുകളും ലാൻഡ് പാഴ്‌സലുകളും ഉൾപ്പെടുന്നെന്നും റിപ്പോർട്ടുകളുണ്ട്.
റിലയൻസ് കമ്മ്യൂണിക്കേഷൻസ്, റിലയൻസ് ഹോം ഫിനാൻസ്, റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ്, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് പവർ എന്നിവയുൾപ്പെടെ നിരവധി ഗ്രൂപ്പ് കമ്പനികൾ വൻതോതിൽ പൊതു ഫണ്ട് വകമാറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഓഗസ്റ്റ് അഞ്ചിന് ഇ.ഡി ദൽഹിയിൽ വെച്ച് അനിൽ അംബാനിയെ ചോദ്യം ചെയ്യുകയും ഇന്ത്യ വിടുന്നത് വിലക്കുകയും ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് ജൂലൈയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 35 ഇടങ്ങളിൽ ഇ.ഡി അന്വേഷണം നടത്തിയിരുന്നു.
റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് കൊമേഴ്ഷ്യൽ ഫിനാൻസ് ലിമിറ്റഡ് എന്നിവ പൊതുഫണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചു എന്ന കേസിലാണ് കേന്ദ്ര ഏജൻസികൾ ആസ്തികൾ കണ്ടുകെട്ടിയത്.
ബാങ്കിൽ നിന്നും കോടികൾ വായ്പയെടുത്ത് വ്യാജ കമ്പനികളിലേക്ക് വകമാറ്റിയെന്നും അനുബന്ധ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലെത്തിച്ച് തട്ടിപ്പ് നടത്തിയെന്നുമായിരുന്നു അനിൽ അംബാനി ഗ്രൂപ്പിനെതിരായുള്ള ആരോപണം.
Content Highlight: ED seizes Anil Ambani’s assets worth Rs 1400 crore