| Wednesday, 8th October 2025, 9:12 am

ഭൂട്ടാൻ വാഹനക്കടത്തിൽ ദുൽഖറിന്റെ വീട്ടിലടക്കം 17 ഇടങ്ങളിൽ ഇ.ഡി പരിശോധന

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ ദുൽഖറിന്റെയും അമിത് ചക്കാലക്കലിന്റെയും വീട്ടിലടക്കം സംസ്ഥാന വ്യാപകമായി 17 ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന.

വാഹനകടത്തിൽ ഏതെങ്കിലും തരത്തിലുള്ള കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നതാണ് പ്രധാനമായും ഇ.ഡി പരിശോധിക്കുക. നേരത്തെ കസ്റ്റംസിൽ നിന്നും ഇതിനായുള്ള രേഖകൾ ഇ.ഡി വാങ്ങി പരിശോധിച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ സംസ്ഥാനവ്യാപകമായുള്ള പരിശോധന നടത്താൻ ഇ.ഡി തീരുമാനിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ) ഇ.ഡി രജിസ്റ്റർ ചെയ്യാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അതിനുമുന്നോടിയായാണ് ഇ.ഡി യുടെ കൊച്ചി യൂണിറ്റ് 17 ഇടങ്ങളിലായുള്ള പരിശോധന നടത്തതാൻ തീരുമാനിക്കുന്നത്.

കഴിഞ്ഞ ദിവസം ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ ദുൽഖറിൽ നിന്നും പിടിച്ചെടുത്ത ഡിഫൻഡർ വാഹനം വിട്ടുനൽകണമെന്ന് ഹൈക്കോടതി കസ്റ്റംസിനോട്  ആവശ്യപ്പെട്ടിരുന്നു.

വാഹനങ്ങൾ വിദേശത്തുനിന്ന് കടത്തിയതാണെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചതിന് ശേഷമായിരുന്നു കോടതിയുടെ ഉത്തരവ്. ഇന്റലിജിൻസ് റിപ്പോർട്ട് അനുസരിച്ചാണ് വാഹനം പിടിച്ചെടുത്തതെന്നും കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

രാജ്യവ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് നടന്മാരുടെ വീട്ടില്‍ കസ്റ്റംസ് എത്തി പരിശോധന നടത്തിയത്. നടൻ പൃഥ്വിരാജിന്റെ വീട്ടിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.

Content Highlight: ED searches 17 places including Dulquer’s house in Bhutan vehicle smuggling case

We use cookies to give you the best possible experience. Learn more