ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് കണ്‍സെള്‍ട്ടന്റായ ഐ.പാക്കിന്റെ ഓഫീസിലും സ്ഥാപന മേധാവി പ്രതീക് ജെയ്നിന്റെ വീട്ടിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ( ഇ.ഡി) നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച എം.പിമാര്‍ കസ്റ്റഡിയില്‍.
അന്വേഷണ ഏജന്‍സിയെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് അമിത് ഷായുടെ ഓഫീസിന് പുറത്ത് പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരെയാണ് കസ്റ്റഡിയിലെടുത്തത്.
ടി.എം.സി എം.പിയായ മഹുവ മൊയ്ത്ര, ഡെറക് ഒബ്രയാന്‍, സതാബ്ദി റോയ്, കീര്‍ത്തി ആസാദ് തുടങ്ങിയ എം.പിമാരെ ദല്‍ഹി പൊലീസ് കസ്റ്റഡിലെടുക്കുകയായിരുന്നു.
ആഭ്യന്തര മന്ത്രിക്കെതിരായ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്ന എം.പിമാരെ പൊലീസ് വാനിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോവുകയായിരുന്നു.
‘തെരഞ്ഞെടുക്കപ്പെട്ട എം.പിയോട് ദല്‍ഹി പൊലീസ് എങ്ങനെ പെരുമാറുന്നുവെന്ന് രാജ്യം കാണുന്നു. തെരഞ്ഞെടുപ്പ് സമയത്ത് അവര്‍ ഇ.ഡിയുടെയും സി.ബി.ഐയുടെയും സംഘങ്ങളെ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി അയക്കുന്നുവെന്നും ടി.എം.സി എം.പി സതാബ്ദി റോയ് പറഞ്ഞു.
എന്നാല്‍ ബി.ജെ.പി ജയിക്കില്ലെന്നും ഇതെല്ലാം രാജ്യം കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇ.ഡി.റെയ്ഡുകള്‍ തെറ്റായ രീതിയിലാണ് നടത്തിയത്. ഇത് ജനാധിപത്യ വിരുദ്ധമായ രീതിയില്‍ തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണെന്നും ഇത്തരത്തില്‍ അവര്‍ ജയിക്കില്ലെന്നും ടി.എം.സി എം.പി കീര്‍ത്തി ആസാദ് പറഞ്ഞു.
ഷെയിം ഷെയിം എന്ന് ഉറക്കെ വിളിച്ച് പറഞ്ഞുകൊണ്ടാണ് മഹുവ ദല്‍ഹി പൊലീസിന്റെ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയത്.
ഇന്നലെ (വ്യാഴം) പുലര്‍ച്ചെ ആറുമണിയോടെയാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ ഐ-പാക്കിലെത്തിയത്. ഉച്ചയോടെ മമത ബാനര്‍ജിയും സ്ഥലത്തെത്തി.
തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ബി.ജെ.പിക്കെതിരെയും മമത വിമര്‍ശനം ഉയര്‍ത്തി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ അടക്കം ചോര്‍ത്താനാണ് ഇ.ഡി ഐ-പാക്കിലെത്തിയതെന്നാണ് മമതയുടെ ആരോപണം.
എന്നാല്‍ കല്‍ക്കരി കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് പരിശോധന നടന്നതെന്നും റെയ്ഡ് തെളിവുകളുടെ അടിസ്ഥാനത്തില്‍ ആയിരുന്നുവെന്നും ഇ.ഡി പറയുന്നു.
ബംഗാളില്‍ മാത്രമല്ല, ദല്‍ഹിയിലെ നാലിടത്ത് സമാനമായ കേസില്‍ റെയ്ഡ് നടന്നിരുന്നുവെന്നും ഇ.ഡി വ്യക്തമാക്കി. ബംഗാളില്‍ ആറിടത്ത് പരിശോധന നടന്നതായാണ് വിവരം.
പരിശോധന തടസപ്പെടുത്തിയതില്‍ മമതക്കെതിരെ ഇ.ഡി നിയമനടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി എം.എല്‍.എയും ബംഗാള്‍ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി പറഞ്ഞു. മമത എന്തിനാണ് ഇങ്ങനെ പേടിക്കുന്നതെന്നും ബി.ജെ.പി ചോദിച്ചു.
Content Highlight: ED raids Trinamool IT office; TMC MPs arrested for protesting in front of Amit Shah’s office