| Wednesday, 19th March 2025, 7:35 am

ജോര്‍ജ് സോറസുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ ഇന്ത്യന്‍ കമ്പനികളില്‍ റെയ്ഡുമായി ഇ. ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളുരു: യു. എസ് ശതകോടീശ്വരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജോര്‍ജ് സോറസുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ ഇന്ത്യന്‍ കമ്പനികളില്‍ റെയ്ഡുമായി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. സോറസുമായി ബന്ധമുണ്ടെന്ന് പറയുന്ന എട്ട് ഇന്ത്യന്‍ കമ്പനികളിലാണ് റെയ്ഡ് നടന്നത്. വിദേശ വിനിമയച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് റെയ്ഡ്.

സോറസിന്റെ ഉടമസ്ഥതയിലുള്ള ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനുകളില്‍ നിന്ന് ഫണ്ട് സ്വീകരിച്ചെന്ന് ആരോപിച്ചാണ്‌ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അശോക് നഗറിലെ റൂട്ട്ബ്രിഡ്ജ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, മല്ലേശ്വരത്തെ എ.എസ്.എ.ആര്‍ സോഷ്യല്‍ അഡൈ്വസര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളില്‍ റെയ്ഡ് നടത്തിയത്‌

സംശയാസ്പദമായ ഇടപാടുകളിലൂടെ ഒ.എസ്.എഫ് ഈ കമ്പനികള്‍ക്ക് 25 കോടി രൂപ കൈമാറിയതിനെ തുടര്‍ന്നാണ് റെയ്ഡുകള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സോറസുമായി ബന്ധമുള്ള ആംനസ്റ്റി ഇന്ത്യയിലെ മുന്‍ ജീവനക്കാരാണ് ഈ കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡിന്റെ അധ്യക്ഷന്മാര്‍.

ആംനസ്റ്റി ഇന്ത്യയിലെ മുന്‍ ജീവനക്കാര്‍ നിയമവിരുദ്ധമായ വിദേശ ധനസഹായം കൈപ്പറ്റിയെന്ന് ആരോപിച്ച് സര്‍ക്കാര്‍ അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും 2020 ഡിസംബറില്‍ ആംനസ്റ്റിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.

ഇതിന് പുറമെ 2022ല്‍, വിദേശ വിനിമയ നിയമം ലംഘിച്ചെന്നാരോപിച്ച് ആംനസ്റ്റിയുടെ ഇന്ത്യയിലെ മേധാവി ആകാര്‍ പട്ടേലിന് 10 കോടി രൂപയും എന്‍.ജി.ഒയ്ക്ക് 51.72 കോടി രൂപയും പിഴ ചുമത്തിയിരുന്നു. എന്നാല്‍ ഒ.എസ്.എഫ് ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല.

വിദേശനാണ്യ വിനിമയ നിയമങ്ങള്‍ ലംഘിക്കുന്നതായി ആരോപിച്ച് 2016ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഫൗണ്ടേഷനെ വാച്ച്ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെ ഇന്ത്യന്‍ എന്‍.ജി.ഒകള്‍ക്ക് ധനസഹായം നല്‍കുന്നതിന് ഫൗണ്ടേഷന് സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. ഈ നീക്കത്തെ സംഘടന പിന്നീട് ദല്‍ഹി ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. നിലവില്‍ ഈ ഹരജി കോടതിയുടെ പരിഗണനയിലാണ്.

അതേസമയം ജോര്‍ജ് സോറസും എന്‍.ഡി.എ സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങളാണ് റെയ്ഡിന് പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2023ല്‍ അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ മോദി-അദാനി കൂട്ടുക്കെട്ടിനെ വിമര്‍ശിച്ചതോടെയാണ് സോറസ് സംഘപരിവാറിന്റെ കണ്ണിലെ കരട് ആയി മാറുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അദാനിയുടേയും വിധി പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണെന്നും, ഓഹരി വിപണിയില്‍ അദാനി നേരിടുന്ന പ്രതിസന്ധിക്ക് മോദി ഉത്തരം പറയേണ്ടി വരുമെന്ന സോറസിന്റെ അന്നത്തെ പ്രസ്താവന ബി.ജെ.പിയെ ചൊടിപ്പിച്ചിരുന്നു.

അദാനിയുടെ തകര്‍ച്ച മോദിയെ ബാധിക്കുമെന്നും അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പുതിയൊരു യുഗപ്പിറവിയിലേക്ക് നയിക്കുമെന്നും സോറസ് പറഞ്ഞു. എന്നാല്‍ ഇതിനെതിരെ ബി.ജെ.പിയില്‍ നിന്നടക്കം അദ്ദേഹത്തിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.

ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പണം നല്‍കി സോറസ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹായത്തോടെ ഡീപ് സ്റ്റേറ്റ് ഘടകങ്ങളോട് ഒത്തുച്ചേര്‍ന്ന് രാജ്യത്തെ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന്‌ ബി.ജെ.പി ആരോപിച്ചു.

ഇതിന് പുറമെ അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ ആഗോള ശൃംഖലയായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ്‌ പ്രൊജക്ട് അഥവാ ഒ.സി.സി.ആര്‍.പിക്ക് ഫണ്ട് നല്‍കി രാജ്യത്തെ 50ലധികം മാധ്യമ പങ്കാളികളുമായി ചേര്‍ന്ന് മോദിയേയും അദാനിയെയും സോറസ് തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണവും ബിജെ.പിക്കുണ്ട്.

Content Highlight: ED raids Indian companies linked to George Soros

We use cookies to give you the best possible experience. Learn more