| Wednesday, 27th May 2026, 1:24 pm

ഇ.ഡി. റെയ്ഡിനെ അപലപിക്കുന്നു; പിണറായിക്കെതിരായ കോണ്‍ഗ്രസ് ആരോപണത്തിന്റെ പൊള്ളത്തരം വെളിപ്പെട്ടെന്ന് സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റ വീട്ടില്‍ റെയ്ഡ് നടത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) നടപടിക്കെതിരെ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ. സ്റ്റാലിന്‍. റെയ്ഡിനെ ശക്തമായി അപലപിക്കുന്നതായി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സ്റ്റാലിന്‍ പറഞ്ഞു.

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് റെയ്ഡിനെ ശക്തമായി അപലപിക്കുന്നു. അത്തരം നടപടികള്‍ കേന്ദ്ര ഏജന്‍സികളെ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്കെതിരായ ആയുധമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെക്കുറിച്ച് ഗൗരവമേറിയ ചോദ്യങ്ങള്‍ വീണ്ടും ഉയര്‍ത്തുകയാണെന്ന് സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.

ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെയും സ്റ്റാലിന്‍ വിമര്‍ശിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് പിണറായി വിജയനെ ബി.ജെ.പി ഇതുവരെ ലക്ഷ്യം വയ്ക്കാത്തതെന്ന് സ്ഥിരം ചോദിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണങ്ങളുടെ പൊള്ളത്തരം ഇപ്പോള്‍ വെളിപ്പെട്ടിരിക്കുകയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് രാാഹുല്‍ ഗാന്ധി അടക്കം പിണറായി വിജയനെതിരെ ഉന്നയിച്ച വാദങ്ങളെ ലക്ഷ്യം വച്ചാണ് സ്റ്റാലിന്റെ പ്രതികരണം.
കേന്ദ്ര ഏജന്‍സികള്‍ തനിക്കെതിരേ കേസെടുത്ത് ചോദ്യംചെയ്ത് ബുദ്ധിമുട്ടിച്ചപ്പോള്‍ പിണറായി വിജയനെതിരായ കേസില്‍ നടപടിയുണ്ടായിരുന്നെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തലെത്തിയപ്പോഴായിരുന്നു രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

പിണറായിക്കെതിരെ നടപടിയെടുക്കാത്തത് അഡ്ജസ്റ്റ്‌മെന്റിന്റെ ഭാഗമാണെന്നും രാഹുല്‍ ഗാന്ധി അന്ന് ആരോപിച്ചിരുന്നു. കണ്ടാലും കൊണ്ടാലും പഠിക്കാത്തയാളാണ് രാഹുല്‍ ഗാന്ധിയെന്ന് പിണറായി വിജയന്‍ ഈ ആരോപണങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. പ്രാദേശിക പ്രവര്‍ത്തകന്റെ കാര്യവിവരം പോലും രാഹുല്‍ ഗാന്ധിക്ക് ഇല്ലെന്നും അന്ന് പിണറായി പറഞ്ഞിരുന്നു.

എക്‌സാലോജിക്- കെ.എം.ആര്‍.എല്‍ കേസുമായി ബന്ധപ്പെട്ടാണ് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട് അടക്കം 10 ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തിയത്. കേസില്‍ ഇ.ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിറകെയാണ് റെയ്ഡ്. കേസില്‍ ഇ.ഡി അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈകോടതി ഇന്നലെ (ചൊവ്വ) തള്ളിയിരുന്നു. സി.എം.ആര്‍.എല്‍ കമ്പനിയും ഉദ്യോഗസ്ഥരും സമര്‍പ്പിച്ച ഹരജിയായിരുന്നു തള്ളിയത്.

കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക് 1.72 കോടി രൂപ കൈപ്പറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസുകളാണ് ഇ.ഡി അന്വേഷിക്കുന്നത്.

സി.എം.ആര്‍.എലിന്റെ ഓഫീസിലും ഇ.ഡി. പരിശോധന നടക്കുന്നുണ്ട്. മുന്‍ മന്ത്രിയും പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ ഭര്‍ത്താവുമായ പി.എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലുള്ള വീട്ടിലും ഇ.ഡി സംഘം റെയ്ഡിനെത്തി.

Content Highlight: ED Raid at Pinarayi Vijayan”s House: MK Stalin Response

We use cookies to give you the best possible experience. Learn more