തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട് അടക്കമുള്ള ഇടങ്ങളിലെ ഇ.ഡി. റെയ്ഡ് കോണ്‍ഗ്രസ്- ബി.ജെ.പി ആസൂത്രണമാണെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് വിഷ്ണുനാഥ് ഇക്കാര്യം വ്യക്തമാക്കിയത്.
റെയ്ഡിനെക്കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്നും വിഷ്ണുനാഥ് പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ കോണ്‍ഗ്രസിന് ഒരു സ്വാധീനവുമില്ല. ഈ റെയ്ഡിനെ കോണ്‍ഗ്രസുമായി കൂട്ടിക്കെട്ടാനാവില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു.
എക്‌സാലോജിക്- കെ.എം.ആര്‍.എല്‍ കേസുമായി ബന്ധപ്പെട്ടാണ് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട് അടക്കം 10 ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തിയത്. കേസില്‍ ഇ.ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിറകെയാണ് റെയ്ഡ്. കേസില്‍ ഇ.ഡി അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈകോടതി ഇന്നലെ (ചൊവ്വ) തള്ളിയിരുന്നു. സി.എം.ആര്‍.എല്‍ കമ്പനിയും ഉദ്യോഗസ്ഥരും സമര്‍പ്പിച്ച ഹരജിയായിരുന്നു തള്ളിയത്.
കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക് 1.72 കോടി രൂപ കൈപ്പറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസുകളാണ് ഇ.ഡി അന്വേഷിക്കുന്നത്.
സി.എം.ആര്‍.എലിന്റെ ഓഫീസിലും ഇ.ഡി. പരിശോധന നടക്കുന്നുണ്ട്. മുന്‍ മന്ത്രിയും പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ ഭര്‍ത്താവുമായ പി.എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലുള്ള വീട്ടിലും ഇ.ഡി സംഘം റെയ്ഡിനെത്തി.
ഈ റെയ്ഡിന് പിറകില്‍ കോണ്‍ഗ്രസ് ഇടപെടലുണ്ടെന്ന തരത്തില്‍ സി.പി.ഐ.എം അനുഭാവികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ആരോപണം ഉന്നയിച്ചിരുന്നു. ബി.ജെ.പിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള ഒരു സംയുക്ത ഓപ്പറേഷന്റെ തുടക്കമാണെന്ന് സി.പി.ഐ.എം നേതാവ് പി. ജയരാജനും അഭിപ്രായപ്പെട്ടിരുന്നു.
കേരളത്തില്‍ ഇടത് വിരുദ്ധ ജ്വരമുണ്ടാക്കാന്‍ കോണ്‍ഗ്രസ് സഹായിക്കുന്നുവെന്നും പി. ജയരാജന്‍ ആരോപിച്ചിട്ടുണ്ട്. കേരളത്തെ സംഘപരിവാറിന് വിഴുങ്ങാനാവാത്തത് ഇടതുപക്ഷത്തിന്റെ ഉറച്ച നിലപാട് കാരണമാണ്. അതിനാല്‍ കേരളത്തില്‍ സി.പി.ഐ.എമ്മിനെ തകര്‍ക്കാനാണ് ബി.ജെ.പി നീക്കം. അതിനെ സഹായിക്കാന്‍ ഇടത് വിരുദ്ധ ജ്വരമുണ്ടാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നു. അതിന്റെ ഭാഗമാണ് ഈ റെയ്ഡെന്നാണ് പി. ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞത്.
Content Highlight: ED Raid at Pinarayi Vijayan’s Home: Kerala Minister PC Vishnunath on Allegations against Congress