കൊച്ചി: മുന്‍ നിലമ്പൂര്‍ എം.എല്‍.എയും യു.ഡി.എഫ് അസോസിയേറ്റ് അംഗവുമായ പി.വി. അന്‍വറിനെ ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
കൊച്ചിയിലെ കടവന്ത്രയിലുള്ള ഇ.ഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടന്നത്. ഇന്ന് (വ്യാഴം) രാവിലെ പത്തര മുതല്‍ പി.വി. അന്‍വറിനെ ഇ.ഡി ചോദ്യം ചെയ്ത് വരികയായിരുന്നു.
അന്‍വറിന്റെ ഡ്രൈവറെയും ചോദ്യം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ചോദ്യം ചെയ്യലിന് ഒടുവില്‍ പി.വി. അന്‍വറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ നിലവിൽ അന്‍വറിനെ ഇ.ഡി വിട്ടയച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് വിവരം.
2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ പി.വി അന്‍വറിന്റെ സ്വത്ത് വകകളില്‍ 50 കോടിയുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.
2016ല്‍ 14.38 കോടിയായിരുന്ന സ്വത്ത് 2021ഓടെ 64.14 കോടിയായി വര്‍ധിച്ചതായി പറയുന്നു. കുറഞ്ഞ കാലയളവിനുള്ളില്‍ ആസ്തി വര്‍ധിച്ചതിനെ കുറിച്ച് അന്‍വര്‍ കൃത്യമായ വിശദീകരണം നല്‍കിയിരുന്നില്ല.
വിജിലന്‍സിന് പിന്നാലെയാണ് അന്‍വറിനെതിരെ ഇ.ഡിയും കേസെടുത്തത്. ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ വായ്പാ തട്ടിപ്പിലാണ് കേസ്.
ഒരേ വസ്തുവെച്ച് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്ന് വ്യത്യസ്ത വായ്പകള്‍ വാങ്ങിയിട്ടുണ്ടെന്നാണ് ഇ.ഡി കണ്ടെത്തല്‍. നേരത്തെ അന്‍വറിന്റെ സ്ഥാപനങ്ങളിലുള്‍പ്പെടെ ആറിടത്ത് ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.
Content Highlight: ED questions PV Anvar in disproportionate assets case