| Saturday, 17th October 2026, 3:01 pm

പിണറായി വിജയന്റെ വീട്ടില്‍ സമന്‍സ് പതിപ്പിച്ച് ഇ.ഡി; മാസപ്പടി കേസില്‍ വിചിത്ര നടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ നോട്ടീസ് പതിപ്പിച്ച് ഇ.ഡി. തിരുവനന്തപുരത്തെ വാടക വീട്ടിലാണ് നോട്ടീസ് പതിപ്പിച്ചിരിക്കുന്നത്. സമന്‍സ് നല്‍കാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുകയായിരുന്നു. എന്നാല്‍ വീട്ടില്‍ ആളില്ലാതായതോടെ നോട്ടീസ് പതിച്ച് മടങ്ങുകയായിരുന്നു.

അടുത്ത ആഴ്ച നേരിട്ട് ഹാജരാവാനാണ് സമന്‍സിലെ നിര്‍ദേശം. സുപ്രീം കോടതി കേസ് പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ ഹാജരാവുന്ന കാര്യം പിന്നീട് തീരുമാനിക്കും. ഇ.ഡിയുടെ നീക്കം അസാധാരണമാണെന്ന് കാണിച്ച് സി.പി.ഐ.എം നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

പിണറായിക്കെതിരായ നീക്കം അന്യായമാണെന്ന് വി. ശിവന്‍കുട്ടി പറഞ്ഞു.
സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അടിയന്തരവാദം കേള്‍ക്കണെന്ന് പിണറായിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.

അവധിയായതിനാല്‍ 26 വരെ കേസ് കേള്‍ക്കാനാകില്ല. അതിനിടയില്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കുന്നത് പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഇന്നലെ അറിയിച്ചിരുന്നു. പ്രത്യേക ബെഞ്ചില്ലെങ്കില്‍ 26 ന് തന്നെ കേസ് പരിഗണിക്കും.

Content Highlight: ED pastes summons at Pinarayi Vijayan’s residence; a peculiar move in the ‘monthly payout’ case.

We use cookies to give you the best possible experience. Learn more