തിരുവനന്തപുരം: നയതന്ത്ര സ്വർണ്ണക്കടത്ത് കേസിന്റെ മറവിൽ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയ ഇ. ഡി ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ കേസെടുത്ത് ജയിലിലടയ്ക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി.
എൻഫോഴ്‌സ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനെതിരെയാണ് ക്രിമിനൽ കേസെടുക്കണമെന്നും ജയിലിലടക്കണമെന്നും വി.ശിവൻകുട്ടി ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വി. ശിവൻകുട്ടിയുടെ പ്രതികരണം.
ഗൗരവകരമായ കുറ്റകൃത്യത്തിനാണ് ഇയാൾ നേതൃത്വം നൽകിയതെന്നും മന്ത്രി പറഞ്ഞു.
സർവീസിൽ നിന്നും ഇദ്ദേഹത്തെ നീക്കിയത് സ്വാഗതാർഹമാണെങ്കിലും, കേവലം ഈ നടപടികൊണ്ട് തീരുന്ന കുറ്റമല്ല ഇയാൾ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ജനാധിപത്യ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത ഇയാളെ അഴിക്കുള്ളിലാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ഒരു ഉദ്യോഗസ്ഥൻ സ്വന്തം നിലയ്ക്ക് ഭരണഘടനാ പദവിയിലിരിക്കുന്നവർക്കെതിരെ ഇത്തരം വ്യാജ ആരോപണത്തിന് മുതിരില്ലെന്നും ഈ ഉദ്യോഗസ്ഥൻ ആരുടെ നിർദേശപ്രകാരമാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് കണ്ടുപിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇയാൾക്ക് പിന്നിൽ പ്രവർത്തിച്ച രാഷ്ട്രീയ യജമാനന്മാർ ആരാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയണമെന്നും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന സംഘപരിവാർ അജണ്ടയുടെ നടത്തിപ്പുകാരായിരുന്നു ഇത്തരം ഉദ്യോഗസ്ഥർ എന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കാലത്ത് എൽ.ഡി.എഫ് സർക്കാരിനെതിരെയുള്ള നുണപ്രചാരണങ്ങൾ തകർന്നെന്നും സത്യം എത്ര മൂടിവെച്ചാലും പുറത്തുവരും എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചനയ്ക്ക് പിന്നിലെ സൂത്രധാരന്മാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സമഗ്രമായ അന്വേഷണം വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Content Highlight: ED officer P. Radhakrishnan should be booked under criminal charges and sent to jail: V. Sivankutty