| Tuesday, 8th September 2026, 8:28 pm

പിണറായിക്കെതിരായ ഇ.ഡി നീക്കം: പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് എം.വി ഗോവിന്ദന്‍

അഞ്ജു ചന്ദ്രന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.

ഇ.ഡി നടപടിയെ പാര്‍ട്ടി രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ തീരുമാനിച്ചതായും സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം കൂടി വന്നശേഷം കൂടുതല്‍ മുന്നോട്ട്‌പോകാനാണ് സെക്രട്ടറിയേറ്റിന്റെ തീരുമാനമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ടി. വീണയ്‌ക്കെതിരെ സി.എം.ആര്‍.എല്‍ കരാറുമായി ബന്ധപ്പെട്ട് ഇ.ഡി നടത്തുന്ന അന്വേഷണങ്ങള്‍ മാധ്യമങ്ങളിലൂടെ ഇ.ഡി പുറത്ത് വിട്ടിരിക്കുകയാണ്. ഞങ്ങള്‍ മുമ്പ് ചൂണ്ടിക്കാണിച്ചതുപോലെ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇത് ചെയ്യുന്നത് എന്നതുമാത്രമല്ല, അന്വേഷണം പ്രതിപക്ഷ നേതാവ് പിണറായി വിജയനിലേക്ക് എത്തിക്കാന്‍ കഴിയുമോയെന്നു കൂടിയാണ് ഇവ വ്യക്തമാക്കുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അഴിമതി നിരോധന നിയമപ്രകാരം പിണറായി വിജയനെയും പി.എ മുഹമ്മദ് റിയാസിനെയും കേസില്‍ ചേര്‍ക്കണമെന്ന ഇ.ഡിയുടെ പുതിയ കത്ത്,’ഗോവിന്ദന്‍ പറഞ്ഞു.

സര്‍ക്കാറിന്റെ തുടര്‍നടപടികള്‍ കൂടി പരിശോധിച്ച് അതിനനുസരിച്ചുള്ള പ്രതിരോധത്തിലേക്ക് കടക്കാനാണ് പാര്‍ട്ടി തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നേരത്തെ തന്നെ എസ്.എഫ്.ഓയുടെ ഇടക്കാല റിപ്പോര്‍ട്ടില്‍ പിണറായിയുടെ പേര് സൂചിപ്പിക്കാനുള്ള വ്യാഖ്യാനം വന്നപ്പോള്‍ ഈ കേസ് എങ്ങോട്ടേക്കാണ് നീങ്ങുന്നതെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ആ സന്ദര്‍ഭത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു,’ ഗോവിന്ദന്‍ പറഞ്ഞു.

സി.എം.ആര്‍.എല്‍-എക്സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ച് ഇ.ഡി സംസ്ഥാന ഡി.ജി.പിക്ക് കത്ത് നല്‍കിയിരുന്നു.

മുഹമ്മദ് റിയാസിനെതിരെയും പിണറായിയുടെ മകള്‍ ടി. വീണക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനും ഇ.ഡിയുടെ കത്തില്‍ ആവശ്യപ്പെടുന്നു.

പിണറായി വിജയന്‍ സി.എം.ആര്‍.എല്ലില്‍നിന്ന് 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ഇ.ഡി നല്‍കിയ കത്തില്‍ പറയുന്നതായാണ് വിവരം. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം 66(2) വകുപ്പ് പ്രകാരമുള്ള കേസിലെ തെളിവുകളും ഇ.ഡി കൈമാറിയിട്ടുണ്ട്.

Content Highlights: ED move against Pinarayi: M.V. Govindan alleges political motive behind it.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more